ഡോ ലക്ഷ്മിദാസ്
മനുഷ്യ സമൂഹത്തിന്റെ സംവേദനാത്മകവും സാംസ്‌കാരികവുമായ അവബോധത്തെ വ്യക്തമാക്കുന്ന പ്രധാന മാധ്യമങ്ങളിലൊന്നാണ് എഴുത്ത്. പ്രാചീനകാലം മുതല്‍ ഈ നൂറ്റാണ്ടുവരെ പരിശോധിക്കുമ്പോള്‍ എഴുത്തിന്റെ രീതികള്‍ പാടേ മാറിയതായി കാണാം. സാഹിത്യകാരന്റെ, കവിയുടെ ഭാവാത്മകമായ സൗന്ദര്യബോധത്തിലാണ് രചന ആവിര്‍ഭവിക്കുന്നത്. അത് സഹൃദയന്റെ സൗന്ദര്യാത്മക ഭാവത്തില്‍ ലയിക്കുമ്പോഴുണ്ടാകുന്ന സ്പന്ദനങ്ങള്‍ ചില ഉല്‍ക്കര്‍ഷാപകര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവയാണ് ആ രചനയുടെ സാമൂഹ്യ പ്രസക്തിയെന്ന് തിരിച്ചറിയേണ്ടത്.
ഒരു കാലഘട്ടത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നവരാണ് എഴുത്തുകാര്‍. അവരുടെ മനസിന്റെ ഏതവസ്ഥയിലാണ് രചനയ്‌ക്കു കാരണമായ വിഷയം സജീവമാകുന്നത് എന്നത് വളരെ പ്രധാനമാണ്. ജീവിക്കുന്ന കാലഘട്ടവുമായോ സമൂഹവുമായോ ബന്ധപ്പെട്ട എന്തു പ്രശ്‌നങ്ങളും ആശങ്കകളും എഴുത്തിന് പ്രേരണയാകാം. സ്വന്തമിടങ്ങളില്‍നിന്ന് പല കാരണങ്ങള്‍ കൊണ്ട് മാറി നി
ല്‍ക്കേണ്ടി വരുന്ന അവസ്ഥയും മാനസികമായ ഒറ്റപ്പെടലും രചനകളെ സ്വാധീനിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ തന്റേതായ ഭാഷയിലൂടെ സൃഷ്ടിച്ചെടുക്കുന്ന യാഥാര്‍ത്ഥ്യബോധത്തിലാണ് എഴുത്തുകാരന്‍ നിലനില്‍ക്കുന്നത്. എഴുത്തിനെ സ്വാധീനിക്കുന്ന വിവിധ സിദ്ധാന്തങ്ങളും പല കാലങ്ങളിലായി ഉടലെടുത്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ ഉത്തരാധുനിക ചിന്തകളുടെ ചിറകിലേറി വന്ന ‘നവചരിത്രവാദം, ആധുനിക സാഹിത്യവിമര്‍ശനത്തിന് ആക്കം കൂട്ടിയ ‘പാഠവിമര്‍ശനം’, ‘ഗ്രന്ഥകാരന്റെ മരണം’ തുടങ്ങിയവ സാഹിത്യരചനകളെ സ്വാധീനിച്ച സാഹിത്യവിമര്‍ശന രീതികളാണ്.
ഭാഷയുടെയും എഴുത്തിന്റെയും ശൈലിയുടെയുമൊക്കെ സൗന്ദര്യശാസ്ത്രപരമായ ആവിഷ്‌കാരമാണ് സാഹിത്യം. ഗദ്യമെന്നും പദ്യമെന്നും രണ്ട് തരത്തിലാണ് സാഹിത്യത്തില്‍ ആശയസംവേദനം. അതിവിപുലമായ കാവ്യപാരമ്പര്യമാണ് മലയാളത്തിനുള്ളത്. മഹത്തായ ആ പാരമ്പര്യം എവിടെ നിന്നാരംഭിച്ച് ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്നത് ചിന്തിക്കേണ്ടതാണ്. ചരിത്രപരമായ വിശകലനം കൊണ്ടു മാത്രമേ ആ സാഹിത്യവഴികളെ കൃത്യമായി മനസിലാക്കാനാകൂ.
