പ്രണയ കവിത എഴുതുന്നതിനേക്കാൾ പ്രയാസമാണ് പ്രണയിക്കുന്നത്. അതുപോലെ സ്നേഹത്തെക്കുറിച്ച് ആർക്കും എഴുതാം; എത്ര വികാരം വേണമെങ്കിലും കോരിച്ചൊരിയാം. പക്ഷേ, സ്നേഹിക്കാൻ അത് മതിയാവുകയില്ല. മറ്റുള്ളവർ പ്രേമിക്കുന്നത് വായിച്ചാൽ നമുക്ക് പ്രേമം തോന്നുകയില്ല. അതിനു നാം തന്നെ പ്രേമിക്കണം. നമുക്ക് പ്രേമിക്കാനുള്ള സിദ്ധി ഉണ്ടാകണമെന്നില്ല.സ്നേഹിക്കാൻ നല്ല പോലെ കഷ്ടപ്പെടണം. അത് ഒരു കഠിനാധ്വാനമാണ്. ഭൂരിപക്ഷം പേർക്കും എല്ലാം എളുപ്പത്തിൽ കിട്ടണം; കഷ്ടപ്പെടാൻ തയാറല്ല. ചുറ്റുമുള്ളവരുടെ ചെറിയ ലോകങ്ങളും അതിനുള്ളിലെ പിണക്കങ്ങളുമാണ് നമുക്ക് സംവദിക്കാൻ പറ്റിയ ഇടനാഴിയെന്ന് മനസിലാക്കുകയും അതിൽ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്യുമ്പോൾ അതിനപ്പുറമുള്ള ലോകം നഷ്ടമാവുകയാണ്. ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങൾ ഇതാണ് ചെയ്യുന്നത്. ഏറ്റവും അടുത്തുള്ളതിനെ വലുതാക്കി കാണിക്കുക, കാണാൻ പ്രേരിപ്പിക്കുക. ഇവിടെ വളരെ അനായാസമായി സഞ്ചരിക്കാവുന്ന അനേകം വഴികളുള്ളപ്പോൾ എന്തിനു കഷ്ടപ്പെടാൻ വേണ്ടി മാത്രം ഒരു പാത തെരഞ്ഞെടുക്കണം?.
അതുകൊണ്ടാണ് ബഹുസഹസ്ര സൗഹൃദങ്ങളുടെ ലോകത്ത് ആത്മാവുകൾ ശൂന്യമാകുന്നത്. അന്യമായ ഈ ലോകങ്ങൾ നമ്മെ നഷ്ടപ്പെടുത്തുകയല്ലേ ചെയ്യുന്നത്? പല ഇടപെടലുകളും വ്യർഥമാണ്; അത് കണ്ടെത്താൻ വൈകുന്നു. ശൂന്യവും അനാവശ്യവുമായ ബഹളങ്ങളിൽ ജീവിച്ചു കുറെ കഴിയുമ്പോള് ഉണ്ടാകുന്ന അസംതൃപ്തി, അപര്യാപ്തത, അരാജകത്വം, നിസംഗത തുടങ്ങിയവയാണ് നമ്മെ ഏകാന്തതയിലേക്ക് പോകാൻ നിർബന്ധിക്കുന്നത്.
