• Tue. Oct 8th, 2024

24×7 Live News

Apdin News

ഏറ്റവും കൂടുതല്‍ സ്വര്‍ണവും ഹവാല പണവും പിടികൂടുന്നത് കരിപ്പൂരില്‍,കളളക്കടത്തുകാരെ പിടികൂടുമ്പോള്‍ ചിലര്‍ക്ക് പൊളളുന്നെന്ന് മുഖ്യമന്ത്രി

Byadmin

Oct 1, 2024


കോഴിക്കോട് : സംസ്ഥാനത്ത ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് കരിപ്പൂരില്‍ നിന്നാണെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിന്റെ പരിധിയിലാണ് ഇതിന്റെ കണക്ക് വരിക. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് പറയുന്നത് മലപ്പുറത്തിന് എതിരല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഹവാല പണം ഏറ്റവും കൂടുതല്‍ പിടികൂടുന്നതും മലപ്പുറത്ത് നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം 87 കോടി രൂപയുടെ ഹവാല പണം പിടികൂടി.2021 ല്‍ 147 കിലോ ഗ്രാം സ്വര്‍ണം പിടിച്ചു. ഇതില്‍ 124 കിലോ ഗ്രാം കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണ കള്ളക്കടത്തുകാര്‍ , ഹവാല പണം ഇടപാടുകാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുമ്പോള്‍ എന്തിനാണ് ചിലര്‍ക്ക് പൊള്ളുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

യാഥാര്‍ഥ്യങ്ങളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നു. ഇത്തരക്കാരെ പിടികൂടേണ്ട എന്നാണോയെന്നും സ്വര്‍ണം കടത്തുന്നതും ഹവാല നടത്തുന്നതും രാജ്യസ്‌നേഹ നടപടിയാണ് എന്ന് പറയണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ സംബന്ധിച്ച് ,ആരെങ്കിലും വിളിച്ചുകൂവുന്നത് കേട്ട് തീരുമാനമെടുക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേ അന്‍വര്‍ പ്രത്യേക അജണ്ടയുമായി ഇറങ്ങി. വര്‍ഗീയത പടര്‍ത്താനുള്ള ശ്രമം ജനം തിരിച്ചറിയണം.

ദ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. തന്റെ പക്കല്‍ നിന്നും ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ലെന്ന് പിണറായി പറഞ്ഞു. പറയാത്ത ഭാഗമാണ് അഭിമുഖത്തില്‍ വന്നത്. ഹിന്ദു പത്രത്തിന് വീഴ്ച സംഭവിച്ചെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്.

 



By admin