• Fri. May 24th, 2024

24×7 Live News

Apdin News

പൗരത്വ നിയമത്തില്‍ പറഞ്ഞത് ചെയ്യുന്നു

Byadmin

May 17, 2024


ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് മോദി ഗ്യാരന്റിയെക്കുറിച്ച് രാജ്യമെമ്പാടും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതില്‍ പ്രധാനപ്പെട്ട ഒന്നുകൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഭേദഗതി വരുത്തിയ പൗരത്വനിയമം പ്രാവര്‍ത്തികമായിരിക്കുകയാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മതപീഡനങ്ങളെ തുടര്‍ന്ന് ഭാരതത്തില്‍ അഭയംപ്രാപിച്ച 350 പേര്‍ക്ക് പൗരത്വം ലഭിച്ചതിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. ദല്‍ഹിയില്‍ പതിനാല് പേര്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. 2020 ജനുവരിയില്‍ തന്നെ പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍കൊണ്ടുവന്നിരുന്നില്ല. ഈ വര്‍ഷം മാര്‍ച്ചിലാണ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. കൊവിഡ് മഹാമാരിയാണ് നിയമം നടപ്പാക്കുന്നത് വൈകാന്‍ കാരണം. പൗരത്വ ഭേദഗതി നിയമം മതവിവേചനം കാണിക്കുന്നതാണെന്നു പറഞ്ഞ് പ്രതിപക്ഷമായ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ജിഹാദികളുമായി ചേര്‍ന്ന് തുടക്കം മുതല്‍ തന്നെ പാര്‍ലമെന്റിനകത്തും പുറത്തും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ദല്‍ഹിയില്‍ അത് നിരവധിപേരുടെ മരണത്തിനും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ വര്‍ഗീയ കലാപത്തിനും വഴിവച്ചു. ഈ നിയമത്തിന്റെ പേരില്‍ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം അലങ്കോലപ്പെടുത്താനുള്ള ശ്രമം പോലും നടന്നു. ചട്ടങ്ങള്‍കൊണ്ടുവരാന്‍ വൈകിയത് നിയമം നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതിന്റെ തെളിവായി പ്രതിപക്ഷം പ്രചരിപ്പിച്ചു. എന്നാലിപ്പോള്‍ ആദ്യഘട്ടത്തില്‍ 350 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതോടെ കുപ്രചാരണങ്ങള്‍ക്ക് അന്ത്യം വന്നിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതോടെ നിയമം നടപ്പാക്കുന്നതിനെതിരെ ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. നിയമത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി മോദി കടന്നാക്രമിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ്സും മറ്റു പാര്‍ട്ടികളും കള്ളങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ കലാപത്തിനു ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പൗരത്വ ഭദേഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും, പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകളെ വെല്ലുവിളിയായി ഏറ്റെടുത്ത് നിയമം നടപ്പിലാക്കാനുള്ള ഇച്ഛാശക്തി പ്രകടിപ്പിച്ചതും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ്. എന്തുവന്നാലും നിയമം നടപ്പാക്കുമെന്ന് അമിത് ഷാ ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി. ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗങ്ങളോട് യാതൊരു അനുതാപവുമില്ലാതെയാണ് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പൗരത്വഭേദഗതി നിയമത്തെ അന്ധമായി എതിര്‍ത്തുകൊണ്ടിരുന്നത്. ഈ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ത്ഥികളായെത്തുന്ന ഹിന്ദു, ക്രൈസ്തവ, ബുദ്ധ, ജൈന, പാഴ്‌സി മതവിശ്വാസികള്‍ക്കാണ് പൗരത്വം നല്‍കുന്നത്. നിയമത്തിന്റെ പരിധിയില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. എന്നാല്‍ ഈ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ മതപരമായി പീഡിപ്പിക്കപ്പെടുന്നില്ലെന്നും, അവര്‍ അക്രമികളാണെന്നുമുള്ള സത്യം കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും ജിഹാദി ശക്തികളും മറച്ചുവച്ചു.

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലായപ്പോഴും, അത് നടപ്പാക്കാന്‍ തീരുമാനിച്ചപ്പോഴും ജിഹാദി ശക്തികള്‍ക്കൊപ്പം നിന്ന് എതിര്‍ക്കുകയും, നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തവരാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. പൗരത്വം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും, ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നുംതന്നെ ചെയ്യാനില്ലെന്നും അറിഞ്ഞുകൊണ്ടുതന്നെ ജിഹാദി ശക്തികളെ പ്രീണിപ്പിക്കാനും മുസ്ലിം വോട്ടുബാങ്കിന്റെ പിന്തുണ നേടാനും വളയമില്ലാതെ ചാടുകയാണ് പിണറായിയും മമതയും ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിംലീഗിനൊപ്പം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ സിപിഎമ്മും തയ്യാറായി. ഇപ്പോള്‍ നിയമപ്രകാരം പാകിസ്ഥാനില്‍നിന്ന് ഉള്‍പ്പെടെയുള്ളവര്‍ക്ക് പൗരത്വം ലഭിച്ചതോടെ മമതയ്‌ക്കും മറ്റും മിണ്ടാട്ടം മുട്ടിയിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യം നേടിയ കാലത്തെ വാഗ്ദാനമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതെന്നും, അഭയാര്‍ത്ഥികളായെത്തുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്താല്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുമെന്നതിനാല്‍ കോണ്‍ഗ്രസ് ഈ വിഷയം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബിജെപിയാവട്ടെ പ്രധാന പ്രശ്‌നമായി ഉന്നയിക്കുകയും ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയവും കോണ്‍ഗ്രസ്സിന്റെ പരാജയവും ഉറപ്പുവരുത്തുന്ന ഘടകങ്ങളിലൊന്ന് പൗരത്വ ഭേദഗതി നിയമമായിരിക്കും.

 By admin