• Tue. Jul 8th, 2025

24×7 Live News

Apdin News

പീക്ക് സമയങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി നിരക്ക് 200 ശതമാനം വരെ കൂട്ടാം; കേന്ദ്രസര്‍ക്കാര്‍ അനുമതി

Byadmin

Jul 2, 2025


ന്യൂഡല്‍ഹി: പീക്ക് അവറുകളില്‍ നിരക്ക് വര്‍ധിപ്പിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികളുടെ ഡൈനാമിക് പ്രൈസിങ്ങിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഡിമാന്‍ഡ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കുന്ന രീതിയാണ് ഡൈനാമിക് പ്രൈസിങ്.

പുതിയ ചട്ടം അനുസരിച്ച് ഡിമാന്‍ഡ് കുറവുള്ള സമയത്ത് അടിസ്ഥാന നിരക്കിന്‍റെ 50 ശതമാനമായി നിരക്ക് കുറയാം. എന്നാല്‍ പീക്ക് സമയത്ത് അടിസ്ഥാന നിരക്കിന്റെ 200 ശതമാനം വരെ കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. എന്നിരുന്നാലും, യാത്രാദൂരം മൂന്ന് കിലോമീറ്ററില്‍ താഴെയാണെങ്കില്‍ അധിക നിരക്ക് ഈടാക്കാന്‍ പാടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഓല, ഊബര്‍, റാപ്പിഡോ തുടങ്ങിയ അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമുകള്‍ വഴി യാത്രക്കാര്‍ക്ക് മോട്ടോര്‍സൈക്കിള്‍ ടാക്‌സി ഉപയോഗിക്കുന്നതിനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. പുതിയ വ്യവസ്ഥ അനുസരിച്ച്, ഒരു ഡ്രൈവര്‍ സാധുവായ കാരണമില്ലാതെ ആപ്പില്‍ ഒരു യാത്ര റദ്ദാക്കുകയാണെങ്കില്‍ യാത്രാനിരക്കിന്റെ പത്തുശതമാനം പെനാല്‍റ്റിയായി ചുമത്താവുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ ഈടാക്കുന്ന പിഴ നൂറ് രൂപയില്‍ കൂടാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഈ പിഴ തുക ഡ്രൈവര്‍ക്കും അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമിനും ഇടയില്‍ തുല്യമായി പങ്കിടണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. അതേപോലെ, ഒരു പ്രത്യേക കാരണവുമില്ലാതെ ബുക്കിങ് റദ്ദാക്കുന്ന യാത്രക്കാര്‍ക്കും ഇതേ റദ്ദാക്കല്‍ പിഴ ബാധകമാണ്.

By admin