• Mon. Sep 25th, 2023

24×7 Live News

Apdin News

| ഗംഭീര തോല്‍വി , ഇന്ത്യയുടെ വല നിറച്ച്‌ ചൈന (5-1)

Byadmin

Sep 20, 2023


uploads/news/2023/09/658459/s1.jpg

ഹാങ്‌ഷു: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്‌ ഗംഭീര തോല്‍വിയോടെ തുടക്കം. ആതിഥേയരായ ചൈനയോട്‌ 5-1 നാണ്‌ ഇന്ത്യ തോറ്റത്‌. ഗിയാവു ടിയാനി, ഡായ്‌ വീജുന്‍, താവു ക്വിയാങ്‌ലോങ്‌, ഹാവു ഫാങ്‌ എന്നിവരാണു ചൈനയ്‌ക്കു വേണ്ടി ഗോളടിച്ചത്‌്. മലയാളി താരം രാഹുല്‍ കെ.പിയാണ്‌ ഇന്ത്യക്കു വേണ്ടി ഗോളടിച്ചത്‌.
ഇന്ത്യക്ക്‌ അടുത്ത മത്സരങ്ങളില്‍ ബംഗ്‌ളാദേശിനെയും മ്യാന്‍മറിനെയും തോല്‍പ്പിച്ചാലെ രണ്ടാം റൗണ്ടിലെത്താനാകു. മറ്റൊരു മത്സരത്തില്‍ മ്യാന്‍മര്‍ ബംഗ്‌ളാദേശിനെ 4-2 നു തോല്‍പ്പിച്ചതും ഇന്ത്യയുടെ സാധ്യതകള്‍ക്കു തിരിച്ചടിയാണ്‌.
മൂന്നാം നിര ടീമുമായാണ്‌ കോച്ച്‌ ഇഗോര്‍ സ്‌റ്റിമാച്‌ ഹാങ്‌ഷുവിലെത്തിയത്‌. മത്സരത്തിന്‌ ഒരു ദിവസം മുമ്പാണു ടീം ഗെയിംസ്‌ വില്ലേജിലെത്തിയത്‌. സ്‌പെഷലിസ്‌റ്റ് ഡിഫന്‍ഡര്‍മാരുടെ അഭാവം ടീമിനെ വല്ലാതെ വലച്ചു. പരിശീലനവും വിശ്രമമും ഇല്ലാത്തതിനാല്‍ ടീമിന്‌ ഒത്തൊരുമിച്ചു കളിക്കാനായില്ല. വെറ്ററന്‍ താരം സന്ദേശ്‌ ജിങ്കാന്റെ ഒരു പിഴവ്‌ ഗോളിനും കാരണമായി. നായകന്‍ വെറ്ററന്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിക്കു കളിച്ച 85 മിനിറ്റും സ്വാധീനം ചെലുത്താനായില്ല.
കളിക്കാരെ വിട്ടു തരാത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ്‌ ലിമിറ്റഡിനെയും ക്ലബുകളെയും ഇഗോര്‍ സ്‌റ്റിമാച്‌ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഐ.എസ്‌.എല്‍. ക്ലബുകളുടെ പകരക്കാരുടെ നിരയില്‍പ്പോലും ഇല്ലാത്തവരെയാണു ടീം ഇന്ത്യ കളിപ്പിക്കേണ്ടി വരുന്നതെന്നും സ്‌റ്റിമാച്‌ പറഞ്ഞു. ഒന്നാം പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യക്കായി.
ചൈനീസ്‌ നായകന്‍ സു ചെന്‍ജീയുടെ സ്‌പോട്ട്‌ കിക്ക്‌ ഗോള്‍ കീപ്പര്‍ ഗുര്‍മീത്‌ സിങ്‌ ചാഹാല്‍ തടുത്തിട്ടു. ഛേത്രിയേയും ജിങ്കനെയും സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ അണി നിരത്തിയാണ്‌ ഇന്ത്യ കളത്തിലിറങ്ങിയത്‌. രാഹുല്‍ കെ.പി. മധ്യനിരയിലെത്തി. പരിശീലന സെഷന്റെ അഭാവം ഇന്ത്യയുടെ പ്രകടനത്തില്‍ നിഴലിച്ചു. പ്രമുഖ താരങ്ങള്‍ ഇല്ലാതെ എത്തിയിട്ടും മികച്ച നീക്കങ്ങള്‍ മേനഞ്ഞെടുക്കാന്‍ ടീമിനായതു ഭാവിയിലേക്കുള്ള ശുഭസൂചനയാണ്‌.
ആറാം മിനിറ്റില്‍ തന്നെ ഒരു ഹെഡര്‍ സേവ്‌ ചെയ്‌ത് ഗുര്‍മീത്‌ ഇന്ത്യയുടെ രക്ഷക്കെത്തി. എതിര്‍ താരത്തില്‍നിന്നു പന്ത്‌ കൈക്കലാക്കി ഛേത്രി സൃഷ്‌ടിച്ച അവസരം ലക്ഷ്യം കണ്ടില്ല. 16-ാം മിനിറ്റില്‍ ചൈന മുന്നിലെത്തി. കോര്‍ണറില്‍ നിന്നാണു ഗോള്‍ പിറന്നത്‌. പന്ത്‌ ഇന്ത്യക്കു ക്ലിയര്‍ ചെയ്യാനായില്ല. പന്ത്‌ കിട്ടിയ ടിയാനി ഗാവോ ശക്‌തിയേറിയ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. പിന്നാലെ ചൈനയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി. മുന്നേറ്റം തടയാന്‍ ഗോള്‍ കീപ്പര്‍ ഗുര്‍മീത്‌ ടിയാനിയെ വീഴ്‌ത്തി. ഗുര്‍മീതിന്റെ ഫൗളില്‍ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. ചൈനീസ്‌ നായകന്‍ സൂ ചെഞ്ചിയുടെ ഷോട്ട്‌ തടുത്ത്‌ ഗുര്‍മീത്‌ രക്ഷകനുമായി.

