• Sun. Sep 8th, 2024

24×7 Live News

Apdin News

എല്‍.ഡി.എഫില്‍ ‘പവര്‍ഗ്രൂപ്പ്’; സര്‍ക്കാരിനെതിരെ സ്വതന്ത്ര എംഎല്‍എമാരുടെ പടയൊരുക്കം. – Chandrika Daily

Byadmin

Sep 4, 2024


 മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സര്‍ക്കാരിനും ഇപ്പോള്‍ നല്ലകാലമല്ല എന്നുറപ്പ്. മുഖ്യനെയും കൂട്ടരെയും പിടിച്ചുകുലുക്കുന്നത് ഒരു പവര്‍ ഗ്രൂപ്പ് എന്ന് തന്നെ പറയേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്തരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പി.വി അന്‍വറിന്‍റെ വെളിപ്പെടുത്തലുകള്‍ക്കൊപ്പം പാര്‍ട്ടിയുടെ സ്വതന്ത്ര എംഎല്‍എമാരുടെ കൂട്ടായ്മയും സിപിഎമ്മില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട ശേഷം പി വി അന്‍വര്‍ പറഞ്ഞത് താനൊരു സഖാവായതിനാല്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ പോരാട്ടം നടത്തുന്നു എന്നായിരുന്നു.

പി.വി. അന്‍വറിന് പിന്നാലെ പിന്തുണയുമായി തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെ.ടി. ജലീലും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി വലിയ അടുപ്പമുള്ള ജലീല്‍ എങ്ങനെ അന്‍വറിനൊപ്പം പടയാളിയായിച്ചേര്‍ന്നുവെന്നാണ് പ്രധാന ചോദ്യം. സിപിഎം സ്വതന്ത്രനായി വിജയിച്ച കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖാവട്ടെ, അന്‍വറിന്‍റെ ആരോപണം ഏറ്റുപിടിച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ രൂക്ഷമായി വിമര്‍ശിക്കുകയുംചെയ്തു.

ഇവ കേവലമൊരു ആരോപണം മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍ സിപിഎമ്മിലെ പാളയത്തില്‍ പടയായി വിലയിരുത്തപ്പെടുമ്പോള്‍ പാര്‍ട്ടി സ്വതന്ത്രരുടെ ഈ സഖ്യത്തിന്‍റെ ലക്ഷ്യം വ്യക്തമായിട്ടില്ല. ഇന്നലെ അന്‍വര്‍ കൂടിക്കാഴ്ചയ്‌ക്കെത്തും മുന്‍പ് കെ ടി ജലീല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മടങ്ങിയിരുന്നു. ജലീലിന്‍റെ വരവിന്‍റെ ഉദ്ദേശ്യം വ്യക്തമല്ല. അന്‍വറിന്‍റെ ആരോപണങ്ങള്‍ക്കു പിന്നാലെ, മറ്റെന്തെങ്കിലും വിവരങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുമായി പങ്കുവെച്ചിട്ടുണ്ടോയെന്നും അറിവായിട്ടില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നായിരുന്നു ജലീലിന്റെ പ്രഖ്യാപനം. അതും പാര്‍ലമെന്‍ററി മോഹമില്ലാതെ പോരാട്ടം.

എന്തായാലും അന്‍വറിന്‍റെ വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ സിപിഎമ്മിലെ പവര്‍ ഗ്രൂപ്പുണ്ടെന്ന് തന്നെയാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ ഉള്‍പ്പെടെ ഉന്നമിട്ട ആരോപണങ്ങള്‍ നിഷേധിക്കാത്ത എം.വി ഗോവിന്ദന്‍റെ നിലപാടും അന്‍വറുമായി നല്ലബന്ധമുള്ള പി. ജയരാജന്‍റെ മൗനവും ഈ ഘട്ടത്തില്‍ ചേര്‍ത്തുവായിക്കപ്പെടുന്നു.

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഉയരുന്നത് പോലെ ഗുരുതരമാണ് പി ശശിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍.  പി. ശശിയുടെ ധിക്കാരം സിപിഎം സഹയാത്രികര്‍ക്ക് സഹിക്കാനാവുന്നില്ലെന്ന് വിമര്‍ശിച്ച കാരാട്ട് റസാഖ്, ശശി സാമ്പത്തികനേട്ടമുണ്ടാക്കുന്നതായും തുറന്നടിച്ചു. ചുരുക്കത്തില്‍ ഭരണപക്ഷത്തു തന്നെ ഒരു പവര്‍ ഗ്രൂപ്പുണ്ടെന്ന് സാരം. സിപിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും മുന്നോട്ട് പോക്കില്‍ നീരസം പരസ്യമാക്കിയാണ് പാര്‍ട്ടി സ്വതന്ത്രരുടെ തുറന്നുപറച്ചില്‍.



By admin