പതിമൂന്നാം ശതകത്തില്‍ ഉദയംകൊണ്ട മണിപ്രവാള സാഹിത്യം മുതലുള്ള സാഹിത്യരീതികളെ പരിശോധിക്കുമ്പോള്‍ അവിടെ സാഹിത്യപഠനം മാത്രമല്ല നടക്കുന്നത്. വൈശികതന്ത്രം മുതല്‍ ചന്ദ്രോത്സവം വരെയുള്ള മണിപ്രവാളകാവ്യങ്ങളെ മഹിളാളിമഹാസ്പദങ്ങളെന്നും അശ്ലീല സാഹിത്യമെന്നുമൊക്കെ വിളിക്കാറുണ്ടെങ്കിലും ആ കൃതികള്‍ പകര്‍ത്തിവച്ച സാംസ്‌കാരിക ചിത്രം അവഗണിക്കുവാന്‍ സാധിക്കില്ല. അവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കൃതിയാണ് ‘അനന്തപുരവര്‍ണ്ണനം’. തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്ന തീര്‍ത്ഥങ്ങളെയും ക്ഷേത്രങ്ങളെയും ‘കാന്തളൂര്‍ ശാല’ ഉള്‍പ്പെടെയുള്ള വിദ്യാസ്ഥാനങ്ങളെയും ഇത്രയും സമഗ്രമായി അവതരിപ്പിച്ചിട്ടുള്ള മറ്റൊരു പ്രാചീനകാവ്യമുണ്ടോ എന്ന് സംശയമാണ്. അച്ചീചരിതങ്ങളിലായാലും അവയില്‍ സ്ത്രീവര്‍ണനകള്‍ മാത്രമല്ല ഉള്ളത്. കഥയ്‌ക്ക് പശ്ചാത്തലമൊരുക്കുന്ന പ്രദേശങ്ങളുടെ എല്ലാതരത്തിലുമുള്ള പ്രത്യേകതകളെ വിശദമായി പ്രതിപാദിക്കുന്നു. കേരളത്തിലെ വിവിധ കച്ചവട സ്ഥാനങ്ങളും വിദേശബന്ധങ്ങളും ഇവിടെ ഉപയോഗിച്ചിരുന്ന പണമിടപാട് സമ്പ്രദായങ്ങളും നാണയങ്ങളും എല്ലാം ഈ കാവ്യങ്ങളില്‍ വിവരിച്ചിട്ടുണ്ട്. മണിപ്രവാള കാലഘട്ടത്തില്‍ എഴുതിയ മിക്ക കൃതികളുടെയും രചയിതാക്കള്‍ ആരെല്ലാമാണെന്ന് ഉറപ്പില്ലെങ്കിലും അവര്‍ പകര്‍ന്നുതരാന്‍ ശ്രമിച്ചിരിക്കുന്നത് ആ കാലഘട്ടത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ പ്രത്യേകതകളാണ്. അതുകൊണ്ടുതന്നെ ഈ കൃതികള്‍ ആ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്.
മണിപ്രവാളത്തിന്റെ അവസാനഘട്ടത്തിലെ സ്‌തോത്രകൃതികളില്‍നിന്നും പ്രാചീന കവിത്രയത്തിലേക്കെത്തിയപ്പോള്‍ കാവ്യഭാഷയുടെയും ആസ്വാദനത്തിന്റെയും മറ്റൊരു തലമാണ് മലയാളി അനുഭവിച്ചത്. പാട്ടിന്റെയും മണിപ്രവാളത്തിന്റെയും നാടന്‍ ഗാനസാഹിത്യത്തിന്റെയും പശ്ചാത്തലത്തില്‍ സുന്ദരമായ ഭാഷയില്‍ രചനാഭംഗി തികഞ്ഞ കാവ്യമെന്താണെന്ന് ചെറുശ്ശേരി കാണിച്ചുതന്നു. ഭക്തിപ്രഹര്‍ഷവും വാത്സല്യവും നിറഞ്ഞ ആ വരികളെ മലയാളികള്‍ നെഞ്ചേറ്റി.
‘രാഗങ്ങളോരോന്നേ ഗോകുലനായകന്‍
മേളം കലര്‍ന്നങ്ങു പാടുന്നേരം
വൃന്ദാവനം തന്നിലുള്ളൊരു ജീവികള്‍
നന്ദിച്ചു നിന്നുതേ മന്ദം മന്ദം’ (കൃഷ്ണഗാഥ)
വൃന്ദാവനത്തിലെ ജീവജാലങ്ങളെപ്പോലെ മലയാളികളും ആ കാവ്യധാരയിലലിഞ്ഞു പോയി.
