കൊല്ലം: മകളോട് അപമര്യാദയായി പെരുമാറിയതു ചോദ്യം ചെയ്തതിന് നാലംഗ മദ്യപസംഘത്തിന്റെ മര്‍ദനത്തില്‍ മനംനൊന്ത് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. ആയൂര്‍ പെരുങ്ങള്ളൂര്‍ പെരുവര്ത്ത് വീട്ടില്‍ അജികുമാറാ(48)ണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ പതിനെട്ടിന് ട്യൂഷന് കഴിഞ്ഞ് മകള്‍ക്കൊപ്പം വീട്ടിലേക്കു പോകുന്നതിനിടെയാണ് നാലു പേരടങ്ങിയ സംഘം അജികുമാറിനെയും മകളെയും അസഭ്യം പറഞ്ഞത്. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തിയ അജികുമാര്‍ സംഘത്തെ ചോദ്യം ചെയ്തു. ഇതോടെ മദ്യപസംഘം അജികുമാറിനെ ക്രൂരമായി മര്‍ദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മര്‍ദനത്തില്‍ കണ്ണിനും മുഖത്തും പരുക്കേറ്റു. പോലീസില്‍ കേസ് നല്‍കാനും പരാതിപ്പെടാനും ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മര്‍ദിക്കുമോയെന്നു ഭയന്നു പരാതിപ്പെടാന്‍ അജികുമാര്‍ തയാറായില്ല. പിറ്റേന്നു രാത്രിയാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തു സ്ഥലം വാങ്ങി വീടുവച്ച് കഴിയുകയായിരുന്നു അജികുമാറും കുടുംബവും.
മര്‍ദനമേറ്റതിന് ശേഷം വീട്ടില്‍ നിന്നു പുറത്തിറങ്ങിയില്ലെന്നും ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും ഭാര്യ ദീപ്തി പറഞ്ഞു. മര്‍ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസം രാത്രി ഒന്‍പതോടെയാണ് വീടിന് പിന്നിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്നും ഇതില്‍ അന്വേഷണം നടന്ന് വരികയാണെന്നും ചടയമംഗലം പോലീസ് പറഞ്ഞു.