‘ഫിന്‍ജാല്‍’ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരണം മൂന്നായി. ചെന്നൈയില്‍ മൂന്നിടത്ത് മരണം റിപ്പോര്‍ട്ട് ചെയ്തു. വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആണ് മൂന്നു പേര്‍ക്കും ജീവന്‍ നഷ്ടമായതെന്നാണ് വിവരം.
അതേസമയം ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തമിഴ്‌നാട്ടിലെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പട്ട്, കാഞ്ചീപുരം, വിഴുപ്പുരം, വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമലൈ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ശനിയാഴ്ച ഉച്ചക്ക് ശേഷം ചുഴലിക്കാറ്റ് കരയിലേക്കടുത്തതോടെ ശക്തമായ കാറ്റ് വീശിയടിച്ചു. പലയിടങ്ങളിലും വൈദ്യുതി തൂണുകളും മരങ്ങളും റോഡില്‍ തകര്‍ന്നു വീണു. അതേസമയം ചെന്നൈ നഗരത്തിലെ പ്രധാന റോഡുകളിലും വെള്ളം കയറി. ഇത് ഗതാഗത തടസ്സമുണ്ടാക്കാനിടയായി.
വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് സ്‌കൂളുകളും കോളജുകളും അടച്ചു. നൂറുക്കണക്കിന് കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.