ചെറുശ്ശേരിക്കു ശേഷം മലയാള സാഹിത്യലോകത്ത് ഒരു പുതുയുഗം സൃഷ്ടിച്ച തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ ഭാഷയുടെ പ്രൗഢി വ്യക്തമാക്കിത്തന്നു. ‘കേരളീയ സാഹിത്യ സംസ്‌കാരത്തില്‍ നവവും അഗാധവുമായ ജീവിതബോധത്തിന്റെ സൂര്യകിരണങ്ങള്‍ ജ്വലിപ്പിക്കുവാന്‍ എഴുത്തച്ഛനു സാധിച്ചു.’ ഭക്തിയെ മുഖ്യഭാവമാക്കിക്കൊണ്ടുതന്നെ ജീവിതത്തിന്റെ നശ്വരതയേയും മനുഷ്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ധര്‍മവഴികളെയും ആദ്ധ്യാത്മിക വഴികളെയും ഭാരതീയദര്‍ശനങ്ങളെയും അദ്വൈത ചിന്തയെയുമൊക്കെ ഭാഷാ പിതാവ് അവതരിപ്പിച്ചു. ജീര്‍ണചിന്തകളില്‍ നിന്ന് മനു
ഷ്യമനസിനെ ഈശ്വരചിന്തയിലേക്കാണ് എഴുത്തച്ഛന്‍ നമ്മെ നയിച്ചത്. കാവ്യവഴികളില്‍ വ്യത്യസ്തചിന്തകള്‍കൊണ്ട് സ്ഥാനമുറപ്പിച്ച കവിയും കലാകാരനുമാണ് കുഞ്ചന്‍ നമ്പ്യാര്‍. തുള്ളല്‍ എന്ന കലാരൂപത്തിലൂടെ അധികാരത്തെയും സാമൂഹ്യവ്യവസ്ഥിതിയുമൊക്കെ പരിഹസിച്ചും വിമര്‍ശിച്ചും നമ്പ്യാര്‍ ജനമനസില്‍ സ്ഥാനം നേടി. മലയാള ഭാഷ അതുവരെ പരിചയിച്ചിട്ടില്ലാത്ത ഈണവും താളവും പകര്‍ന്നുകൊണ്ട് പുരാണപ്രസിദ്ധമായ കഥകളിലൂടെ ഭക്തിയും ഹാസ്യവും പരിഹാസവും വിമര്‍ശനവും നമ്പ്യാര്‍ പകര്‍ന്നുനല്‍കി.
തുടര്‍ന്ന് വെണ്മണി പ്രസ്ഥാനവും കേരള വര്‍മ്മ വലിയകോയിത്തമ്പുരാനും എ.ആര്‍. രാജരാജവര്‍മ്മയും തുടങ്ങിവച്ച ദ്വിതീയാക്ഷര പ്രാസവാദവും തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമൊക്കെ എഴുത്തിന്റെ പല പല വഴികള്‍ കവികള്‍ക്കു മുന്നില്‍ തുറന്നിട്ടു. രാമചന്ദ്രവിലാസം, രുഗ്മാംഗദ ചരിതം, ഉമാകേരളം, കേശവീയം തുടങ്ങിയ മഹാകാവ്യങ്ങള്‍ രചിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണ്.
