• Tue. Dec 3rd, 2024

24×7 Live News

Apdin News

ഭരണഘടന: വെല്ലുവിളികളും അതിജീവനവും

Byadmin

Nov 27, 2024



ഭാരതം സൃഷ്ടിച്ചത് ഭാരതീയരല്ല, മറിച്ച് ഭാരതം ഭാരതീയരെ സൃഷ്ടിക്കുകയായിരുന്നു എന്ന് പറയാറുണ്ട്. അതുപോലെ മൂല്യബോധമുള്ള ഒരു ഭരണഘടനയല്ല മൂല്യബോധമുള്ള ജനതയെ ഭാരതത്തില്‍ സൃഷ്ടിച്ചത്, മറിച്ച് മൂല്യബോധമുള്ള സംസ്‌കാരത്തിന്റെ പിന്‍ഗാമികള്‍ ആയതുകൊണ്ടാണ് മൂല്യബോധമുള്ള ഒരു ഭരണഘടന ഉണ്ടായത്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളായ ജനാധിപത്യം, തുല്യതയിലധിഷ്ഠിതമായ നീതിബോധം, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളല്‍ തുടങ്ങിയ മൂല്യങ്ങളുടെ വേരുകള്‍ നമ്മുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ പടര്‍ന്നുകിടക്കുന്നതാണ്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഇവയുടെ നിരവധി ബഹിര്‍സ്ഫുരണങ്ങള്‍ കാണാന്‍ കഴിയും. സ്വതന്ത്രഭാരതം സ്വീകരിച്ച ഭരണഘടനയില്‍ നമ്മുടെ സാംസ്‌കാരിക മന്ത്രങ്ങള്‍ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. ഭാരത ഭരണഘടന മാറ്റങ്ങള്‍ക്കുനേരെ മുഖം തിരിക്കുന്ന, മാറ്റങ്ങള്‍ അസാധ്യമായ ഒരു അന്തിമ വെളിപാടല്ല. കാലാനുസൃതമായി മാറാനുള്ള വ്യവസ്ഥകള്‍ ഭരണഘടന ഉറപ്പാക്കുന്നുണ്ട്. അപ്പോഴും മാറുന്നകാലത്തു മാറാത്ത മൂല്യങ്ങളുടെ ഊര്‍ജസ്രോതസായി വര്‍ത്തിക്കാനും നമ്മുടെ ഭരണഘടനക്ക് കഴിയുന്നു എന്നതാണത്തിന്റെ മഹത്വം. ആ അര്‍ത്ഥത്തില്‍ നമ്മുടെ ഭരണഘടന സനാതനമാണ്.

നമ്മുടെ ഭരണഘടന ഉരുത്തിരിഞ്ഞു വന്നത് 1946 ല്‍ രൂപീകൃതമായ ഭരണഘടനാ നിര്‍മാണ സഭയിലൂടെയാണ്. 1946 ഡിസംബര്‍ 13 ന് ഭരണഘടനാ നിര്‍മാണ സഭ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം പാസാക്കി. ജവഹര്‍ലാല്‍ നെഹ്‌റു ആണ് ആ പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. നമ്മുടെ ചിരപുരാതനവും നിത്യനൂതനവുമായ സംസ്‌കാരത്തിന്റെ മാറ്റൊലികള്‍ പ്രമേയത്തില്‍ കാണാന്‍ കഴിയും. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’, ‘വസുധൈവ കുടുംബകം’ തുടങ്ങിയ സനാതന സങ്കല്‍പങ്ങള്‍ ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാകണമെന്ന് ഉറപ്പുവരുത്തുകയാണിതിലൂടെ ചെയ്തത്. ഈ പ്രമേയത്തിന്റെയടിസ്ഥാനത്തിലും അതിനെ മാര്‍ഗരേഖയായി പരിഗണിച്ചുമാണ് തുടര്‍ ചര്‍ച്ചകള്‍ നടന്നത്.

രാഷ്‌ട്രത്തിന്റെ പേര്

രാഷ്‌ട്രത്തിന്റെ പേര് എന്തായിരിക്കണം എന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു. ഭാരതം (ഇന്ത്യ) എന്ന് വേണമെന്ന് അനന്തശയനം അയ്യങ്കാര്‍ വാദിച്ചു. ഒറീസയില്‍ നിന്നുള്ള ലോകനാഥ മിശ്ര നിര്‍ദേശിച്ചത് ഭാരതവര്‍ഷം എന്ന പേരാണ്. ഹിന്ദുസ്ഥാന്‍ എന്ന പേരിനായി ചിലര്‍ വാദിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം സഭ അംഗീകരിച്ചത് India that is Bharat’ എന്നതാണ്. ഭരണഘടനയിലെ ആദ്യ അനുച്ഛേദം ഇതാണ്.