റിൽക്കേയും സ്നേഹവും
ഏകാന്തത നമ്മുടെ ശരീരത്തിനൊപ്പമുണ്ട്. എല്ലാ വ്യാമോഹങ്ങളും തനിച്ചാണുണ്ടാകുന്നത്. മഹാനായ ഓസ്ടിയൻ കവി റെയ്നർ മരിയ റിൽകേ (1875-1926)ഏകാന്തതയെക്കുറിച്ച് ഗാഢമായി സംവദിക്കുന്നുണ്ട്, ഒരു യുവകവിക്ക് എഴുതിയ കത്തുകൾ എന്ന പുസ്തകത്തിൽ. ഏകാന്തത എല്ലാവർക്കും എത്തിച്ചേരാവുന്ന സുരക്ഷിതമായ കേന്ദ്രമാണെന്ന അർഥത്തിലാണ് അദ്ദേഹത്തിന്റെ ചിന്തകൾ നീങ്ങുന്നത്. ഒരാൾക്ക് ഉള്ളിലേക്ക് സഞ്ചരിക്കാൻ മണിക്കൂറുകൾ വേണമെന്നാണ് റിൽകേ പറയുന്നത്. നമ്മുടെ ഒരു നേട്ടമായിരിക്കുമത്രേ അത്. നമ്മുടേതെന്ന് വിശ്വസിച്ചതെല്ലാം വ്യാജമാണെന്നു കണ്ടു പിന്തിരിയുന്ന ഒരു നിമിഷം എല്ലാ വ്യഗ്രജീവികൾക്കും വരുമത്രേ.ഒരു കൂട്ടംചേരലിനു വേണ്ടി നമുക്ക് കൈമാറാനുള്ളത് ഒരു ഏകാന്തതയാണ്. എന്നാൽ അതിനുമപ്പുറമാണ് യഥാർഥ ഏകാന്തത. അത് വലിയ ആന്തരിക ഏകാന്തതയാണ്. ഒരു കുട്ടിയായിരുന്നപ്പോഴുള്ള ഏകാന്തത എന്നന്നേക്കുമായി കൈമോശം വന്നുവെന്ന് കരുതാൻ വരട്ടെ. ചിലപ്പോൾ അത് സാധ്യമായേക്കാം. ഹരിതാഭമായ, നിശ്ശബ്ദതയുടെ വർണ്ണങ്ങൾ കൊണ്ട് നിറഞ്ഞ, ശാന്തതയുടെ ഭംഗിയാൽ നിബിഡമായ ഒരേകാന്തത?.
ജീവിച്ചിരിക്കുന്ന ഏതൊരു വസ്തുവിനും അതിന്റേതായ ഒരാവശ്യമുണ്ട്. അതിനു സ്വന്തം രൂപത്തിലും ഉള്ളടക്കത്തിലും ജീവിക്കാനുള്ള അവകാശമാണത്. ഒരു ശലഭത്തിനു ശലഭമായിരിക്കാനുള്ള അവകാശമുണ്ട്. അത് ആ അവകാശത്തിനു വേണ്ടി, അറിവിനു വേണ്ടി പരമാവധി പ്രതിരോധം കൈക്കൊള്ളും. ഒരു ഉറുമ്പിനു അതിന്റെ തനിമയായ അസ്തിത്വത്തിൽ തുടരാൻ വേണ്ടിയാണ് അത് കടിക്കുന്നത്. അത് ഈ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധമാണ്. അതുകൊണ്ട് ആ പ്രതിരോധത്തിനു വേണ്ടി, അത് നിലനിർത്താൻ വേണ്ടി ഓരോ ജീവിയും എപ്പോഴും പ്രയത്നിക്കുന്നു. അങ്ങനെയാണ് അത് ഏകാന്തമാകുന്നത്.