ക്ലാസിക് കാവ്യങ്ങളില്‍നിന്ന് ഊര്‍ജം നേടി മഹാകാവ്യ പ്രസ്ഥാനത്തിലെത്തിയ മലയാള കവിത അവിടെ നിന്ന് കാവ്യസംസ്‌കൃതിയുടെ പുതിയ വഴിത്താരയിലേക്കാണ് പ്രവേശിച്ചത്. മലയാള കാവ്യമേഖലയില്‍ ആധുനിക വളര്‍ച്ചയ്‌ക്ക് തുടക്കം കുറിക്കുകയും കാല്‍പനികതയുടെ ഭാവങ്ങള്‍ പ്രതിഫലിപ്പിക്കുകയും ചെയ്ത ഖണ്ഡകാവ്യപ്രസ്ഥാനത്തിന്റെ കാലമായിരുന്നു അത്. ‘മലയവിലാസം’ എന്ന കാവ്യത്തിലൂടെ മലയാളത്തിലേക്ക് ഈ പ്രസ്ഥാനത്തെ ആനയിച്ചത് എ.ആര്‍. രാജരാജവര്‍മ്മയാണ്. കുമാരനാശാന്റെ ‘വീണപൂവ്’ പ്രസിദ്ധീകരിച്ചതോടെ ഖണ്ഡകാവ്യപ്രസ്ഥാനത്തിന് പുതിയൊരു ശക്തി വന്നു. ‘അവനി വാഴ്‌വ് കിനാവ്’ എന്ന ഒറ്റ പ്രയോഗത്തില്‍ കാവ്യത്തിന്റെ ആത്മാവിനെ അടക്കിവച്ച ഈ കാവ്യം ജീവിതത്തെയും വേദാന്തചിന്തകളെയും കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കുന്നതായിരുന്നു. ‘നളിനി’, ‘ലീല’, ‘ദുരവസ്ഥ’, ‘ചണ്ഡാലഭിക്ഷുകി’ തുടങ്ങിയ കാവ്യങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്. ഭാരതീയ സംസ്‌കാരത്തോടുള്ള ആത്മബന്ധമാണ് ഉള്ളൂര്‍ക്കവിതകള്‍ കാണിച്ചു തരുന്നത്. ‘കര്‍ണ്ണഭൂഷണ’ത്തില്‍ കര്‍ണനെ ആര്‍ഷധര്‍മ്മത്തിന്റെയും ആത്മത്യാഗത്തിന്റെയും ഉല്‍കൃഷ്ട പ്രതീകമായിട്ടാണ് ചിത്രീകരിക്കുന്നത്. ലോകത്തിന്റെ ജീവനായി സ്‌നേഹത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രേമം എന്ന ഒരൊറ്റ മതം മാത്രമേയുള്ളൂ എന്നു പറയുന്ന ഉള്ളൂര്‍ ‘പ്രേമസംഗീത’ത്തിലൂടെ മദമാത്സര്യങ്ങളുടെ പ്രസക്തിയില്ലായ്മയെ ചൂണ്ടിക്കാണിക്കുന്നു. ഭാരതത്തിലെ പുരാണേതിഹാസങ്ങളെയും ദേശീയതയെയും വിഷയമാക്കി ധാരാളം കാവ്യങ്ങളെഴുതിയ കവിയാണ് വള്ളത്തോള്‍. പുരാണങ്ങളില്‍നിന്നും തെരഞ്ഞെടുക്കുന്ന കഥകളെ ഭാരതീയ മൂല്യങ്ങളിലൂടെ ഭാവനാത്മകമായി പുനരവതരിപ്പിക്കുവാനാണ് വള്ളത്തോള്‍ ശ്രമിച്ചത്. ഭാരതീയമായ ചിന്തകളെയും ദര്‍ശനങ്ങളെയും കാവ്യങ്ങളില്‍ അവതരിപ്പിക്കുവാനും
സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടത്തില്‍ ദേശഭക്തി ഉണര്‍ത്തുന്ന കാവ്യങ്ങള്‍ ആളുകളിലേക്കെത്തിക്കാനും ആധുനി
കകവിത്രയത്തില്‍ പെടുന്ന ഈ കവികള്‍ക്ക് സാധിച്ചു. മലയാള കവിതയുടെ ഏറ്റവും സുന്ദരമായ കാലം തന്നെയായിരുന്നു ഇതെന്ന് നിസ്സംശയം പറയാം.
ഭാവാത്മകമായ എഴുത്തിന്റെ പ്രവാഹത്തില്‍ പൂത്തുലഞ്ഞ മലയാളകാവ്യ ലോകത്തെയാണ് പിന്നീട് സഹൃദയര്‍ കണ്ടത്. ഖണ്ഡകാവ്യങ്ങളുടെ സ്ഥാനത്ത് ആത്മനിഷ്ഠമായ ഭാവകാവ്യങ്ങള്‍ നിലയുറപ്പിച്ചു. ആഖ്യാനകവിതകള്‍ ധാരാളമായി രചിക്കപ്പെട്ടു. ജി. ശങ്കരക്കുറുപ്പിന്റെ ‘പെരുന്തച്ചന്‍’, ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്’, വള്ളണ്ടത്തോളിന്റെ ‘മലയാളത്തിന്റെ തല’ തുടങ്ങിയവ ആഖ്യാനകവിതയുടെ സൗന്ദര്യം നമുക്ക് കാട്ടിത്തന്നു. സൗമ്യഭാവത്തോടൊപ്പം ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ തീക്ഷ്ണതയും നാമനുഭവിച്ചു.
