• Fri. Sep 22nd, 2023

24×7 Live News

Apdin News

ഓണ്‍ലൈന്‍ തട്ടിപ്പ്: നാല് സംസ്ഥാനങ്ങളില്‍ പതിനൊന്ന് കേസുകള്‍; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Byadmin

Sep 17, 2023



കല്‍പ്പറ്റ: നാല് സംസ്ഥാനങ്ങളിലായി പതിനൊന്ന് കേസുകളില്‍ പ്രതിയായ ഓണ്‍ലൈന്‍ തട്ടിപ്പുകാരനെ വയനാട് പോലീസ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. കോഴിക്കോട് കാവിലുംപാറ സ്വദേശി സല്‍മാനുല്‍ ഫാരിസാണ് അറസ്റ്റിലായത്. കല്‍പ്പറ്റ തിനപുരം സ്വദേശിയുടെ പരാതിയിലാണ് നടപടി.

കല്‍പ്പറ്റ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫും സിവില്‍ പോലീസ് ഓഫീസര്‍ ജിസണ്‍ ജോര്‍ജും വിജയവാഡയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പഴയ കാറുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സൈറ്റായ ഒഎല്‍എക്‌സില്‍ മറ്റൊരാളുടെ കാര്‍ കാണിച്ച് യൂസ്ഡ് കാര്‍ ഷോറൂമുകാരനില്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയ കേസിലാണ് ഒടുവിലത്തെ അറസ്റ്റ്. കാവുംമന്ദം സ്വദേശി ഒഎല്‍എക്‌സില്‍ വില്‍പ്പനക്ക് വെച്ച കാറാണ് പ്രതിയായ സല്‍മാനുല്‍ ഫാരിസ് സ്വന്തം കാറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. ഇതേസമയം കാറിന്റെ യഥാര്‍ത്ഥ ഉടമയോട് രണ്ടര ലക്ഷത്തിന് കച്ചവടമുറപ്പിക്കുകയും ചെയ്തു. പണം നല്‍കിയിട്ടും കാര്‍ ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരന് ചതി മനസ്സിലായത്. ദല്‍ഹി, കൊല്‍ക്കത്ത, വിജയവാഡ എന്നിവിടങ്ങളിലും കേരളത്തിലെ 12 പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ സമാന കേസുകളുണ്ട്.

ഇപ്പോള്‍ വിജയവാഡ ജില്ലാ ജയിലിലുള്ള സല്‍മാനുല്‍ ഫാരിസ് പല തവണയായി മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് പഠിച്ച ഇയാള്‍ മുംബൈയില്‍ നിന്ന് ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കല്‍പ്പറ്റ സൈബര്‍ െ്രെകം പോലീസ് സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ മൂന്ന് കേസുകളുണ്ട്. ഈ കേസുകളില്‍ രണ്ട് മാസത്തിനുള്ളില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഇപ്പോള്‍ പുതിയ കേസില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പില്‍ അറസ്റ്റിലാവുന്നത്.

By admin