എതിർശക്തികളെ പ്രതിരോധിക്കാതെ ഒരു ജീവിക്കും സ്വന്തം അസ്തിത്വത്തെ നിലനിർത്താനാവില്ല. ഒരു ഈച്ചയ്ക്ക് മറ്റൊന്നാകാൻ കഴിയില്ലല്ലോ. അങ്ങനെയൊരു ശ്രമം പോലും ആപത്താണെന്ന് അതറിയുന്നു. ഒരീച്ച താനൊരു ഈച്ചയാണെന്നു അറിഞ്ഞു കൊണ്ടാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് അത് തന്റെ ചിറകുകളിൽ വിശ്വാസമർപ്പിച്ച് ഏതൊരു ദുർഘടഘട്ടത്തെയും അതിജീവിച്ചു പറക്കുന്നത്. ജീവനുള്ളതിനെല്ലാം ഈ ഏകാന്തത ഒരു കഠിനമായ കടമ്പയാണ്. ജീവിക്കുന്നതിന്റെ അടയാളമാണത്. റിൽക്കേ പറയുന്നത്, സ്നേഹിക്കുമ്പോഴും നാം ഇതേ പ്രതിരോധവും സഹനവും ഏറ്റെടുക്കണമെന്നാണ്. സ്നേഹിക്കുന്നതോ പ്രേമിക്കുന്നതോ എളുപ്പമല്ല. അതിനായി കഷ്ടപ്പെടണം. മറ്റൊരാളെ പ്രേമിക്കുമ്പോൾ നമ്മെക്കാൾ നാം അയാളെ പിന്തുടരണം. സ്നേഹിക്കുന്നത് ഒരു പിന്തുടരലാണ്; ഒരു ജാഗ്രതയാണ്. നമ്മുടെ മുഴുവൻ ശക്തിയും അതിനാവശ്യമാണ്. സ്നേഹമെന്താണെന്നു പഠിക്കണമെന്ന് റിൽക്കേ പറയുന്നു.
സ്നേഹിക്കാൻ അറിയാത്തതുകൊണ്ട്, താരതമ്യേന എളുപ്പത്തിൽ പഠിക്കാവുന്ന വെറുപ്പ് സ്വീകരിക്കുന്നു എന്നു പറയാവുന്നതാണ്. വെറുപ്പ് ഒരു വ്യാജ സുരക്ഷിതത്വമായിരിക്കാം. എല്ലാത്തിനോടും വെറുപ്പുണ്ടായിരിക്കുന്നത് വളരെ അനായാസമായ ഒരു മനോഭാവമാണ്. അത് ഒരാൾക്ക് എളുപ്പത്തിൽ കൊണ്ടുനടക്കാം. ഭാരം കുറഞ്ഞ ഒരു ബാഗ് പുറത്ത് കെട്ടിവച്ചിരിക്കുന്ന പോലെ.ജീവിക്കുന്നതുകൊണ്ടാണ് നാം ഏകാന്തരാവുന്നത്. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അവനവനായിരിക്കാനുള്ള പ്രതിരോധവും അധ്വാനവും വേണം, ഓരോ ജീവിക്കും. സ്നേഹിക്കുമ്പോൾ നമ്മൾ കൂടുതൽ പക്വമതികളാവുകയാണല്ലോ. എന്നാൽ സ്നേഹിക്കാൻ എല്ലാ ഊർജവും ആവശ്യമായി വരും. അത് വിശുദ്ധമായ ഒരേകാന്തതയാണ്.
സാഹിത്യോത്സവങ്ങളിൽ തട്ടിവീഴുന്നവർ
സാഹിത്യോത്സവങ്ങൾ വിവാദമാവുകയാണ്. സാഹിത്യോത്സവങ്ങൾ നല്ലതാണ്. ഹൈസ്കൂൾ ക്ലാസുകളിൽ കുറച്ചൊക്കെ എഴുതാൻ ശ്രമിക്കുന്ന കുട്ടികളെ നോക്കി മാഷുമാർ നൽകിവരുന്ന പ്രോത്സാഹന വാക്കുകൾക്കപ്പുറം സാഹിത്യോത്സവങ്ങൾകൊണ്ട് ഒരു പ്രയോജനവുമില്ല. എന്നാൽ ഇപ്പോൾ കേരളത്തിലെ സാഹിത്യോത്സവങ്ങൾ, പതിറ്റാണ്ടുകളായി എഴുതുകയും സാഹിത്യപ്രവർത്തനത്തെ വളരെ ഗൗരവത്തോടെ കാണുകയും ചെയ്യുന്ന എഴുത്തുകാരെ പോലും മാനസികമായി തകർക്കുകയും അപമാനിക്കുകയും