• Mon. Sep 9th, 2024

24×7 Live News

Apdin News

പി.വി അന്‍വറിന്റെ വെളിപ്പെടുത്തല്‍: പ്രതിസ്ഥാനത്ത് മുഖ്യമന്ത്രി: പിഎംഎ സലാം

Byadmin

Sep 2, 2024


ഭരണപക്ഷ എം.എൽഎ പി.വി അൻവറിന്റെ വെളിപ്പെടുത്തലുകൾ അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ് ഈ ആരോപണങ്ങളുടെ കുന്തമുനയെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. അൻവറിന്റെ ആരോപണങ്ങൾ നിസ്സാരമായി തള്ളിക്കളയാൻ കഴിയുന്നതല്ല. മുഖ്യമന്ത്രിയുടെ ഇഷ്ടതോഴന്മാരായ പി. ശശിക്കും അജിത് കുമാറിനും എതിരെയാണ് അൻവർ രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സംഘത്തിലെ തലവന്മാരെക്കുറിച്ചാണ് അൻവർ വെളിപ്പെടുത്തലുകൾ നടത്തിയത്. അതുകൊണ്ട് തന്നെ ഈ ആരോപണങ്ങളുടെ പ്രതിസ്ഥാനത്തുള്ളത് മുഖ്യമന്ത്രിയാണെന്നും പി.എം.എ സലാം പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ നിർജ്ജീവാവസ്ഥയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുമാണ് പുറത്ത് വരുന്നത്. ഇത് കേരളീയ സമൂഹത്തിൽ ഉണ്ടാക്കുന്ന ആഘാതം ഗുരുതരമായിരിക്കും. ഒരുകാലത്തും കേരളം കേൾക്കാത്തതും കേൾക്കാൻ ആഗ്രഹിക്കാത്തതുമായ വസ്തുതകളാണ് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ പോലും ഫോൺ ചോർത്തി എന്ന് പറഞ്ഞാൽ രാജിവെച്ച് വേറെ പണിക്ക് പോകുന്നതാണ് നല്ലത്. സ്വർണ്ണക്കടത്ത് സംഘം ഉൾപ്പെടെയുള്ള മാഫിയകളുമായി മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഈ പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ട് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. മുഖ്യമന്ത്രിയുടെ ഓഫീസല്ല, മുഖ്യമന്ത്രി തന്നെയാണ് ഇത്തരം വിഷയങ്ങളിലെ യഥാർത്ഥ പ്രതിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള കാരണമായി പറയുന്നത്. എന്നാൽ ഇതേ ജാവദേക്കറുമായി പലതവണ ചർച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തൽസ്ഥാനത്ത് തുടരുന്നതിലെ വൈരുദ്ധ്യം എൽ.ഡി.എഫ് വ്യക്തമാക്കണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.

By admin