സെക്കുലര്‍, ഫെഡറല്‍, സോഷ്യലിസ്റ്റ് തുടങ്ങിയ വാക്കുകള്‍ ഉള്‍പ്പെടുത്തണമെന്ന വാദവും ഉയര്‍ന്നു വന്നു. ബീഹാറില്‍ നിന്നുള്ള പ്രൊഫ. കെ.ടി. ഷാഹ് ആവശ്യപ്പെട്ടത്  ‘India shall be a Secular, Federal, Socialist Union of States’ എന്നാക്കണമെന്നായിരുന്നു. അത് ആര്‍ട്ടിക്കിള്‍ 1 ന്റെ ക്ലോസ് (1) ല്‍ രാഷ്‌ട്രത്തിന്റെ പേരുപറയുന്ന ഭാഗത്തു മാത്രമല്ല ഭരണഘടനയുടെ ആമുഖത്തിലും വേണമെന്നാവശ്യപ്പെട്ടു. എന്നാല്‍ എച്ച്.വി. കമ്മത്ത്, ലോകനാഥ് മിശ്ര , ഡോ.ബി.ആര്‍. അംബേദ്കര്‍ എന്നിവര്‍ ഈ ആശയത്തോട് വിയോജിച്ചു.

ആഴത്തിലും പരപ്പിലും ചര്‍ച്ചചെയ്ത ശേഷം സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ ഭരണഘടനയില്‍ വേണ്ടന്നു വോട്ടിനിട്ട് തീരുമാനിക്കുകയായിരുന്നു. പിന്നീട് അടിയന്തരാവസ്ഥക്കാലത്താണ് ഈ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത്.

1949 നവംബര്‍ 26 ന് ഭരണഘടന അംഗീകരിക്കപ്പെട്ടെങ്കിലും അത് നിലവില്‍ വരികയും ഭാരതം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാവുകയും ചെയ്തത് 1950 ജനുവരി 26 നായിരുന്നു. ആ ദിവസം തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണം ഉണ്ടായിരുന്നു. 1930 ജനുവരി 26ന് കോണ്‍ഗ്രസിന്റെ ലാഹോര്‍ സമ്മേളനത്തില്‍ പൂര്‍ണസ്വരാജ് പ്രമേയം നെഹ്‌റു അവതരിപ്പിച്ചതിന്റെ സ്മരണ കണക്കിലെടുത്താണ് ഇങ്ങനെ ചെയ്തത്.

ബാഹ്യ സ്വാധീനങ്ങള്‍

ഭരണഘടന നമ്മുടെ സംസ്‌കാരത്തില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും ധാരാളം മൂല്യങ്ങള്‍ സ്വാംശീകരിച്ചിരുന്നു. മറ്റുപല രാജ്യങ്ങളുടെ ഭരണഘടനാ തത്വങ്ങളും ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളുടെ ഭരണഘടനയില്‍ നിന്ന് മൗലികാവകാശങ്ങള്‍, സ്വതന്ത്രമായ നീതിന്യായ സമ്പ്രദായം, ജുഡീഷ്യല്‍ റിവ്യൂ, ആമുഖം എന്നീ മാതൃകകള്‍ സ്വീകരിച്ചു. ബ്രിട്ടന്റെ ക്യാബിനറ്റ് സമ്പ്രദായം, പാര്‍ലമെന്ററി മാതൃക, പാര്‍ലമെന്റിനുള്ള വിശേഷാധികാരങ്ങള്‍ എന്നിവയും അയര്‍ലന്റിന്റെ ഭരണഘടനയില്‍ നിന്ന് മാര്‍ഗ നിര്‍ദേശക തത്വങ്ങള്‍ എന്നിവയും ഭാരതം സ്വീകരിച്ചു. കനേഡിയന്‍ ഭരണഘടനയില്‍ നിന്ന് ക്വാസി ഫെഡറല്‍ എന്ന ആശയവും സ്വാംശീകരിച്ചു.