ചെയ്യുന്നതായി ആരോപണമുയരുകയാണ്. കോഴിക്കോട്ടു നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കവി എസ്. ജോസഫ് കേരള സാഹിത്യഅക്കാദമി അംഗത്വം തന്നെ വേണ്ടെന്നുവച്ചു. ഒരു കവി പ്രതിഷേധിക്കുമ്പോൾ അപമാനിച്ച് സംസാരിക്കരുത്. കാരണം, കവിയുടെ കൈയിൽ ഇതൊക്കെയേയുള്ളൂ, പ്രതിഷേധം പ്രകടിപ്പിക്കാൻ. കൈയിലുള്ളത് വലിച്ചെറിയുകയാണ് സാധ്യമായിട്ടുള്ളത്. കവിയുടെ പ്രവൃത്തി പരിഹാസ്യമായിപ്പോയെന്നു പറഞ്ഞ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിലിന്റെ നിലപാട് അപക്വമായിപ്പോയി. പ്രതിഷേധിക്കാനുള്ള തീരുമാനം എങ്ങനെ പരിഹാസ്യമാകും?.കഥാകൃത്തുക്കളും കവികളും എസ്റ്റാബ്ലിഷ്മെന്റിന്റെ വക്താക്കളാവുന്നത് ജീർണതയുടെ ലക്ഷണമാണ്. ഒരു കവി ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിക്കുന്നത് തെറ്റല്ല ; അത് കവിയുടെ സ്വതന്ത്രമായ പ്രതിഷേധങ്ങളെ ചങ്ങലക്കിട്ടുകൊണ്ടാവരുത്.
പ്രതിബദ്ധത എന്ന ആശയത്തിൽ വെള്ളം ചേർത്തു കൊള്ളൂ ; സത്യസന്ധത എന്ന ബോധ്യത്തെ തകർക്കരുത്. അക്കാദമി പ്രസിഡന്റും ലിറ്റററി ഫെസ്റ്റിവൽ ഡയറക്ടറും ഒരാളാകുമ്പോൾ ജോസഫിനു ഇതേ മാർഗ്ഗമുള്ള. ഫെസ്റ്റിവലുകളിൽ വളരെ നവാഗതരും സാഹിത്യത്തിൽ തീരെ സംഭാവന ചെയ്യാത്തവരും ആഘോഷിക്കപ്പെടുന്നു. ദീർഘകാലം കൊണ്ട് ധാരാളം എഴുതിയവർ അവഗണിക്കപ്പെടുന്നു.ഇതിന്റെ കാരണം വ്യക്തമാണ്. വ്യക്തി താല്പര്യങ്ങൾ തന്നെയാണ് പ്രവർത്തിക്കുന്നത്. സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾ അവസാനിച്ചിരിക്കുന്നു. ഇപ്പോൾ എഴുത്തുകാരുടെ ശാരീരിക സാന്നിദ്ധ്യം മതി. ചോദ്യം ചെയ്യാനുള്ള വാസന ഇല്ലാതായി. സ്റ്റാറ്റസ് കോ നിലനിർത്തുന്ന താണതരം എഴുത്തിനെ മഹത്തായതെന്ന തരത്തിൽ അവതരിപ്പിക്കുകയാണ് ഈ ഉത്സവങ്ങൾ ചെയ്യുന്നത്. സാഹിത്യകലയുമായി ബന്ധമുള്ളതൊന്നും സാഹിത്യോത്സവങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നില്ല; പകരം വ്യക്തിപൂജയിലധിഷ്ഠിതമായ പ്രശംസകളും പരിചയപ്പെടുത്തലുകളും കൊണ്ടുപിടിച്ചു നടക്കുകയാണ്.
ആദർശങ്ങൾക്കും അഭിരുചികൾക്കും തകർച്ച സംഭവിച്ചിരിക്കുന്നു. ഫെസ്റ്റിവലുകളിലേക്ക് എഴുത്തുകാരെ തിരഞ്ഞെടുക്കുന്ന കമ്മിറ്റികൾക്ക് ധാർമികവും ബൗദ്ധികവുമായ ക്ഷയമാണുണ്ടായിരിക്കുന്നത്. ഇതിനെതിരെ ഇനിയും എഴുത്തുകാർ പ്രതിഷേധിക്കാനാണ് സാധ്യത.