‘നിരത്തില്‍ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്റെകണ്ണുകള്‍
മുല ചപ്പി വലിക്കുന്നു
നരവര്‍ഗ്ഗനവാതിഥി’ (അക്കിത്തം)
എന്നെഴുതി ജീവിതവ്യഥകളെ യാതൊരു മറയുമില്ലാതെ കാണിച്ചുതന്നു. ആത്മദുഃഖത്താല്‍ ആര്‍ദ്രമായ കവിതകള്‍ രചിച്ച ഇടപ്പള്ളിയും ചങ്ങമ്പുഴയും ജീവിതാവബോധത്തിന്റെ മൗലികമായ ശബ്ദമുയര്‍ത്തിയ ഇടശ്ശേരിയും ഒരു കാലഘട്ടത്തെ കാവ്യസമ്പന്നമാക്കിയവരാണ്. ‘വാളല്ലെന്‍ സമരായുധം’ എന്നു പ്രഖ്യാപിച്ച വയലാറും വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭൂമിക്ക് ചരമഗീതം പാടിയ ഒഎന്‍വിയും കാലത്തിനു മുന്‍പേ സഞ്ചരിച്ചവരാണ്. വരികളില്‍ വിപ്ലവവും പ്രണയവും അജയ്യതയും നിറച്ച പി. ഭാസ്‌കരന്‍, മണ്ണിനെയും പെണ്ണിനെയും ഒരുപോലെ സ്‌നേഹിച്ച സുഗതകുമാരിയും ഹൃദയരക്തംകൊണ്ട് കവിതയെഴുതിയ ബാലചന്ദ്രന്‍ ചുള്ളിക്കാടും സൗമ്യാര്‍ദ്രഭാഷയില്‍ ശുദ്ധകവിതയെഴുതുന്ന വിജയലക്ഷ്മിയും മുന്‍തലമുറയിലെ പ്രകൃത്യുപാ
സകനായ പിയും മാതൃവാത്സല്യത്തിന്റെ കഥ പറയുന്ന ബാലാമണിയമ്മയും… അങ്ങനെ ഇനിയുമവസാനിക്കാത്ത കവികളുടെ നീണ്ടനിര തന്നെ നമുക്കു മുന്നിലുണ്ട്.
ഇതുവരെപ്പറഞ്ഞ കവികള്‍ക്കും കവിതകള്‍ക്കുമെല്ലാം പറയാന്‍ ഒരുപാട് കഥകളുണ്ടായിരുന്നു. സമൂഹത്തിനു
നല്‍കുവാന്‍ സന്ദേശങ്ങളുണ്ടായിരുന്നു. വിപ്ലവത്തിന്റെ ആഹ്വാനങ്ങളും മനുഷ്യനു വേണ്ടിയുള്ള മുദ്രാവാക്യങ്ങളും പ്രകൃതിക്കുവേണ്ടിയുള്ള വിലാപവും സ്വദേശത്തെക്കുറിച്ചുള്ള അഭിമാനബോധവും പ്രണയത്തിന്റെ സൗന്ദര്യവും സഹജീവിയുടെ ദുഃഖത്തിലുള്ള വേദനയും സാമൂഹ്യബോധവും മൂല്യവത്തായ ചിന്തകളും എല്ലാം ആ കാവ്യങ്ങളെ സമ്പന്നമാക്കിയിരുന്നു. എന്നാല്‍ ഇന്ന് വരികള്‍ക്കിടയിലൂടെ കാവ്യബിംബങ്ങള്‍ ചോര്‍ന്നു പോയിരിക്കുന്നു. കവിതകളില്‍ കുത്തിനിറച്ചിരിക്കുന്ന വാക്കുകള്‍ ശ്വാസംകിട്ടാതെ പിടയുന്നു. ഈ കാലത്തെപോലെ തന്നെ കവിതയും ആത്മാവില്ലാതെ അലയുന്നത് കാണേണ്ടിവരുന്നു.
