• Tue. Jun 17th, 2025

24×7 Live News

Apdin News

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

Byadmin

Jun 10, 2025


കൊച്ചി: കേരള തീരത്ത് തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. അപകടകരമായ 157 രാസവസ്തുക്കൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ മാർഗരേഖ പ്രകാരം ക്ലാസ് 6.1ൽ വരുന്ന കൊടിയ വിഷവസ്തുക്കളാണ് കണ്ടെയ്നറുകളിൽ ഉള്ളത്. കപ്പൽ 15 ഡിഗ്രി വരെ ചെരിഞ്ഞതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണിട്ടുണ്ട്.

തീപിടിക്കാന്‍ സാധ്യതയേറെയുള്ള രസിന്‍ സൊലൂഷന്‍, ബെന്‍സോഫെന്‍ വണ്‍, നൈട്രോസെല്ലുലോസ് വിത്ത് ആല്‍ക്കഹോള്‍, സിങ്ക് ഓക്‌സൈഡ്, പോളിമെറിക് ബീഡ്‌സ്, മെത്തോക്‌സി-2 പ്രൊപ്പനോള്‍, ഡയാസെറ്റോണ്‍ ആല്‍ക്കഹോള്‍ അടക്കം സര്‍ക്കാര്‍ പുറത്തുവിട്ട മാനിഫെസ്റ്റോയിലുണ്ട്. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡറുകൾ, ടർപെന്‍റൈർ അടക്കം തീപിടിത്ത സാധ്യതയുള്ളവയാണ് ഈ വസ്തുക്കൾ.

പരിസ്ഥിതിക്ക് ഭീഷണിയുയർത്തുന്ന ബെൻസോ ഫെനോൺ, ട്രൈക്ലോ റോ ബെൻസീൻ, 167 പെട്ടി ലിഥിയം ബാറ്ററികൾ എന്നിവയുമുണ്ട്. 19 കണ്ടെയ്നറുകളിൽ ക്ലാസ് 4.1ൽ വരുന്ന തീപിടിക്കുന്ന ഖരവസ്തുക്കളുണ്ട്. ഒഴുകി നീങ്ങുന്ന കണ്ടെയ്നറുകൾ രക്ഷാ യാനങ്ങളുടെ പ്രൊപ്പല്ലറുകളിൽ ഇടിച്ചാൽ അപകട സാധ്യതയുണ്ട്. അതിനാൽ വളരെ കരുതലോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കടലിൽ നിന്ന് കണ്ടെയിനർ വീണ്ടെടുക്കാനായില്ലെങ്കിൽ തൃശ്ശൂർ, എറണാകുളം ജില്ലകളുടെ തീരത്തേക്ക് കണ്ടയ്നർ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് അഴീക്കൽ പോർട്ട്‌ ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ വ്യക്തമാക്കി.

കപ്പൽ ഇടതു വശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. എന്നാൽ കപ്പൽ നിയന്ത്രണത്തിലായിട്ടില്ല. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനം തുടരുകയാണ്. കപ്പലിൽ നിന്ന് തീയും കറുത്ത കട്ടിയുള്ള പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേഡ് ബേയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ്. 40 കണ്ടെയ്നറുകളിൽ അതിവേഗം തീ പടരുന്ന വസ്തുക്കളായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും. കൂടുതൽ കണ്ടെയ്‌നറുകൾ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.



By admin