• Sun. Sep 25th, 2022

24×7 Live News

Apdin News

മന്ത്രിമാരുടെ വിദേശയാത്രകൊണ്ട് എന്തു പ്രയോജനം?

Byadmin

Sep 19, 2022


നങ്ങളെ ഇത്ര അവജ്ഞയോടും പുശ്ചത്തോടും കാണുന്ന ഒരു സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്ന വസ്തുത മലയാളിക്ക് ലജ്ജയും വേദനയും ഉണ്ടാക്കുന്നു. ഭരണാധികാരികളുടെ കോമാളിത്തരങ്ങളും അഴിമതിയും ജനം സഹിക്കണം എന്ന ധാര്‍ഷ്ട്യമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. കടം കേറി മുടിഞ്ഞ് ദൈനംദിന ചെലവുകള്‍ക്കുപോലും കാശില്ലാതെ ട്രഷറി പൂട്ടുന്ന സ്ഥിതിയിലെത്തിയെങ്കിലും ലക്ഷങ്ങള്‍ ചെലവാക്കി വിദേശ രാജ്യങ്ങളിലേക്ക് വിനോദ സഞ്ചാരത്തിനുപോകുകയാണ്  കുടുംബ സമേതം മന്ത്രിമാര്‍. സഹായത്തിന് ആജ്ഞാനുവര്‍ത്തികളായ കുറെ ഉദ്യോഗസ്ഥന്മാരെയും കൂട്ടുന്നുണ്ട്.

നാടുനീളെ തെരുവുനായ്ക്കള്‍ പേ ഇളകി നടക്കുന്നു. ജനങ്ങള്‍ക്ക് റോഡിലിറങ്ങാന്‍ കഴിയാത്ത സ്ഥിതി. നൂറ് കണക്കിനാളുകളാണ് പട്ടി കടിയേറ്റ് വിഷബാധയില്‍ ചികിത്സയില്‍ കഴിയുന്നത്. വാക്‌സിന്‍ കുത്തി വച്ചിട്ടും ആളുകള്‍ മരണപ്പെടുന്നു. ജനങ്ങള്‍ റോഡിലിറങ്ങാന്‍ ഭയപ്പെടുന്നത്ര ഗുരുതരസ്ഥിതി. ആരോഗ്യമേഖല വന്‍ പരാജയം. മരുന്നില്ല, ചികിത്സയില്ല. നേതാക്കളെല്ലാം ചികിത്സക്ക് അന്യ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും പോകുന്നു. സാധാരണക്കാരന്‍ ഇവിടെ മണ്ണടിയുന്നു.

കേരളത്തിലെ റോഡുകള്‍ ആകെ തകര്‍ന്നു. മഴ പെയ്തതോടെ റോഡു നിറയെ കുഴികള്‍. കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച റോഡുകളാണ് പൊട്ടിപ്പൊളിഞ്ഞത്. അഴിമതിയുടെ കുഴികള്‍. അതൊന്നും കാണാന്‍, റോഡുകള്‍ ശരിയാക്കാന്‍ മന്ത്രിമാര്‍ക്ക് സമയമില്ല. മരാമത്ത് മന്ത്രി പാരീസില്‍ പോകുന്നു. മൂന്നാം ക്ലാസ് വരെയുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും മാതൃഭാഷ മലയാളം ശരിയായി അറിയില്ല എന്ന് എന്‍സിആര്‍റ്റിസി സര്‍വേ ഫലം പറയുന്നു. പഠിക്കാന്‍ പള്ളിക്കൂടങ്ങളില്ലാതെ കുട്ടികള്‍ വലയുന്നു. കട്ടപ്പുറത്തായ ബസുകളില്‍ ക്ലാസ് മുറികളാക്കുന്ന ഗതികേടിലായ കേരളം. അതൊന്നും ശ്രദ്ധിക്കാന്‍ അവര്‍ക്ക് സമയമില്ല. വിദ്യാഭ്യാസ മന്ത്രി വിദേശത്ത് പോകുന്നു.

സഹകരണ ബാങ്കുകളില്‍ കോടികളുടെ തട്ടിപ്പ് തുടരുന്നു. സാധാരണ ജനങ്ങള്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണമാണ് രാഷ്ട്രീയ നേതാക്കള്‍ തട്ടിയെടുക്കുന്നത്. ഇപ്പോഴും സഹകരണ മേഖലയിലെ തട്ടിപ്പ് ഓരോന്നായി പുറത്തു വരുന്നു. മന്ത്രി വിദേശത്ത് പോകുന്നു. ഭരണ പാര്‍ട്ടിയുടെ ട്രെയിഡ് യൂണിയനുകള്‍ കൊടി കുത്തി പൂട്ടിക്കുന്ന വ്യവസായ മേഖല. ആത്മഹത്യ ചെയ്യുന്ന വ്യവസായികള്‍. ജീവനും കൊണ്ട് അന്യ സംസ്ഥാനങ്ങളിലേക്ക് ഓടുന്ന വ്യവസായികള്‍.

