• Mon. Sep 26th, 2022

24×7 Live News

Apdin News

അങ്കമാലി ഡീ പോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ ഫീസ് വർദ്ധനവിനെതിരെ രക്ഷകർത്താക്കൾ പ്രതിഷേധ സമരം നടത്തി

Byadmin

Sep 20, 2022


കൊച്ചി : അങ്കമാലി ഡീ പോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ ഫീസ്, സ്കൂൾ ബസ് ഫീസ് വർദ്ധനവുകൾക്കെതിരെ സ്കൂളിനു മുമ്പിൽ രക്ഷിതാക്കൾ സൂചനാ സമരം നടത്തി. പ്രതിഷേധ സമരം പിടിഎ പ്രസിഡന്റ് അഡ്വ. മാർട്ടിൻ ഡേവിസ് ഉദ്ഘാടനം ചെയ്തു. മുൻ പി. ടി. എ.പ്രസിഡന്റ് എ .സി .എൽദോ, എക്സിക്യൂട്ടീവ് അംഗങ്ങളായ  ബാബു ജേക്കബ്, പാർവതി, മഞ്ജു, രക്ഷാകർതൃ സമിതി അംഗങ്ങളായ  എ. വി. ഏലിയാസ്, ബിജു. എ.എസ്  തുടങ്ങിയവർ പ്രസംഗിച്ചു.

 കഴിഞ്ഞ ആറു മാസത്തിനുള്ളിൽ രണ്ട് പ്രാവശ്യമായി സ്കൂൾ ഫീസിൽ മുപ്പത്  ശതമാനം വർദ്ധനവും സ്കൂൾ ബസ് ഫീസിൽ അൻപത്  ശതമാനത്തോളവും  വർദ്ധനവുമാണ് വരുത്തിയിരിക്കുന്നത്. രണ്ട് കിലോമീറ്റർ  മാത്രം യാത്ര ചെയ്യുന്ന വിദ്യാർത്ഥിയിൽ നിന്നും 1350/- രൂപയാണ് ഇപ്പോൾ ഈടാക്കുന്ന സ്കൂൾ ബസ് ഫീസ്.

അതേസമയം സ്കൂളിൽ വിദ്യാർഥികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും വേണ്ടരീതിയിൽ ലഭ്യമാക്കുന്നില്ല. സ്കൂൾ ശുചി മുറികൾ  ശോച്യാവസ്ഥയിലാണ്. ഈ വിവരങ്ങൾ രക്ഷിതാക്കൾ പി. ടി. എ.ജനറൽ ബോഡിയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും പ്രിൻസിപ്പാൾ അനുമതി നിഷേധിച്ചു. തുടർന്ന് ഈ വിവരം രക്ഷിതാക്കൾ പി. ടി. എ.ഭാരവാഹികളെ അറിയിക്കുകയും  പി. ടി. എ. പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പാളുമായി ബന്ധപ്പെട്ട് പി. ടി. എ. എക്സിക്യൂട്ടീവ് യോഗം കൂടി വിവരങ്ങൾ രേഖാമൂലം മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. 

ഈ വിഷയങ്ങളിൽ അടിയന്തരമായി തീരുമാനം അറിയിക്കാമെന്ന്  പ്രിൻസിപ്പാൾ നൽകിയ ഉറപ്പിൻമേൽ രക്ഷിതാക്കൾ കാത്തിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് 400 ഓളം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഒപ്പിട്ട നിവേദനം പി. ടി. എ. പ്രസിഡന്റ് വഴി പ്രിൻസിപ്പാളിന് നൽകിയിരുന്നു. മറുപടി അറിയിക്കാമെന്ന് പി. ടി. എ. പ്രസിഡന്റിന് ഉറപ്പു നൽകിയെങ്കിലും അതിനും മറുപടി ലഭിച്ചില്ല. പി. ടി. എ.ഭാരവാഹികളോടുള്ള അവഗണനയെ തുടർന്ന്  പ്രസിഡന്റടക്കം മുഴുവൻ പി. ടി. എ.ഭാരവാഹികളും രാജിക്കത്ത് നൽകിയിരിക്കുകയാണ്.

നിരവധി രക്ഷിതാക്കൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുവാനാണ് രക്ഷിതാക്കളുടെ തീരുമാനം