• Fri. Sep 22nd, 2023

24×7 Live News

Apdin News

ഇന്ന് വിശ്വകര്‍മ്മദിനം: വൈഭവ ഭാരതത്തിന് തൊഴിലാളി മുന്നേറ്റം

Byadmin

Sep 17, 2023



അഡ്വ: പി.മുരളീധരന്‍
ബി.എം.എസ്.സംസ്ഥാന സെക്രട്ടറി

വിശ്വകര്‍മ്മജയന്തി ദിനം ദേശീയ തൊഴിലാളിദിനമായാണ് ബിഎംഎസ്. ആചരിച്ചുവരുന്നത്. അധ്യാത്മികരാജ്യമായ ഭാരതത്തില്‍ വിശ്വകര്‍മ്മാവിന് മഹത്തായ സ്ഥാനമാണുള്ളത്. തൊഴിലിന്റെ ദേവനാണ് വിശ്വകര്‍മ്മാവ്. അഷ്ടവസുക്കളില്‍ എട്ടാമനായ പ്രഭാസന്റേയും ദേവഗുരു ബ്രഹസ്പതിയുടെ സഹോദരീ വരസ്ത്രീയുടെയും മകനാണ് അദ്ദേഹം. അസാമന്യ ബുദ്ധി ശക്തിയുള്ള വിശ്വകര്‍മ്മാവിന് സകല ശാസ്ത്രങ്ങളിലും അസാമാന്യ പ്രാവീണ്യം ഉണ്ടായിരുന്നു. ശ്രീകൃഷ്ണനുവേണ്ടി ദ്വാരകയും, ഇന്ദ്രന്റെ ദേവലോകം, പാണ്ഡവരുടെ ഹസ്തിനപുരി, ഇന്ദ്രപ്രസ്ഥം, ലങ്ക എന്നിവ പണിതതും വിശ്വകര്‍മ്മാവാണ്. മഹാവിഷ്ണുവിന്റെ സുദര്‍ശന ചക്രം, സുബ്രഹ്മണ്യന്റെ വേല്, ഇന്ദ്രന്റെ വജ്രായുധം എന്നിവ നിര്‍മ്മിച്ചത് വിശ്വകര്‍മ്മാവാണ്. സ്വന്തം മകന്‍ ധര്‍മ്മപാതയില്‍ നിന്ന് വ്യതിചലിച്ച് അധര്‍മ്മപ്രവൃത്തിയിലേക്ക് നീങ്ങിയപ്പോള്‍ അവനെ വധിക്കാന്‍ ആയുധം നിര്‍മ്മിച്ചു നല്‍കിയത് വിശ്വകര്‍മ്മാവാണ്. തന്റെ മകനായ വൃത്രാസുരന്‍ ദേവലോകം കീഴടക്കി അധര്‍മ്മ പാതയിലേക്ക് നീങ്ങിയപ്പോള്‍ അവനെ വധിക്കാന്‍ ദധീചി മഹര്‍ഷി തന്റെ എല്ലുകള്‍ ദാനം ചെയ്യുകയും ജീവന്‍ മുക്തമാക്കുകയും ആ എല്ല് ഉപയോഗിച്ച് വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച വജ്രായുധം കൊണ്ടാണ് വൃത്രാസുരനെ വധിച്ചത്. അധര്‍മ്മിയായ മകന്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ചെയ്തപ്പോള്‍ പുത്ര വാത്സല്യവും, ദയയും നല്‍കാതെ വകവരുത്തുവാന്‍ വിശ്വകര്‍മ്മാവ് സഹായിച്ചു. തൊഴിലിന്റെ അടിസ്ഥാന ദേവനായ വിശ്വകര്‍മ്മാവിനെ തൊഴില്‍ ദേവനായി ഭാരതത്തിലെ തൊഴിലാളികള്‍ ആരാധിക്കുന്നു.