എസ്. ജോസഫ് തന്റെ മേൽ പതിച്ച ദളിത് പ്രതിഛായ കുടഞ്ഞുകളഞ്ഞ് ഒരു സ്വതന്ത്രകവിയായത് ഇവിടെ യാഥാസ്ഥിതിക ശക്തികൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല. എസ്റ്റാബ്ലിഷ്മെന്റിന്റെ വക്താക്കൾക്ക് ഏറ്റവും അനിഷ്ടകരമായത് സ്വതന്ത്രമായി എഴുതുന്നതാണ്. സ്വാതന്ത്ര്യം പുറത്തുപറയാൻ കൊള്ളാത്തതും ഉപയോഗിക്കാൻ പാടില്ലാത്തതുമായ ഒരാശയമാണെന്ന് ഏറ്റവും നന്നായി മനസിലാക്കുന്നത് ഈ എസ്റ്റാബ്മെന്റുകാർ തന്നെയാണ്.
ആ തുറുപ്പ് ചീട്ട് ആധുനികതയുടെ തുറുപ്പ് ചീട്ട്
മരണപൂജയായിരുന്നു. ലോകയുദ്ധങ്ങളും പകർച്ചവ്യാധികളും സൃഷ്ടിച്ച മരണഭീതിയിൽ നിന്നുണ്ടായതാണിത്. ഇതിന്റെ ഭാഗമായാണ് നമ്മുടെ നാട്ടിൽ വ്യക്തിപരമായ മോഹഭംഗമെന്ന നിലയിലും രാഷ്ട്രീയ, സാമൂഹ്യ വിപരിണാമങ്ങൾ എന്ന നിലയിലും മൃത്യുവിനെ വരവേൽക്കാൻ പ്രേരണയായത്.ആധുനിക കവികളിൽ മൃത്യുബോധം ഒരലട്ടലായിരുന്നു, അഭയമായിരുന്നു. അതുകൊണ്ടാണ് അയ്യപ്പപ്പണിക്കർ "മൃത്യുപൂജ " എഴുതിയത്. കെ.പി. അപ്പന്റെ ലേഖനത്തിന്റെ പേര് ഞെട്ടിക്കുന്നതാണ്: "പ്രിയദർശിനിയായ മരണം'! ജീവിതത്തിൽ യാതൊരു കുടുംബ, സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ ധാർമിക ലക്ഷ്യങ്ങളും ഏറ്റെടുക്കാത്തവരൊക്കെ ഒടുവിൽ മരണത്തെ ഉപാസിക്കും. മരണത്തെയല്ലാതെ അവർ വേറെ എന്തിനെ ഉപാസിക്കും?. അക്കാലത്ത് എഴുതുകയും ശ്രദ്ധ കിട്ടാതെ പോവുകയും ചെയ്ത ഒരു കവിയുടെ പുസ്തകം കഴിഞ്ഞ ദിവസം കണ്ടുകിട്ടി. ജോണി ജെ. പ്ളാത്തോട്ടം എന്ന കവിയുടെ "ക്രൈം കവിത' എന്ന പുസ്തകമാണത്. പ്രതിഭയുള്ള കവിയാണെങ്കിലും അദ്ദേഹത്തിനും മരണത്തോടാണ് പ്രിയം. മരണം എന്ന കവിതയിൽ അദ്ദേഹം എഴുതുന്നത് "മരണം ഒരു കനിവാകുന്നു, ഒരേയൊരു പോംവഴിയാകുന്നു "എന്നാണ്. ഈ മരണപൂജ ഇന്നത്തെ കവികളെ ബാധിച്ചിട്ടില്ല. ഇത് ഉത്തര- ഉത്തരാധുനിക കാലമാണ്. ഇവിടെ ഡിജിറ്റൽ, പ്രതീതി, ഡേറ്റ യാഥാർഥ്യങ്ങളാണുള്ളത്.
