• Wed. Sep 28th, 2022

24×7 Live News

Apdin News

കാട്ടാക്കട സംഭവം ഞെട്ടിക്കുന്നത് ; യാത്രക്കാരോട് ഇങ്ങനെ‍യാണോ പെരുമാറുന്നതെന്ന് ഹൈക്കോടതി

Byadmin

Sep 22, 2022


കൊച്ചി: മകളുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി. യാത്രക്കാരോട് ഈ രീതിയിലാണ് പെരുമാറുന്നതെങ്കില്‍ കെഎസ്ആര്‍ടിസിയെ എങ്ങനെ ആശ്രയിക്കാനാകുമെന്നും കോടതി ചോദിച്ചു. സംഭവത്തില്‍ വിശദറിപ്പോര്‍ട്ട് വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് സംഭവമുണ്ടായത്. പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരന്‍ ആമച്ചല്‍ ഗ്രീരേഷ്മയില്‍ പ്രേമനനാണ് (53) മര്‍ദനമേറ്റത്. മകള്‍ മലയിന്‍കീഴ് മാധവകവി ഗവ.കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ രേഷ്മയുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കി വാങ്ങാനെത്തിയതായിരുന്നു പ്രേമനന്‍. മകള്‍ രേഷ്മയും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. 

കണ്‍സഷന്‍ ലഭിക്കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നു കൗണ്ടറിലിരുന്ന ജീവനക്കാരന്‍ പറഞ്ഞു. 3 മാസം മുന്‍പ് കാര്‍ഡ് എടുത്തപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നു പ്രേമനന്‍ വിശദീകരിച്ചു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കണ്‍സഷന്‍ നല്‍കാനാകില്ലെന്നു വാദത്തില്‍ ജീവനക്കാരന്‍ ഉറച്ച് നിന്നതോടെ വാക്കുതകര്‍ക്കമുണ്ടാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ മന്ത്രി ആന്റണി രാജുവിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് 4 കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.