മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന്റെ കൊമ്പന്മാര്ക്ക് തോൽവി. എഫ്സി ഗോവയോട് ഒന്നിനെതിരേ മൂന്നു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ഇക്കര്‍ ഗ്വരോക്സേന (35), നോവ സദൂയ് (43), റെഡീം തലാങ് (69) എന്നിവരാണ് ഗോവയ്ക്കായി ഗോള്‍ നേടിയത്. 51ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടിയത്. മുംബൈ സിറ്റി എഫ്സിക്ക് എതിരെ അവരുടെ നാട്ടിലേറ്റ 4-0 തോല്‍വിക്കു പിന്നാലെ ജയം പ്രതീക്ഷിച്ച് കളത്തില്‍ ഇറങ്ങിയ കേരളത്തിന്റെ തോല്‍വി ടീമിനു ആശങ്കയാണ്. ഇനിയുള്ള മത്സരങ്ങളില്‍ ഭൂരിപക്ഷവും എവേ മൈതാനത്ത് ആയതിനാല്‍ ഓരോ മത്സരവും ബ്ലാസ്റ്റേഴ്സിനു നിര്‍ണായകമാണ്. 29ന് കൊച്ചിയില്‍ വച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം.
ആദ്യ ഗോള്‍ പിറന്നത് 35ാം മിനിറ്റില്‍. പെനല്‍റ്റിയിലൂടെയാണ് ഗോവ അക്കൗണ്ട് തുറന്നത്. ഗോവയുടെ മധ്യനിര താരം ബര്നോഡന് ഫെര്‍ണാണ്ടസിനെ ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ഡല് പെനല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്തതിനാണ് റഫറി പെനല്‍റ്റി അനുവദിച്ചത്. എന്നാല്‍, ബര്നോഡന് സ്വന്തം കാലില്‍ തന്നെ തട്ടിയാണ് വീണതെന്ന് റീപ്ലേയില്‍ വ്യക്തമായിരുന്നു. ഗോവയ്ക്കായി പെനല്‍റ്റി കിക്കെടുത്ത ഇക്കര്‍ ഗ്വരോക്സേന അനായാസം പന്ത് വലയിലെത്തിച്ചു.
ഗോള്‍ വഴങ്ങിയതിനു ശേഷം ബ്ലാസ്റ്റേഴ്സ് ശ്രദ്ധയോടെ കളിച്ചു. ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആദ്യ പകുതിയുടെ 43 ാം മിനിറ്റിൽ ഗോവയുടെ രണ്ടാം ഗോളെത്തി. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയുടെ പിഴവില്‍ നിന്നും നോഹ സദൂയ് ആണ് ഗോള്‍ നേടിയത്. ഗോവന്‍ പ്രതിരോധതാരം അന്‍വര്‍ അലി നീട്ടി നല്കിയ പന്ത് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം സന്ദീപ് സിങ് ഹെഡ് ചെയ്ത് ഗോളിയിലേക്ക് എത്തിക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍, വിചാരിച്ചതിലും പതുക്കെയുള്ള ഹെഡര്‍ ആയിരുന്നു അത്. പന്ത് നേരെ നോഹയുടെ കാലില്‍. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തേയും കീപ്പറേയും കീഴടക്കി നോഹ പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ 51ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരമായ ദിമിത്രിയോസ് ഡയമന്റകോസ് മനോഹരമായ ഹെഡറിലൂടെ ഗോൾ മടക്കി. അഡ്രിയാന്‍ ലൂണയെടുത്ത ഫ്രീകിക്കിൽ നിന്നായിരുന്നു ദിമിത്രിയോസിന്റെ ഗോൾ.
ഒരു ഗോള്‍ മടക്കിയതോടെ ബ്ലാസ്റ്റേഴ്സ് കൂടുതല്‍ ആവേശത്തോടെ പന്തുതട്ടി. മികച്ച ചില അവസരങ്ങള്‍ വന്നെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാൽ 69ാം മിനിറ്റില്‍ റെഡീം തലാങ് ഗോവയുടെ മൂന്നാം ഗോൾ നേടി. പിന്നീട്, പകരക്കാരെ കളത്തിലിറക്കി മല്‍സരത്തിലേക്ക് തിരിച്ചു വരാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഇതു ലക്ഷ്യം കണ്ടില്ല.