ഛേത്രിയുടെ പാസിനെ റഹീം അലി പാഴാക്കിയതു ഞെട്ടിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ രാഹുല്‍ കെപിയുടെ വ്യക്‌തിഗത മികവിലൂടെ ഇന്ത്യ സമനില ഗോളടിച്ചു. വലതു വിങ്ങില്‍ മൈതാനനിന്ന്‌ ഉയര്‍ത്തി നല്‍കിയ പാസിനായി ബോക്‌സിലേക്കു കുതിച്ച രാഹുല്‍ പന്ത്‌ നിയന്ത്രണത്തില്‍ ആക്കാന്‍ ശ്രമിക്കാതെ ദുഷകരമായ ആംഗിളില്‍നിന്നു തൊടുത്ത തകര്‍പ്പന്‍ ഷോട്ട്‌ വലയില്‍ പതിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗോളുകളടിച്ച്‌ ചൈന മത്സരം കൈക്കലാക്കി. അന്‍പതാം മിനിറ്റില്‍ ഡായ്‌ വെയ്‌ജുനിന്റെ ലോങ്‌ റേഞ്ചര്‍ ഗുര്‍മീത്തിനെ കീഴടക്കി വലയിലെത്തി. 71-ാം മിനിറ്റില്‍ ക്വിയാങ്‌ലോങ്‌ ചൈനയുടെ ലീഡ്‌ വര്‍ധിപ്പിച്ചു. വാങ്‌ ഹൈജനിന്റെ ഷോട്ട്‌ കീപ്പര്‍ തടുത്തെങ്കിലും ഓടിയെത്തിയ താരം ലക്ഷ്യം കണ്ടു. നാല്‌ മിനിറ്റിനു ശേഷം ജിങ്കന്റെ പിഴവില്‍നിന്നും ലഭിച്ച അവസരവും ചൈന മുതലെടുത്തു. പന്ത്‌ കൈക്കലാക്കിയ പെങ്‌ നല്‍കിയ പാസിനെ ക്വിയാങ്‌ലോങ്‌ ലക്ഷ്യത്തിലെത്തിച്ചു. തോല്‍വി ഭാരം കുറയ്‌ക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പാളി. ഇഞ്ചുറി ടൈമില്‍ ചൈന അഞ്ചാം ഗോളുമടിച്ചു. ത്രൂ ബോളിനെ ബോക്‌സിന്റെ വലത്‌ ഭാഗത്തേക്കു വഴിതിരിച്ചു വിടാന്‍ ഫാങിനായി.



By admin