മുംബൈ: യാത്രാവിമാനങ്ങളില്‍ ബോംബ് ഭീഷണി തുടര്‍ക്കഥയാവുന്നു. ചൊവ്വാഴ്ചയും ഏകദേശം 100 വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉണ്ടായി. പല വിമാനങ്ങളും വഴി തിരിച്ചുവിട്ടു. ചിലവ താഴെയിറക്കി. എയറിന്ത്യ (26 വിമാനം), ഇന്‍ഡിഗോ (35 വിമാനം) വിസ്താര (32) എന്നിങ്ങനെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഒക്ടോബര്‍ 29 വരെയുള്ള 16 ദിവസങ്ങളില്‍ 510 ബോംബ് ഭീഷണികള്‍ യാത്രാവിമാനങ്ങള്‍ക്ക് നേരെ ഉയര്‍ന്നിരുന്നു.
വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവരില്‍പെട്ട ഒരാളെ പൊലീസ് തിരിച്ചറിഞ്ഞു.. മഹാരാഷ്‌ട്ര സ്വദേശിയായ ഇയാള്‍ തീവ്രവാദത്തെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. ജഗദീഷ് ഉയ്കി എന്നാണ് ഇയാളുടെ പേര്. മഹാരാഷ്‌ട്രയിലെ ഗോണ്ടിയ സ്വദേശിയായ ഇയാള്‍ക്ക് 35 വയസ്സാണ്. ഇയാള്‍ വ്യാജ ബോംബ് ഭീഷണി മുഴക്കുന്ന നിരവധി ഇമെയിലുകള്‍ അയച്ചിട്ടുണ്ട്. ഡിസിപി ശ്വേത ഖേഡ്കറാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇയാള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, റെയില്‍വേ മന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേ, വിവിധ യാത്രാവിമാനങ്ങളുടെ ഓഫീസ് തുടങ്ങി പലര്‍ക്കും ഭീഷണി ഇമെയിലുകള്‍ അയച്ചിട്ടുണ്ട്.
നാഗ് പൂര്‍ പൊലീസാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയ ജഗദീഷ് ഉയ്കിയുടെ പേര് വെളിപ്പെടുത്തിയത്. നഗരത്തിലെ സിറ്റി പൊലീസിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇയാളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇയാള്‍ ഒളിവിലാണ്. പൊലീസ് ഇയാള്‍ക്ക് വേണ്ടി ശക്തമായ തിരച്ചില്‍ നടത്തിവരികയാണ്.