കൊറോണക്കാലത്ത് കപ്പയ്ക്ക് ആഫ്രിക്കൻ കീട ഭീഷണി
Published:08 May 2020
# എം.ബി. സന്തോഷ്
“ഫീനാകോക്കസ് മാനിഹോട്ടി’ എന്നറിയപ്പെടുന്ന കീടം ഇലയുടെ അടിയിൽ പറ്റിപ്പിടിച്ച് പടർന്ന് ഇലകൾ മുഴുവനായും വേരുകളുടെ പകുതിയിലേറെയും നശിപ്പിക്കുന്നു. നീരുവലിച്ചു കുടിക്കുന്ന ഈ പ്രാണി വെള്ളപൂപ്പൽ പോലെയാണ് ഇലയിൽ പടരുന്നത്
തിരുവനന്തപുരം: മലയാളിയുടെ പ്രിയ ഭക്ഷണമായ കപ്പയ്ക്ക് (മരച്ചീനി) കൊറോണക്കാലത്ത് ആഫ്രിക്കൻ കീട ഭീഷണി. രാജ്യത്താദ്യമായി തൃശൂരിലാണ് ഇത് കൃഷിയെ ബാധിച്ചിരിക്കുന്നത്. രോഗബാധയുണ്ടായാൽ ചെടി മൂടോടെ പിഴുത് നശിപ്പിക്കുകയേ മാർഗമുള്ളൂ. മറ്റു കാർഷിക വിളകളെ അപേക്ഷിച്ച് കീടബാധ കുറവായതിനാൽ മരച്ചീനി കർഷകർക്ക് ഇത്രയും കാലം ആശങ്ക ഉണ്ടായിരുന്നില്ല. കീടങ്ങൾ ആക്രമിക്കില്ല എന്നതു മരച്ചീനിയുടെ സവിശേഷതയായാണ് കരുതിയിരുന്നത്.
“ഫീനാകോക്കസ് മാനിഹോട്ടി’ എന്നറിയപ്പെടുന്ന കീടം ഇലയുടെ അടിയിൽ പറ്റിപ്പിടിച്ച് പടർന്ന് ഇലകൾ മുഴുവനായും വേരുകളുടെ പകുതിയിലേറെയും നശിപ്പിക്കുന്നു. നീരുവലിച്ചു കുടിക്കുന്ന ഈ പ്രാണി വെള്ളപൂപ്പൽ പോലെയാണ് ഇലയിൽ പടരുന്നത്. തെക്കേ അമെരിക്കയിൽ നിന്ന് 1970കളിലാണ് ഈ കീടം ആഫ്രിക്കയിൽ എത്തിപ്പെട്ടത്. ആഫ്രിക്കയുടെ ഭക്ഷ്യസുരക്ഷ കപ്പയും കാച്ചിലുമായിരുന്ന അക്കാലത്ത് 80 ശതമാനത്തിലേറെ മരച്ചീനിക്കൃഷിയും നഷ്ടമായി. 2008ൽ തായ്ലൻഡിലാണ് ആദ്യമായി ഒരു ഏഷ്യൻ രാജ്യത്ത് ഈ രോഗം സ്ഥിരീകരിച്ചത്.
33 ഇനം ശത്രുകീടങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഈ കീടത്തിന്റെ പിടിയിൽനിന്ന് ആ രാജ്യങ്ങൾ രക്ഷപ്പെട്ടതെന്ന് തൃശൂരിൽ ഇത് കണ്ടെത്തിയ ഈ രംഗത്തെ ഇന്ത്യയിലെ വിദഗ്ധനും ബംഗളൂരുവിലെ നാഷണൽ ബ്യൂറോ ഒഫ് അഗ്രികൾച്ചറൽ ഇൻസെക്റ്റ് റിസോഴ്സസിലെ (എൻബിഎഐആർ) പ്രിൻസിപ്പൽ സയന്റിസ്റ്റുമായ സുനിൽ ജോഷി, ചന്ദിഷ് ആർ. ബലാൽ, വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളെജിലെ അഗ്രികൾച്ചർ എന്റമോളജിയിലെ സച്ചിൻ ജി. പൈ, കെ.ബി. ദീപ്തി എന്നിവർ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരിൽ 2000 ചതുരശ്ര മീറ്റർ മരച്ചീനി കൃഷിയിടത്താണ് ഇവയെ കണ്ടത്. കേരളത്തിൽ വയലുകളിൽ കാണപ്പെടുന്ന കൊഴുത്തച്ചീര, സൂര്യകാന്തി വർഗത്തിൽപ്പെടുന്ന ചെറിയ മഞ്ഞപ്പൂക്കളോടുകൂടിയ ചെടി, ചെറിയ അലങ്കാരച്ചെടിയായ ബ്ലൂമിയ എന്നീ കളകളിൽ ഈ കീടങ്ങൾ വളരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Tags :
Cassava
African Virus
Kappa
Covid 19