ഭാരതത്തില്‍ വിദ്യാദേവതയായി സരസ്വതിയേയും വിഘ്‌നേശ്വരനായി ഗണപതിയേയും ആരാധിക്കുന്നതുപോലെ വിശ്വകര്‍മ്മാവിനെ തൊഴിലാളികള്‍ തൊഴില്‍ ദേവനായി ആരാധിക്കുന്നു. സെപ്തംബര്‍ 17 വിശ്വകര്‍മ്മദിനം, ദേശീയതൊഴിലാളി ദിനമായും പൊതുഅവധിയായും പ്രഖ്യാപിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെടുന്നു.

ഈ വര്‍ഷം വിശ്വകര്‍മ്മജയന്തി ദിനത്തില്‍ പിഎം വിശ്വകര്‍മ്മ എന്ന പദ്ധതി നിലവില്‍ വരുകയാണ്. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പരിപാടിയിലാണ് ഈ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഭാരതത്തിലെ പരമ്പരാഗത മേഖലയിലെ 18 വിഭാഗം തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പരമ്പരാഗത മേഖലയില്‍ പ്രാവിണ്യം തെളിയിച്ച തൊഴിലാളികള്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണിതാക്കളായി പരിപാടിയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും 4 പേര്‍ക്കാണ് അവസരം ലഭിച്ചത്. സെപ്തംബര്‍ 17ന് ഡല്‍ഹിയില്‍ വെച്ച് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമയത്തു തന്നെ വിവിധ സംസ്ഥാനങ്ങളിലും ഔദ്യോഗികമായി തൊഴിലാളികള്‍ക്കുവേണ്ടി പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം നടക്കുകയാണ്. കേരളത്തില്‍ തിരുവനന്തപുരത്തും, എറണാകുള ത്തും പി.എം.വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടന സമ്മേളനങ്ങള്‍ തൊഴിലാളികള്‍ക്ക് ആത്മവിശ്വാസവും, ഊര്‍ജവും പകരുന്നു. കേന്ദ്രമന്ത്രിമാരാണ് പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. അവഗണിക്കപ്പെടുന്ന ഭാരതത്തിലെ പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് വലിയ ആത്മവിശ്വാസവും, സുരക്ഷിതത്വവും നല്‍കാന്‍ ഈ വിശ്വകര്‍മ്മജയന്തിയിലൂടെ കേന്ദ്രസര്‍ക്കാറിന് സാധിച്ചത് അഭിനന്ദാര്‍ഹമാണ്.
ആശാരിമാര്‍,സ്വര്‍ണ്ണപണിക്കാര്‍, കല്‍പ്പണിക്കാര്‍, ഇരുമ്പ്പണിക്കാര്‍, ശില്പിമാര്‍, ബോട്ടുനിര്‍മ്മിക്കുന്നവര്‍, തയ്യല്‍കാര്‍, മീന്‍വല നിര്‍മ്മിക്കുന്നവര്‍, മണ്‍പാത്രനിര്‍മ്മാണം, ബാര്‍ബര്‍മാര്‍, തുകല്‍/ പാദരക്ഷ പണിക്കാര്‍, അലക്കുകാര്‍, കൊട്ട, പായ, ചൂല് നിര്‍മ്മാതാക്കള്‍, പാവകള്‍ ഉണ്ടാക്കുന്നവര്‍, പൂവ് നിര്‍മ്മാതാക്കള്‍ തുടങ്ങി 18 വിഭാഗം തൊഴിലാളികളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഭാരതം ഇന്ന് ലോകത്തിലെ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമായി മാറികഴിഞ്ഞിരിക്കുന്നു. സമ്പദ് വ്യവസ്ഥയില്‍ പത്താംസ്ഥാനത്തായിരുന്നതും ആരും പരിഗണിക്കാത്തതുമായ ഭാരതം ഇന്ന് അഞ്ചാം സാമ്പത്തിക ശക്തിയായി മാറി. ഭാരതം ഒരു യുഗ പരിവര്‍ത്തനത്തിന് നാന്ദികുറിച്ചിരിക്കുകയാണ്. ലോക ബാങ്കിന്റെ കണക്കനുസരിച്ച് 2023 ല്‍ 6 മുതല്‍ 8 % വരെ ജിഡിപി വളര്‍ച്ച ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. ബ്രിട്ടനെ പിന്‍തള്ളി ഭാരതം അഞ്ചാം സാമ്പത്തിക ശക്തിയായി. രാജ്യത്തെ ആഭ്യന്തര ഉദ്പാദന വളര്‍ച്ചയില്‍ തൊഴിലാളികളുടെ സംഭാവന ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ബിഎംഎസിന്റെ അഖിലേന്ത്യാ സമ്മേളനം ഇക്കഴിഞ്ഞ ഏപ്രില്‍മാസം 7,8,9 തിയതികളില്‍ പാറ്റ്‌നയില്‍ ചേര്‍ന്നപ്പോള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയോടൊപ്പം തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തേണ്ട കാര്യം ഊന്നി പറയുന്നു. അഖിലേന്ത്യാ സമ്മേളനത്തില്‍ മിനിമം വേതനമല്ല തൊഴിലാളികള്‍ക്ക് വേണ്ടത്, അതിന് പകരം ലിവിംഗ് വേജസ് നടപ്പാക്കണമെന്നും സാമൂഹ്യസുരക്ഷാപദ്ധതി എല്ലാവര്‍ക്കും നടപ്പാക്കണമെന്നും, കരാര്‍ തൊഴിലാളി നിയമങ്ങളില്‍ കാതലായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണമെന്നും സാമ്പത്തിക വികസനത്തിന് ദേശീയ തൊഴില്‍ നയം രൂപീകരിക്കണമെന്നുമുള്ള ആവശ്യം പ്രമേയത്തിലൂടെ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇന്ത്യയിലെ ഒരു ട്രേഡ് യൂണിയനുകളും ആവശ്യപ്പടാത്തതും, ചര്‍ച്ചചെയ്യപ്പെടാത്തതുമായ തൊഴിലാളികളുടെ ഉന്നമനത്തിനുള്ള മഹത്തായ ആവശ്യങ്ങളാണ് ബിഎംഎസ് സര്‍ക്കാറിന്റെ മുന്‍പാകെ വച്ചിട്ടുള്ളത്. ഭാരതത്തിലെ സംഘടിത മേഖലയിലും, അസംഘടിത മേഖലയിലും ജോലിചെയ്യുന്ന കോടികണക്കിന് തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ ഉയര്‍ച്ചയ്‌ക്കും ബിഎംഎസ് മുന്നോട്ടുവെച്ച ആശയങ്ങള്‍ക്ക് സാധിക്കും. ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ് എല്ലാ പ്രതിസന്ധിഘട്ടത്തിലും തൊഴിലാളികളെ അണിനിരത്തി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. കൊറോണ കാലത്ത് ബിഎംഎസിന്റെ മുഴുവന്‍ ഓഫീസുകളും ഹെല്‍പ്പ്ഡസ്‌ക്കുകളായി പ്രവര്‍ത്തിച്ചു. തൊഴിലാളികളില്‍ നിന്നും എല്ലാ വര്‍ഷവും സേവാനിധിയിലൂടെ സമാഹരിക്കുന്ന സംഖ്യ ബിഎംഎസ് സേവാട്രസ്റ്റിലൂടെ നിര്‍ധനരും, നിരാലംബരും, കിടപ്പുരോഗികളുമായ തൊഴിലാളികളെ സഹായിക്കാനുപയോഗിക്കുന്നു. കൊറോണകാലത്ത് 2 കോടിരൂപ കേരളത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി.

