• Tue. Jul 8th, 2025

24×7 Live News

Apdin News

നാളെ സംസ്ഥാന വ്യാപക 'സോളാര്‍ ബന്ദ്'; കെഎസ്ഇബിയുടെ പുതിയ സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ചും ധര്‍ണ്ണയും

Byadmin

Jul 2, 2025


തിരുവനന്തപുരം: കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട് സൗരോര്‍ജ്ജ നയത്തിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍. നയത്തിലെ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ സോളാര്‍ ബന്ദ് ആചരിക്കും.

സോളാര്‍ പ്ലാന്റുകളുടെ നിര്‍മ്മാണം, വിപണനം, ഇന്‍സ്റ്റാളേഷന്‍, സര്‍വ്വീസ് മേഖലകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ബന്ദിന്റെ ഭാഗമായി അടച്ചിടും. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളയമ്പലത്തെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂന്നു കിലോവാട്ടിന് താഴെയായി നെറ്റ് മീറ്ററിങ് പരിമിതപ്പെടുത്തുക, അഞ്ചുകിലോ വാട്ടിനു മുകളില്‍ 30% ബാറ്ററി സ്റ്റോറേജ് നിര്‍ബന്ധമാക്കുക, ഓരോ യൂണിറ്റിനും ഒരു രൂപ അധികമായി ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ്ജ് ഈടാക്കുക, ഊര്‍ജ്ജം ബാങ്ക് ചെയ്ത് മാസം തോറും ഉത്പാദിപ്പിക്കുന്ന വൈദ്യുതി അടുത്ത മാസത്തേക്ക് ക്യാരി ഫോര്‍വേഡ് ചെയ്യുന്ന രീതി അവസാനിപ്പിക്കുക തുടങ്ങി അപ്രായോഗികമായ നിരവധി നിര്‍ദ്ദേശങ്ങള്‍ കരടിലുണ്ട്. ട്രാന്‍ഫോര്‍മര്‍ കപ്പാസിറ്റി അടക്കമുള്ള വിഷയങ്ങളില്‍ അമിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുമുണ്ട്. നയത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ വൈദ്യുതി വിലകുത്തനെ ഉയരുകയും ജനജീവിതത്തെയും വ്യവസായിക മേഖലയെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നു മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

മേല്‍ക്കൂര സൗരോര്‍ജ്ജ ഉത്പാദനത്തില്‍ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. ഊര്‍ജ്ജ സ്വയം പര്യാപ്തതയോടൊപ്പം സീറോ കാര്‍ബണ്‍ അടക്കമുള്ള ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് കേരളം. ഈ നേട്ടങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന നിര്‍ദ്ദേശങ്ങളാണ് കരട് നയത്തിലുള്ളത്. 4500 മെഗാവാട്ട് പോലും ഉത്പാദന ശേഷിയില്ലാത്ത കേരളത്തിന്, ഇലക്ട്രിക് വാഹന വിപ്ലവം നടക്കുന്ന കാലഘട്ടത്തില്‍ പൊതുജനങ്ങള്‍ സ്വന്തം പണം മുടക്കി നിര്‍മ്മിക്കുന്ന സൗരോര്‍ജ്ജ പ്ലാന്റുകള്‍ വലിയ മുതല്‍ക്കൂട്ടാണ്. ഈ വ്യവസ്ഥകള്‍ നടപ്പാക്കിയാല്‍ സര്‍ക്കാറിനെ വിശ്വസിച്ച് സൗരോര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തിയ പ്രൊസ്യൂമേഴ്‌സ് വഞ്ചിക്കപ്പെടുമെന്ന് അസോസിയേഷന്‍ ഭാരവാഹികളായ ജെ.സി. ലിജോ നൗഫല്‍ റൊസെയ്‌സ് രാജേഷ് പുന്നടിയില്‍ ബി.ബിജു , ബി. ശശികുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

By admin