ഭരണഘടനാ ഭേദഗതികള്‍

ഭരണഘടന നിലവില്‍ വന്നശേഷം ഇതുവരെ 106 ഭേദഗതികള്‍ വന്നു. ആദ്യ ഭേദഗതി ഭരണഘടന നിലവില്‍ വന്ന് ഒരു വര്‍ഷത്തിനകം 1951ല്‍ തന്നെ ഉണ്ടായി. മൗവലികാവകാശത്തില്‍പ്പെടുന്ന ആര്‍ട്ടിക്കിള്‍ 19 (Right to Freedom of Speech and Expression) എന്ന ഭാഗത്ത് ചില നിയന്ത്രണങ്ങള്‍ അധികമായി കൊണ്ടുവന്നു. ഈ ഭേദഗതിക്ക് ഒരു കാരണവും അന്നുണ്ടായിരുന്നു. ചെന്നൈ ആസ്ഥാനമായ ക്രോസ്സ് റോഡ് എന്ന മാധ്യമം നെഹ്‌റുവിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചപ്പോള്‍ അവര്‍ ആര്‍ട്ടിക്കിള്‍ 19 ചൂണ്ടിക്കാട്ടി കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചു. ഈ പ്രത്യേക സാഹചര്യം മറികടക്കാനാണ് ആദ്യ ഭരണഘടനാ ഭേദഗതിയുണ്ടായത്. തുടര്‍ന്നും ധാരാളം ഭേദഗതികളുണ്ടായി.
24-ാം ഭേദഗതി പാര്‍ലമെന്റിന് മൗലികാവകാശങ്ങള്‍ നിരുപാധികം ഭേദഗതി ചെയ്യാമെന്നും അത്തരം ഭേദഗതികള്‍ രാഷ്‌ട്രപതി നിര്‍ബന്ധമായും അംഗീകരിക്കണമെന്നുമാണ്. 1971 നവംബര്‍ 5നാണ് ഇതുകൊണ്ടുവന്നത്. അടിയന്തരാവസ്ഥ നിലവില്‍വന്ന് 45-ാം ദിനമാണ് 39-ാം ഭേദഗതി നിലവില്‍ വന്നത്. ഭരണഘടനയോടും എല്ലാ നിയമസംവിധാനങ്ങളോടുമുള്ള വെല്ലുവിളിയായിരുന്നു ഈ ഭേദഗതി. 39-ാം ഭരണഘടന ഭേദഗതി പ്രകാരം രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്‌ട്രപതി എന്നിവര്‍ക്കെതിരെ കേസെടുക്കുന്നത് നിരോധിച്ചിരുന്നു. 41-ാം ഭേദഗതിയില്‍ കാലാവധി കഴിഞ്ഞാലും രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണ്ണര്‍മാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥ കൊണ്ടുവന്നു.

42-ാം ഭേദഗതി കൊണ്ടുവന്നത് അടിയന്തരാവസ്ഥയുടെ മൂര്‍ദ്ധന്യത്തിലാണ്. മൗലികാവകാശങ്ങളെ വെട്ടിച്ചുരുക്കിയതിനൊപ്പം ഭരണഘടനയുടെ ആമുഖത്തില്‍ സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. നേരത്തേ ഭരണഘടനാ നിര്‍മാണസഭ വിശദമായി ചര്‍ച്ചചെയ്ത് ഒഴിവാക്കിയ ഈ വാക്കുകള്‍ അങ്ങനെ നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ കടന്നുകൂടി. 1973 ല്‍ കേശവാനന്ദ ഭാരതി കേസില്‍ ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളെ മാറ്റാന്‍ പാടില്ല എന്ന 13 അംഗബെഞ്ച് വിധി വന്ന ശേഷം 1976 ലായിരുന്നു ഈ ഭേദഗതി എന്നോര്‍ക്കണം.

39,41,42 എന്നീ ഭേദഗതികളിലൂടെ ഇന്ദിര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരാവകാശ നിഷേധങ്ങളും ഭരണഘടന അട്ടിമറിയും റദ്ദാക്കപ്പെട്ടത് മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ 1977ല്‍ അധികാരത്തില്‍ വന്ന ജനതാപാര്‍ട്ടി സര്‍ക്കാര്‍ കൊണ്ടുവന്ന 44-ാം ഭേദഗതിയിലൂടെയാണ്. നമ്മുടെ മഹത്തായ ഭരണഘടനയ്‌ക്ക് ഓജസ്സും തേജസ്സും നല്‍കിയത് വീണ്ടും ഈ ഭേദഗതിയാണെന്നുപറയാം.

ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍

ഭരണഘടനയെക്കുറിച്ച് അടുത്തകാലത്തായി വലിയ ചര്‍ച്ചകളും ആശങ്കകളും ഒക്കെ ഉയര്‍ന്നു വരുന്നു. ഇത് ചിലര്‍ ബോധപൂര്‍വം ഉയര്‍ത്തിവിടുന്നതാണ്. ഭേദഗതികളിലൂടെ ഭരണഘടനയെ അട്ടിമറിച്ച് സ്വേച്ഛാധിപത്യം നടപ്പിലാക്കിയവരാണ് ഭരണഘടനാ സംരക്ഷകരായി മുന്നില്‍ നില്‍ക്കുന്നത്. തങ്ങള്‍ക്കു ഇഷ്ടപ്പെടാത്തതെന്തു സംഭവിച്ചാലും ഭരണഘടന ഭീഷണി നേരിടുന്നു എന്ന അലമുറയിടല്‍ പതിവായിരിക്കുന്നു. അത് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതായാലും പൗരത്വനിയമ ഭേദഗതിയായാലും പതിവ് പല്ലവി തുടരുന്നു. മാധ്യമങ്ങള്‍ അതേറ്റുപാടുന്നു. എന്നാല്‍ യഥാര്‍ത്ഥ ഭീഷണികളെ ഇവര്‍ ബോധപൂര്‍വം കാണാതെ പോകുന്നു. ക്ലാസ്സ്മുറിയില്‍ ഒരധ്യാപകനെ കൊലപ്പെടുത്തിയവരെ ശിക്ഷിച്ച ജഡ്ജിക്കെതിരെ ഒരു രാഷ്‌ട്രീയപാര്‍ട്ടി പരസ്യമായി രംഗത്തുവന്നു. ആ ജഡ്ജിയെ ശുംഭനെന്നുവിളിച്ചു. തങ്ങള്‍ക്കെതിരെ വിധിവന്നപ്പോള്‍ ഒരു ഇസ്ലാമികസംഘടന കേരള ഹൈകോടതിയിലേക്ക് മാര്‍ച്ചുനടത്തി. തന്റെ കക്ഷിക്കെതിരെ വിധിപറഞ്ഞപ്പോള്‍ സുപ്രീംകോടതിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞത് ഈ കാലം കോടതിയുടെ സുവര്‍ണകാലമായി പരിഗണിക്കപ്പെടില്ല എന്നാണ്. മണിപ്പൂര്‍ കലാപം പൊട്ടിപ്പുറപ്പെട്ടതും ഒരു കോടതിവിധിയോടുള്ള പ്രതികരണമായിട്ടായിരുന്നു. ഇങ്ങനെ ഭരണഘടനാ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് ഭരണഘടനാ സംരക്ഷകരെന്ന വ്യാജേന രംഗത്തുവരുന്നത്. ഇവരെ പൊതു സമൂഹത്തില്‍ വേണ്ടത്ര തുറന്നുകാട്ടുന്നതില്‍ ദേശീയവാദികളും വേണ്ടത്ര വിജയിച്ചിട്ടില്ല.

ബംഗ്ലാദേശില്‍ അടുത്ത ദിവസങ്ങളില്‍ നടന്ന സംഭവങ്ങള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. അവര്‍ക്കും ഒരു ഭരണഘടനയും സുപ്രീം കോടതിയുമുണ്ട്. പക്ഷെ അതൊന്നും ആ രാഷ്‌ട്രത്തെ രക്ഷിക്കാന്‍ പര്യാപ്തമായില്ല. നമ്മുടെ രാജ്യത്ത് ജനസംഖ്യ അനുപാതത്തിലുണ്ടാകുന്ന അനാരോഗ്യകരമായ ചില പ്രവണതകള്‍ ഭാവിയില്‍ നമ്മുടെ ഭരണഘടനയുടെ നിലനില്‍പ്പിനെ ബാധിച്ചേക്കാം. അത് തടയാന്‍ സുപ്രീം കോടതിക്കോ മറ്റു സംവിധാനങ്ങള്‍ക്കോ എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞു എന്നുവരില്ല. ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കില്‍, അത് കൂടുതല്‍ തേജസ്സോടെ കാലാനുസൃതമായി മുന്നോട്ട് പോകണമെങ്കില്‍ ജനാധിപത്യ ബോധവും ഹൃദയവിശാലതയും ഉള്ള ജനവിഭാഗങ്ങള്‍ ഇവിടെ മഹാഭൂരിപക്ഷമായിതുടരണം. ഭരണഘടനയുടെ യഥാര്‍ത്ഥ കാവല്‍ക്കാര്‍ ജനാധിപത്യബോധവും വിശ്വമാനവികതയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ജനസമൂഹമാണ്. അത്തരം ചിന്ത പുലര്‍ത്തുന്ന ജനസമൂഹം ഭാരതത്തില്‍ ശക്തവും ഗണ്യവും ആയ ഭൂരിപക്ഷത്തില്‍ തുടര്‍ന്നില്ലെങ്കില്‍ നമ്മുടെ ഭരണഘടന ഭാവിയില്‍ എന്നെന്നേയ്‌ക്കുമായി അട്ടിമറിക്കപ്പെട്ടേക്കാം.

By admin