വ്യക്തിയുടെ മരണം ഇപ്പോൾ ഒരു പ്രമേയമല്ല, ഒരു നവമാധ്യമ സംരംഭമാണ്. അവിടെയാണ് എല്ലാ മരണവും എത്തുന്നത്. ജോണിയുടെ "സ്മൃതിവർഷം' ഭേദപ്പെട്ട രചനയാണ്.
"ഇടവപ്പാതികൾ കുമിഞ്ഞുകൂടിയ
കഴിഞ്ഞ കാലത്തിനടിയിൽ നിന്നെങ്ങോ
തലമുറകൾക്ക് മുകളിലൂടൊരു
തവള കേഴുന്നുണ്ടുലയുന്നു കാലം'
ഇതിൽ ഒരു അനുധാവനവും ധ്യാനവുമുണ്ട്. എന്നാൽ മരണപൂജ ഇനി വേണ്ട.
ചിറക്
ഫ്ലൈ ചാരിറ്റബിൾ ട്രസ്റ്റിന്റെ (കണ്ണൂർ) നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന "ചിറക് "വാർഷികപ്പതിപ്പ് ഈ വർഷവും ശ്രദ്ധേയമായി. ടി.എം. ശ്രീജിത്ത്, പി. രാജീവൻ, ഷാജി തലോറ എന്നിവരുടെ നേതൃത്വത്തിൽ ഒരുപിടി എഴുത്തുകാരുടെ രചനകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. സി.എം. വിനയചന്ദ്രൻ എഴുതിയ "കവിത' എന്ന രചന ലോകത്തിലെ എല്ലാറ്റിനെയും കവിതയായി കാണുകയാണ്.
"പുഴയൊരു കവിത
പുഴുവും കവിത'
"മഴയൊരു കവിത
മിഴിയിൽ കവിത' എന്നീ വരികളിൽ എല്ലാറ്റിന്റെയും സാരസർവസ്വമായ സാഹിത്യത്തെ കാണുകയാണ് കവി.
വിദ്വേഷം നിറഞ്ഞ വരികൾ
പി.എൻ. ഗോപീകൃഷ്ണന്റെ "ദുഷ്പ്രേരകൻ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 15) എന്ന കവിതയിൽ
""നമ്മളെക്കാൾ താണ
ഒരു ജാതിയില്ലായിരുന്നെങ്കിൽ
പണത്തിൽ കുറവുള്ള
ഒരു കുടുംബമില്ലായിരുന്നെങ്കിൽ
പഠിപ്പിൽ തോൽക്കാൻ
ഒരാളില്ലായിരുന്നെങ്കിൽ
നമുക്ക് ഓർക്കാൻ
ഒന്നും ഉണ്ടാകില്ലായിരുന്നു''
എന്ന് എഴുതിയിരിക്കുന്നു!
ഇത്രയും വിദ്വേഷം നിറഞ്ഞ വരികൾ വായിച്ചിട്ടില്ല. ഇതിൽ കവിതയല്ല, വെറുപ്പാണുള്ളത്. അന്യന്റെ നരകം കാണാനുള്ള ആസക്തി. ഗോപീകൃഷ്ണന്റെ വിധ്വംസക ചിന്തയെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. അന്യന്റെ പതനത്തിൽ നിന്നാണോ നമ്മുടെ ഓർമകളുണ്ടാകുന്നത് ? ഇതൊക്കെ തെറ്റായ ചിന്തകളാണ്. സ്വാനുഭവങ്ങളില്ലാത്തവർ മറ്റുള്ളവരെ ദുഷിച്ചുകൊണ്ടിരിക്കും. അന്യന്റെ തകർച്ചകൾ കണ്ട് സ്വന്തം ജീവിതത്തെ പ്രശംസിക്കുന്നത് ശരിയല്ല. എല്ലാ പതനങ്ങളിലും നമ്മളുണ്ട്. എല്ലാ വിഷാദങ്ങളും നമ്മുടേതാണ്. അങ്ങനെയാകാനേ കഴിയൂ. അതാണ് സത്യം.
