
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 34.3 ഓവറില്‍ 108 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 21-ാം ഓവറില്‍ വിജയ റണ്ണെടുത്തു. ചൊവ്വാഴ്ച ഇന്‍ഡോറില്‍ നടക്കുന്ന പരമ്പരയിലെ അവസാനത്തേതും മൂന്നാമത്തേതുമായ ഏകദിനം അപ്രസക്തമായി.
ഷഹീദ് വീര്‍ നാരായണ്‍ സിങ് സ്റ്റേഡിയത്തിലെ കന്നി രാജ്യാന്തര ഏകദിനമാണു നടന്നത്. പിച്ചില്‍ മുന്പരിചയമില്ലാതെയാണു ടീമുകള്‍ ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്ക് അതുകൊണ്ടു തന്നെ ആശയക്കുഴപ്പവുമുണ്ടായി. രോഹിത് രണ്ടും കല്‍പ്പിച്ച് ന്യൂസിലന്‍ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഭാഗ്യം അനുകൂലമായിരുന്നതിനാല്‍ മുഹമ്മദ് ഷമി എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീണു. അഞ്ച് പന്തുകള്‍ നേരിട്ട ഫിന് അലനെ (0) ഷമി ബൗള്‍ഡാക്കി. അലനെതിരേ ഷമിയുടെ ആദ്യ മൂന്ന് പന്തുകളും ഔട്ട് സ്വിങറുകളായിരുന്നു. അടുത്തത് നേരെയും. അഞ്ചാമത്തെ പന്ത് ന്യൂസിലന്‍ഡ് ഓപ്പണറുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് അകത്തേക്കു വന്നു. പാഡില്‍ ഉരസി കടന്ന പന്ത് സ്റ്റമ്പ് തെറുപ്പിച്ചു. ഹെന്റി നികോള്സിനായിരുന്നു അടുത്ത നിയോഗം. 20 പന്തുകളില്‍നിന്നു രണ്ട് റണ്‍ മാത്രം നേടിയ നികോള്‍സിനെ മുഹമ്മദ് സിറാജ് ശുഭ്മന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. കൃത്യമായ ലെങ്ത് കാത്തുസൂക്ഷിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ന്യൂസിലന്‍ഡ്
മുന്‍നിര ചീട്ടുകൊട്ടാരമായി. 11 -ാം ഓവര്‍ ആയപ്പോള്‍ അവര്‍ അഞ്ചിന് 15 റണ്ണെന്ന നിലയില്‍ വിയര്‍ത്തു. ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയെ (16 പന്തില്‍ ഏഴ്) ഹാര്‍ദിക് പാണ്ഡ്യ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. കോണ്‍വേയുടെ ഡ്രൈവിനു ലക്ഷ്യം തെറ്റി. മുന്നിലേക്കു വന്ന പന്തിനെ മുന്നോട്ടു ഡൈവ് ചെയ്ത പാണ്ഡ്യ ഇടതു കൈയില്‍ ഒതുക്കി. ഡാരില്‍ മിച്ചലിനെ (മൂന്ന് പന്തില്‍ ഒന്ന്) ഷമിയും സ്വന്തം ബൗളിങ്ങില്‍ പിടികൂടി. നായകന് ടോം ലാതവും (17 പന്തില്‍ ഒന്ന്) പിടിച്ചു നില്‍ക്കാതെ മടങ്ങി. ശാര്‍ദൂല്‍ ഠാക്കൂറിന്റെ പന്തില്‍ ഗില്ലിനു പിടികൊടുത്താണു ന്യൂസിലന്‍ഡ് നായകന് ക്രീസ് വിട്ടത്.
ഗ്ലെന്‍ ഫിലിപ്സ് (52 പന്തില്‍ 36), മൈക്കല്‍ ബ്രേസ്വെല് (30 പന്തില്‍ 22), മിച്ചല്‍ സാന്റ്നര്‍ (27) എന്നിവരുടെ ഇന്നിങ്സുകളാണു ന്യൂസിലന്‍ഡ് സ്കോര്‍ 100 കടത്തിയത്. ആറാം വിക്കറ്റില്‍ ഫിലിപ്സും ബ്രേസ്വെല്ലും ചേര്‍ന്ന് 41 റണ്‍ കൂട്ടിച്ചേര്‍ത്തു. ബ്രേസ്വെല് പുറത്തായ ശേഷം സാന്റ്നറെ കൂട്ടുപിടിച്ച് ഫിലിപ്സ് 47 റണ്‍ കൂട്ടിച്ചേര്‍ത്തു. ഒന്നാം ഏകദിനത്തില്‍ 57 പന്തില്‍ സെഞ്ചുറിയടിച്ച ബ്രേസ്വെല്ലിനെ ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് പിടികൂടി. സാന്റ്നറിനെ പാണ്ഡ്യ ബൗള്‍ഡാക്കി. ടോപ് സ്കോറര്‍ ഗ്ലെന്‍ ഫിലിപ്സിനെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ സൂര്യകുമാര്‍ യാദവ് കൈയിലൊതുക്കി. ഇന്ത്യന്‍ നിരയില്‍ എറിഞ്ഞവരെല്ലാം വിക്കറ്റെടുത്തു. ആറ് ഓവറില്‍ 18 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് അവരില്‍ കേമനായത്. പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റ് വീതവുമെടുത്തു. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. 109 റണ്ണെടുക്കാനിറങ്ങിയ ഇന്ത്യക്കു നായകന് രോഹിത് ശര്‍മയും (50 പന്തില്‍ രണ്ട് സിക്സറും ഏഴ് ഫോറുമടക്കം 51) ശുഭ്മന്‍ ഗില്ലും (53 പന്തില്‍ പുറത്താകാതെ 40) മികച്ച തുടക്കം നല്കി. ഇന്ത്യന്‍ സ്കോര്‍ പത്താം ഓവറില്‍ 50 കടന്നു. 47 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ച രോഹിതാണു കൂടുതല്‍ ആക്രമിച്ചത്. ഇന്ത്യ 72 ല്‍ നില്‍ക്കേ ഹെന്റി ഷിപ്ലെ രോഹിതിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി. പിന്നാലെ വന്ന വിരാട് കോഹ്ലി പെട്ടെന്നു ലക്ഷ്യത്തിലെത്താനുള്ള തിടുക്കത്തില്‍ വിക്കറ്റ് കളഞ്ഞു. ഒന്‍പത് പന്തില്‍ 11 റണ്ണെടുത്ത കോഹ്ലിയെ സാന്റ്നറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാതം സ്റ്റമ്പ് ചെയ്തു. ഗില്ലിനു കൂട്ടായെത്തിയ ഇഷാന് കിഷന് (ഒന്‍പത് പന്തില്‍ എട്ട്) കൂടുതല്‍ നഷ്ടങ്ങള്‍ കൂടാതെ ഇന്ത്യയെ ജയത്തിലെത്തിച്ചു. മികച്ച ബൗളിങ് പുറത്തെടുത്ത മുഹമ്മദ് ഷമിയാണു മത്സരത്തിലെ താരം.