പൂര്‍വസൂരികള്‍ നമുക്ക് കാണിച്ചുതന്നത് സാമൂഹ്യപ്രാധാന്യമുള്ള കവിതകളായിരുന്നു എങ്കില്‍ ഇന്നത് വ്യക്ത്യധിഷ്ഠിതമായിരിക്കുന്നു. അവനവന്റെ സുഖത്തിനും വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ള എഴുത്തായി കവിതകള്‍ മാറിയിട്ടുണ്ട്. നിഷ്പക്ഷമായ വിമര്‍ശനത്തിന് ഏതൊരു സാഹിത്യത്തിലും സ്ഥാനമുണ്ടാകും. എന്നാല്‍ ഇന്ന് അത്തരത്തിലുള്ള വിമര്‍ശനരീതി കവിതയിലുള്‍പ്പെടെ കാണുന്നില്ല. ഭാരതീയതയെ വിമര്‍ശിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുമാത്രം എഴുതുന്നവരെയും ഇന്ന് കാണുവാന്‍ സാധിക്കും. ഇത് മാത്രമല്ല പല കവിതകളുടെയും അര്‍ത്ഥം ഏറ്റവും ബാഹ്യതലത്തില്‍ മാത്രമൊതുങ്ങുന്നു. അതിനപ്പുറത്ത് ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള ഇടം സൃഷ്ടിക്കുവാന്‍ ആ വരികള്‍ക്ക് സാധിക്കുന്നില്ല.
സര്‍ഗാത്മക സൃഷ്ടികള്‍ വിഷം തുപ്പുന്നവയാകരുത്. ജാതിയുടെയോ മതത്തിന്റെയോ വര്‍ഗത്തിന്റെയോ നിറത്തിന്റെയോ പേരില്‍ ആളുകളെ പോരടിപ്പിക്കുന്നതാകരുത്. ഒരുമിച്ചു ചേരാനും ഒരുമിച്ച് ചിന്തിക്കുവാനുമുള്ള ഇടങ്ങള്‍ സൃഷ്ടിക്കുവാന്‍ കാവ്യങ്ങള്‍ക്ക് സാധിക്കണം. ഇന്നത്തെ കാലഘട്ടത്തില്‍ എഴുതുന്ന കവിതകള്‍ക്ക് അത് സാധിക്കുന്നുണ്ടോ എന്ന് സംശയമാണ്. മാത്രമല്ല വളര്‍ന്നുവരുന്ന ഒരു തലമുറയുടെ കണ്ണില്‍നിന്ന് അക്ഷരങ്ങളെ ആദ്യം മറച്ചുപിടിച്ചവര്‍ ഇന്ന് ആ മനസ്സുകളിലേക്ക് ആദ്യം എത്തേണ്ട ഈണങ്ങളെയും താളങ്ങളെയും ഒഴിവാക്കിയിരിക്കുന്നു. ആശയസമ്പന്നമെന്ന വാക്കിനെ കൂട്ടുപിടിച്ച് ഒരിക്കലും ആസ്വദിക്കാന്‍ കഴിയാത്ത വരികള്‍ നല്‍കിക്കൊണ്ട് അവരുടെ കാവ്യപാഠങ്ങളെ വിരസമാക്കുന്ന പ്രവണതയെ കണ്ടില്ലെന്നു നടിക്കാനാവുന്നില്ല. എല്ലാത്തിനെയും വെട്ടിമുറിയ്‌ക്കുന്ന, ‘ജന്തുത മാത്രം ജയിക്കുന്ന’ മൂല്യശോഷണം സംഭവിച്ച, ഭൗതികസുഖഭ്രമം ബാധിച്ച, ദുഷ്പ്രവണതകള്‍ അധികരിച്ചുവരുന്ന സമൂഹത്തില്‍ സാഹിത്യത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്. ത്യാഗബുദ്ധിക്കോ ശ്രേഷ്ഠചിന്തകള്‍ക്കോ സ്ഥാനമില്ലാത്ത ഒരു സമൂഹത്തില്‍ കാവ്യചിന്തകളിലും അത് പ്രതിഫലിക്കുമെന്ന് കരുതുവാന്‍ വയ്യ. സാഹിത്യം പോലും സ്ഥാനലബ്ധിക്കും ധനലാഭത്തിനുമായി മാറിയിരിക്കുന്നു. ‘പോകുന്നോ നിന്‍ നൃത്തം നിര്‍ത്തി നീ ദേവി’! എന്ന് ചങ്ങമ്പുഴ ഭയപ്പെട്ടതുപോലെ കവിതയുടെ ചിലങ്കകള്‍ എവിടെയോ അഴിഞ്ഞുവീണ് നിശ്ശബ്ദമായിരിക്കുന്നു. പ്രതീക്ഷകള്‍ തീരെ അസ്തമിക്കാത്തതുകൊണ്ട് ഇനിയുമൊരു സര്‍ഗവസന്തത്തിനുവേണ്ടി നമുക്ക് കാത്തിരിക്കാം.