ഒരു സംശയവുമില്ല!
നിശ്ചലമായ ഒരു ജലാശയത്തെ കല്ലെടുത്തെറിഞ്ഞ് അലങ്കോലപ്പെടുത്തുന്നവനെ പോലെയാകണം ഒരു ചിന്തകൻ അല്ലെങ്കിൽ എഴുത്തുകാരൻ. നിശ്ചലത തകരണം; പകരം, ചലനങ്ങൾ ഉണ്ടാവണം. ചിന്തകൾ മുന്നോട്ടാണ് നീങ്ങേണ്ടത്. ദീർഘകാലയളവിൽ ഒരു ആശയത്തിന്റെ, ചിന്തയുടെ അധീശത്വമുണ്ടാകുമ്പോൾ പിന്നാലെ വരുന്നവർ അതിനെ സ്വീകരിക്കുന്നത് ചിന്തിക്കാതെയാണ്.സ്വീകരിക്കപ്പെട്ടതെല്ലാം വിഴുങ്ങാനുള്ളതാണ്. അങ്ങനെ ചെയ്യുന്നത് സംസ്കാരം ജീർണിക്കാൻ ഇടയാക്കും. നിശ്ശബ്ദതകളും അന്ധത കളും കെട്ടിക്കിടക്കും. മഹാനായ ജിദ്ദു കൃഷ്ണമൂർത്തി ഇങ്ങനെ പറഞ്ഞു: "എല്ലാറ്റിനെക്കുറിച്ചും അന്തിമമായ വിധിതീർപ്പിലെത്തിയ മനസ് ഒരു മരിച്ച മനസാണ്. അത് ജീവിക്കുന്നില്ല. ജീവിക്കുന്ന മനസ് ഒരു സ്വതന്ത്രമനസാണ്; അത് എപ്പോഴും കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു, ഒരിക്കലും അവസാനിപ്പിക്കുന്നില്ല'.
നമ്മുടെ സമൂഹത്തിലെ ചർച്ചകളിൽ ഭൂരിഭാഗവും നേരത്തെ തന്നെ ചിന്തിച്ച് തീരുമാനമെടുത്തതിനെ ചൊല്ലിയുള്ളതാണ്. ചാനൽ ചർച്ചകൾ കണ്ടാൽ മനസ് മരിച്ചു എന്നു പെട്ടെന്ന് ബോധ്യമാകും. "ഒരു സംശയവുമില്ല' എന്ന് എല്ലാവരും ഉച്ചത്തിൽ പറയുന്നത് കേൾക്കാം. എന്തുകൊണ്ടാണ് ഇവർക്ക് സംശയമില്ലാത്തത്? എല്ലാറ്റിന്റെയും പരിണാമത്തെക്കുറിച്ച് ഇവർക്ക് മുൻകൂട്ടി വിവരം കിട്ടിയോ?
സംശയമില്ലാത്തത് ബുദ്ധിശൂന്യതയുടെ ലക്ഷണമാണ്. സംശയിക്കുന്നവൻ പുതിയൊരു സാധ്യത ആരായുന്നു. അവൻ ലോകത്തെ പുനഃക്രമീകരിക്കുകയാണ്. ജിവിതത്തിൽ ഉറപ്പുള്ള കാര്യങ്ങൾ ഒന്നും തന്നെയില്ലല്ലോ. എല്ലാത്തിനെക്കുറിച്ചും അന്തിമ വിധിതീർപ്പുമായാണ് ഓരോരുത്തരും ചാനൽ ചർച്ചയിൽ വരുന്നത്. എന്നാൽ ബുദ്ധിപരമായ സത്യസന്ധതയുടെ ലക്ഷണമാണ് സംശയമുണ്ടെന്ന് തോന്നുന്നത്.