ലഹരിയുടെ പറുദീസയായി മാറിയിരിക്കുന്നു കേരളം. എംഡിഎംഎ, ഹാഷിഷ് തുടങ്ങിയ മാരക ലഹരി മരുന്നുകള്‍ വന്‍ തോതില്‍ കേരളത്തില്‍ വരുന്നു. സപ്തംബര്‍ 8 മുതല്‍ 12 വരെ 4 ദിവസം ഒന്നര കിലോ എംഡിഎംഎ ആണ് പിടിച്ചത്. അത് മഞ്ഞുമലയുടെ അറ്റം. നൂറു കണക്കിന് കിലോയാണ് വന്നു ചേരുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ തുടങ്ങുന്നു ഇതിന്റെ ഉപയോഗം. അങ്ങിനെ ബോധം നശിച്ച് ലഹരിയില്‍ മുഴുകി നടക്കുന്ന ഒരു ഭാവി തലമുറയായിരിക്കും കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. മുഖ്യമന്ത്രിക്ക് ഇതിലൊന്നും ശ്രദ്ധയില്ല. വിദേശത്ത് കറങ്ങുക. അത്രമാത്രം.

വിദേശത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്നതുകൊണ്ട് ഫലമൊന്നുമില്ല. ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ആരും ശ്രദ്ധിക്കാറില്ല. അവിടത്തെ പണക്കാരും ഇവരുടെ ഇടനിലക്കാരും മാത്രമാണുള്ളത്. അവര്‍ ചിലപ്പോള്‍ എന്തെങ്കിലും പൊതു പരിപാടിയോ ഉപഹാരമോ ഒപ്പിച്ചു കൊടുക്കും. നിപ്പ കാലത്ത് മുഖ്യമന്ത്രിക്ക് ഒരു അമേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സമ്മാനം നല്‍കിയ പോലെ എന്തെങ്കിലും. ഒരു സാധാരണ സഞ്ചാരിയെ പോലെ കറങ്ങി വരും. ആസ്വദിച്ച് വരും. അത്ര തന്നെ.

രാജ്യത്ത് നേരിട്ടുള്ള വാര്‍ഷിക വിദേശ നിക്ഷേപം 2021-22 സാമ്പത്തിക വര്‍ഷം സര്‍വകാല ഉയരത്തിലെത്തി. അതില്‍ എത്ര കേരളത്തില്‍ വന്നു? ഒരു രൂപയെങ്കിലും കേരളത്തില്‍ നിക്ഷേപം ഉണ്ടായോ? ഇല്ല. നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചതില്‍ കേരളം വളരെ പിന്നിലാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കുകളില്‍ ഇന്ത്യയില്‍ ആകെ വന്ന വിദേശനിക്ഷേപത്തിന്റെ അര ശതമാനം പോലും കേരളത്തില്‍ എത്തിയില്ലെന്നതാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. 2021-22 ആദ്യ പകുതിയില്‍  2.29 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപം ഭാരതത്തില്‍ വന്നത്. അതില്‍ ഓരോ സംസ്ഥാനങ്ങളിലും എത്ര വന്നു എന്ന് നോക്കാം.  കര്‍ണാടക  1.02 ലക്ഷം കോടി, മഹാരാഷ്ട്ര  50767 കോടി, ദല്‍ഹി 37856കോടി, ഗുജറാത്ത് 11148 കോടി, തമിഴ് നാട്  8368 കോടി, തെലങ്കാന  7506 കോടി, ഹര്യാന  5261 കോടി. കേരളമോ? പൂജ്യം ആയിരിക്കും.

ആരെങ്കിലും അറിഞ്ഞു കൊണ്ട് കേരളത്തില്‍ നിക്ഷേപം നടത്തുമോ? വികസനത്തെ അപ്പാടും നശിപ്പിക്കുന്ന, വികസന വിരോധിയായ ഭരണകൂടമുള്ള ഒരു സംസ്ഥാനമാണ് കേരളം എന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനാണ് വിദേശത്ത് പോകുന്നത് എന്ന വാദം തെറ്റാണ്.  കാശ് മുടക്കുന്നവര്‍ക്ക് അറിയാം കേരളത്തില്‍ വ്യവസായം നടക്കില്ല എന്ന്. മന്ത്രിമാരെല്ലാം കൂടി ചെന്നാലും ഒരു പ്രയോജനവുമില്ല. ആരും വരാന്‍ പോകുന്നില്ല.  

വിദേശ രാജ്യങ്ങളിലെ വികസനം കണ്ടു പഠിക്കാന്‍ പോകുന്നു എന്ന വാദം അതിലും പരിഹാസ്യമാണ്. സാങ്കേതിക വിദ്യ അത്ര കണ്ട് പുരോഗമിച്ച ഇക്കാലത്ത് ലോകത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സ്വന്തം ഓഫീസിലിരുന്ന് കാണാനും കേള്‍ക്കാനും അറിയാനും കഴിയുന്നു. പണ്ട് ‘റൂം ഫോര്‍ റിവര്‍’ പദ്ധതി കാണാന്‍ നമ്മുടെ നികുതി പണം മുടക്കി മുഖ്യമന്ത്രിയും കുടുംബവും പോയ കഥ ജനത്തിന് ഓര്‍മയുണ്ട്. കഴിഞ്ഞ മഴയത്തും കേരളത്തില്‍ ‘റിവര്‍’ നമ്മുടെ വീടുകളുടെ ‘റൂമുകളില്‍’ കയറിയതും നമ്മള്‍ അനുഭവിച്ചു.