സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ മുകേഷിനെ സംരക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ . മുകേഷിനെതിരെയുള്ള പരാതിയുമുണ്ട്. സർക്കാർ ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭരണപക്ഷത്തെ എംഎൽഎക്കെതിരെ പോലും കേസെടുത്തു മുന്നോട്ടുപോകുന്ന സർക്കാർ ആണിതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്തി. രാജി സംബന്ധിച്ച് വ്യാപക കാമ്പയിൻ നടക്കുന്നു.
കേരളത്തിൽ രണ്ട് എംഎൽഎമാർക്ക് എതിരായി നിലവിൽ കേസ് ഉണ്ട്. ഉമ്മൻ ചാണ്ടി മുതൽ തരൂർ വരെ നിരവധി കോൺഗ്രസ് നേതാക്കളുടെ പേരിൽ പരാതി ഉയർന്നിരുന്നു. ആരും എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ രാജി വെച്ചിട്ടില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ആരോപണം ഉയർന്നെങ്കിലും ഇടതുപക്ഷത്തുള്ള എംഎൽഎമാർ സ്ഥാനം രാജിവെച്ചിട്ടില്ല. എംഎൽഎ സ്ഥാനം രാജിവച്ചാൽ പിന്നീട് കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയാലും എംഎൽഎ സ്ഥാനം തിരിച്ചു നൽകാൻ കഴിയില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അന്വേഷണത്തിൽ ഒരു തരത്തിലുള്ള ആനുകൂല്യവും എംഎൽഎ ആയതുകൊണ്ട് നൽകേണ്ടതില്ലെന്നും നീതി എല്ലാവർക്കും ലഭ്യമാകണം എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ധാർമ്മികമായി രാജി വെച്ചാൽ കുറ്റക്കാരൻ അല്ലെന്ന് തെളിഞ്ഞാൽ ധാർമികമായി തിരികെ കഴിയില്ല. ധാർമ്മിക നീതി അല്ല തെരഞ്ഞെടുപ്പ് നിയമം ആണ് നിലനിൽക്കുന്നത്. കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വെച്ച് നടത്തുന്ന മുറവിളി അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പുവരുത്തണമെന്ന് എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും കുറ്റക്കാരനാണെങ്കിൽ ശിക്ഷ ലഭിക്കണമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
The post ഭരണപക്ഷത്തെ എംഎൽഎക്കെതിരെ പോലും കേസെടുത്തു മുന്നോട്ടുപോകുന്ന സർക്കാർ ആണിത്: എംവി ഗോവിന്ദൻ മാസ്റ്റർ appeared first on ഇവാർത്ത | Evartha.