ബെയ്‌റൂട്ട് > ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ 105 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം. ഇസ്രയേൽ കരയുദ്ധത്തിനൊരുങ്ങുകയാണെന്നും ലബനൻ അതിർത്തിക്ക് സമീപം സൈനിക ഉപകരണങ്ങളും വാഹനങ്ങളുമായി സൈന്യം നിലയുറപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. തലസ്ഥാനമായ ബൈറൂട്ടിൽ ഉൾപ്പെടെ ഏഴാം ദിവസമാണ് വ്യോമാക്രമണം തുടരുന്നത്.
ഹിസ്ബുള്ള സെൻട്രൽ കൗൺസിൽ ഉപമേധാവി നബീൽ ഖൗകിനെ ഇസ്രയേൽ സേന ശനിയാഴ്ച വധിച്ചു. ഹിസ്ബുള്ള തലവൻ ഹസൻ നസ്റുള്ളയെ വധിച്ചതിൽ രാജ്യത്തും പുറത്തും കനത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് മറ്റൊരു മുതിർന്ന നേതാവ് കൂടി ബൈറൂട്ടിൽ കൊല്ലപ്പെട്ടത്. ഹിസ്ബുള്ള ബദർ വിഭാഗം കമാൻഡർ അബൂ അലി റിദയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു.
യമനിൽ ഹൂതി ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഹുദൈദ, റാസ് ഇസ നഗരങ്ങളിലെ ഊർജ നിലയങ്ങളിലും തുറമുഖങ്ങളിലും ആക്രമണമുണ്ടായി. നാല് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണം.
ഗാസ മുനമ്പിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഞായറാഴ്ചയും മുപ്പതോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗാസയിൽ ഒക്ടോബർ മുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 41,595 പേർ കൊല്ലപ്പെടുകയും 96,251 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