ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അസ്വസ്ഥരായി പാക്കിസ്ഥാന്‍; ദല്‍ഹി കലാപങ്ങളില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് ഇന്റലിജെന്‍സ്

ന്യൂദല്‍ഹി : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചതില്‍ പാക്കിസ്ഥാന്‍ അസ്വസ്ഥരായിരുന്നു. ദല്‍ഹിയില്‍ കലാപാന്തരീക്ഷം ഉടലെടുത്തതിന് പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുള്ളതായി ഇന്റലിജെന്‍സ്. സംസ്ഥാനത്ത് ഇത്തരത്തില്‍ കലാപങ്ങള്‍ ഉടലെടുക്കുന്നതിന് പിന്നില്‍ പാക് ചാരസംഘടനയ്ക്ക് പങ്കുള്ളതായും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. 

വിവിധ സംസ്ഥാനങ്ങളിലേക്കും വര്‍ഗ്ഗീയ കലാപം വ്യാപിപ്പിക്കാനും ഐഎസ്‌ഐ പദ്ധതിയിടുന്നുണ്ട്. യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനവേളയില്‍ കലാപങ്ങള്‍ അഴിച്ചുവിട്ട് അന്താരാഷ്ട്ര ശ്രദ്ധ ഇന്ത്യയിലേക്ക് തിരിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമം നടത്തിയത്. എന്നാല്‍ 36 മണിക്കൂര്‍ നീണ്ടു നിന്ന ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പാക്കിസ്ഥാനെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഇന്ത്യ- യുഎസ് ബന്ധം വളരുന്നത് പാക്കിസ്ഥാന്‍ തിരിച്ചടിയാകുമെന്നാണ് അവര്‍ വിലയിരുത്തുന്നത്. 

ഇതോടെ ജനങ്ങളെ പ്രകോപിപ്പിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കാനും ഐഎസ്‌ഐ ശ്രമം നടത്തുന്നുണ്ടെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ ഐഎസ്ഐയുടെ സ്ലീപ്പര്‍ സെല്‍സുകളാണ് രാജ്യത്ത് കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നത്. അതേസമയം കലാപങ്ങളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരുടെ പക്കല്‍ നിന്നും കള്ളനോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. കറാച്ചിയില്‍ അച്ചടിച്ചവയാണ് ഈ നോട്ടുകള്‍. 

ഇതിന് പുറമേ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി ചില മാധ്യമങ്ങള്‍ക്ക് പണം നല്‍കിയതായും ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. നേപ്പാള്‍ വഴിയാണ് ഈ പണം സംഘടന ഇന്ത്യയിലേക്ക് കടത്തിയത്. സംഘര്‍ഷം സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി കള്ള നോട്ടുകള്‍ ചില മാധ്യമങ്ങള്‍ക്ക് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. 

രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലുള്ള പാക് അനുകൂല ഭീകരരുടെ സഹായത്തോടെയാണ് പണം രാജ്യത്തേക്ക് ഐഎസ്‌ഐ എത്തിച്ചത്. പ്രത്യക്ഷത്തില്‍ ഇത് കള്ളനോട്ടാണെന്ന് കണ്ടു പിടിക്കാന്‍ കഷ്ടമാണ്. ഇന്ത്യന്‍ നോട്ടുകളുടെ ഒമ്പത് സുരക്ഷാ മാനദണ്ഡങ്ങളില്‍ ഏഴ് എണ്ണവും വ്യാജമായി തയ്യാറാക്കിയാണ് ഈ നോട്ട് നിര്‍മിച്ചിരിക്കുന്നതെന്ന് ഇന്റലിജെന്‍സ് അറിയിച്ചു. 

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ കലാപങ്ങള്‍ അഴിച്ചു വിടുന്നതിന് മുസ്ലിം സംഘടനകള്‍ക്ക് ഐഎസ്ഐ പണം നല്‍കിയിട്ടുണ്ട്. കലാപങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏകദേശം 1000 ലധികം സാമൂഹ്യമാധ്യമ ഗ്രൂപ്പുകള്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദല്‍ഹി ജാമിയ നഗര്‍, സീലംപൂര്‍, ജഫ്രാബാദ് തുടങ്ങിയ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില കലാപത്തിന് പിന്നിലും ഐഎസ്‌ഐയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജെന്‍സ് നിരവധി പേരെ നിരീക്ഷിച്ചു വരികയാണ്. ഇവര്‍ നടത്തിയ ഫോണ്‍ വിളികളും പരിശോധിക്കുന്നുണ്ട്. കുടാതെ സംസ്ഥാനത്തെ ആയിരത്തോളം വാട്‌സ്ആപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്. കലാപത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തില്‍ ഇവര്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പ്രക്ഷോഭം സാവധാനം മഹാരാഷ്ട്ര, ബംഗാള്‍, ബീഹാര്‍ തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഐഎസ്‌ഐ ശ്രമം നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.