തിരുവനന്തപുരം: ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദിനമെത്തി. മിനി മൂണ്‍ ഇന്നുമുതല്‍ ഭൂമിയെ ഭ്രമണം ചെയ്യും. ചന്ദ്രന് കൂട്ടായി രണ്ടുമാസക്കാലം. പിടി5 ഛിന്നഗ്രഹം ഭൂമിയെ വലംവെക്കുന്ന മിനി മൂണ്‍ പ്രതിഭാസം 2024 സെപ്റ്റംബര്‍ 29ന് ആരംഭിക്കുകയാണ്. നവംബര്‍ 25 വരെ 2024 പിടി5 ചന്ദ്രനെ പോലെ ഭൂമിയെ ചുറ്റും.
‘അര്‍ജുന’ എന്ന ഛിന്നഗ്രഹ ബെല്‍റ്റിലെ അംഗമാണ്. ഇതിനെ ഭൂമിയുടെ ഗുരുത്വാകര്‍ഷണം ഭ്രമണപഥത്തിലേക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഭൂമിയെ ചുറ്റിത്തിരിയാന്‍ കുഞ്ഞന്‍ ഛിന്നഗ്രഹം സജ്ജമാകുന്നത്. 37 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം അതിന്റെ യഥാര്‍ഥ ഭ്രമണപഥമായ അര്‍ജുന ഛിന്നഗ്രഹ ബെല്‍റ്റിലേക്ക് നവംബര്‍ 25ഓടെ മടങ്ങിപ്പോകും. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള ബഹിരാകാശ പാറകള്‍ കൊണ്ട് നിര്‍മിതമായ ദ്വിതീയ ഛിന്നഗ്രഹ വലയത്തെയാണ് അര്‍ജുന എന്ന് വിളിക്കുന്നത്.
എന്നാല്‍ സാധാരണയായി സൂര്യനെ വലംവയ്‌ക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥം പൂർണമായും പൂർത്തിയാക്കില്ല.
നിയര്‍ എര്‍ത്ത് ഒബ്‌ജെക്‌ട്‌സ് (NEOs) എന്ന പ്രതിഭാസത്തിന്റെ ഭാഗമായാണ് ആസ്റ്ററോയിഡ് 2024 പിടി5 പോലെയുള്ള വസ്‌തുക്കള്‍ ഭൂമിക്കരികിലെത്തുന്നത്. ഇത്തരം ഛിന്നഗ്രഹങ്ങള്‍ക്ക് ഭൂമിയോടുള്ള ദൂരക്കുറവും താരതമ്യേന കുറഞ്ഞ വേഗതയുമാണ് ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ സ്വാധീനിക്കപ്പെടാൻ ഇടയാക്കുന്നതെന്ന് അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം വിശദീകരിക്കുന്നു.
NEOകൾ ഭൂമിയോട് അടുത്ത് വരികയും ഒരു ‘ഹോഴ്‌സ്ഷൂ’ പാത പിന്തുടരുകയും ചെയ്യുമ്പോഴാണ് ഈ മിനി മൂൺ പ്രതിഭാസങ്ങൾ സംഭവിക്കുന്നത്. അതേസമയം ആസ്റ്ററോയിഡ് 2024 പിടി5 എന്നത്തെ ഛിന്നഗ്രഹത്തിനെ നഗ്നനേത്രങ്ങൾ കൊണ്ടോ മിക്ക അമേച്വർ ദൂരദർശിനികൾ കൊണ്ടോ കാണാൻ കഴിയില്ല. ഛിന്നഗ്രഹം വളരെ മങ്ങിയതായിരിക്കും എന്നതിനാലാണിത്. ഭൂമിക്ക് സമീപമുള്ള വസ്‌തുക്കളുടെ സ്വഭാവത്തെക്കുറിച്ചും ഭൂമിയുടെ ഗുരുത്വാകർഷണം അവയുടെ ചലനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും വിശദമായ പഠനം നടത്താന്‍ ഈ ഛിന്നഗ്രഹം സഹായിക്കും.
ഇതാദ്യമായല്ല ഭൂമിയിൽ ഇത്തരത്തിലൊരു മിനി മൂൺ സാന്നിധ്യമുണ്ടാകുന്നത്. 2022 NX1 എന്ന ഛിന്നഗ്രഹത്തെ 1981ലും 2022ലും കണ്ടെത്തിയിരുന്നു. ഇത്തരം മിനി മൂണ്‍ ബഹിരാകാശ പര്യവേക്ഷണത്തിന് സഹായകമാണ്. 2024 PT5 എന്ന ഛിന്നഗ്രഹവും ഇത്തരത്തില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം സംബന്ധിച്ച് പഠനത്തിന് സഹായകരമാകുമെന്നാണ് ശാസ്‌ത്രലോകം വിലയിരുത്തുന്നത്.