ജി20 യുടെ അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതിലൂടെ ലോകരാജ്യങ്ങള്‍ക്ക് ഭാരതം നേതൃത്വം നല്‍കുകയാണ്. ലോകത്തെ ട്രേഡ് യൂണിയനുകളുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഏത് തൊഴിലാളി സംഘടന മുന്നോട്ടുവരും എന്നുള്ളത് ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെയാണ് വീക്ഷിച്ചിരുന്നത്. എന്നാല്‍ ലോകത്തെ ഏറ്റവും അംഗബലമുള്ള ഭാരതീയ മസ്ദൂര്‍ സംഘം ലേബര്‍20 യുടെ അദ്ധ്യക്ഷപദവിയിലേക്കും വന്നു. ഭാരതത്തിലാകമാനം 200 ല്‍ പരം പരിപാടികളാണ് എല്‍20 യുടെ ഭാഗമായി ബിഎംഎസിന്റെ നേതൃത്വത്തില്‍ നടത്താന്‍ സാധിച്ചത്. കേരളത്തില്‍ ദൃഷ്ടി 2022 പരിപാടി കേരളത്തിലെ സ്ത്രീതൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികളും ചൂഷണങ്ങളും ചര്‍ച്ചചെയ്യപ്പെട്ടു. പൂട്ടികിടക്കുന്ന വ്യവസായങ്ങളിലെ തൊഴിലാളികളുടെ ഉന്നമനത്തിനും, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ബിഎംഎസ് ദേശീയ പ്രസിഡന്റ് ഹിരണ്‍മയ് പാണ്ഡെയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിനു നല്‍കിയിട്ടുണ്ട്.

2014 ല്‍ ‘എല്ലാം ശരിയാക്കിതരും’ എന്നുപറഞ്ഞ് അധികാരത്തില്‍ എത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ തൊഴിലാളി ദ്രോഹ നടപടിയുമായി മുന്നോട്ടു പോവുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഇടപെടേണ്ട സാഹചര്യമാണുള്ളത്. ജോലിസമയം വിവിധ വകുപ്പുകളില്‍ 12 മണിക്കൂറാക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം ബിഎംഎസ്സിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പില്‍ വരുത്തുന്നതില്‍നിന്നും ഇടതുസര്‍ക്കാര്‍ പിന്‍വാങ്ങിയിരിക്കുകയാണ്. ജോലിസമയം 8 മണിക്കൂറായതിന്റെ സ്മരണപുതുക്കി എല്ലാ വര്‍ഷവും മെയ് 1 തൊഴിലാളിദിനമായി ആചരിക്കുന്ന ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ജോലിസമയം 12 മണിക്കൂറാക്കാന്‍ ശ്രമിച്ചപ്പോള്‍ മൗനത്തിലായിരുന്നു. അധികാരത്തില്‍ വന്നാലുടന്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയത് പിന്‍വലിക്കും എന്നു പറഞ്ഞ സര്‍ക്കാര്‍ നാളിതുവരെ അത് പിന്‍വലിക്കാന്‍ തയ്യാറായില്ല. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇടതുസര്‍ക്കാര്‍ തള്ളിവിട്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്കുള്ള ക്ഷേമപെന്‍ഷന്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ എന്നിവ മാസങ്ങളായി നല്‍കാന്‍ ബാക്കിവെച്ചത് തൊഴില്‍ മേഖലയേയും, തൊഴിലാളികളേയും ദുരിതത്തിലാക്കി. സംസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുകയാണ്. മദ്യ, ലഹരി, മാഫിയകളുടെ അഴിഞ്ഞാട്ടം ജനജീവിതം ദുസ്സഹമായിരിക്കുന്നു. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും നേരെയുള്ള അക്രമം സര്‍വ്വകാലറെക്കോര്‍ഡായി മാറിയിരിക്കുന്നു.

2025ല്‍ ഭാരതീയ മസ്ദൂര്‍ സംഘം 70-ാം വയസ്സിലേക്ക് കടക്കുകയാണ്. കേരളത്തിലും ബിഎംഎസ് ഒന്നാം സ്ഥാനത്തേക്ക് വരേണ്ടത് തൊഴിലാളികളുടെ ആവശ്യമാണ്. തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതെ പുറംതിരിഞ്ഞു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സും തൊഴിലാളി ദ്രോഹ നടപടികളുമായാണ് മുന്നോട്ടു പോകുന്നത്. ബിഎംഎസ്സിനു മാത്രമേ തൊഴിലാളികള്‍ക്ക് നേതൃത്വം നല്‍കാന്‍ സാധിക്കുകയുള്ളൂ. കാവിപതാക ഏന്തിയ തൊഴിലാളികളാണ് വരും നാളുകളില്‍ കേരളത്തെ നയിക്കാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല.

 

By admin