മാലിന്യം നിറഞ്ഞ മോദിയുടെ വാരാണസി ; വ്‌ളോഗർ സുജിത് ഭക്തനെതിരെ സംഘപരിവാർ സൈബര്‍ ആക്രമണം

മലയാളത്തിലെ പ്രമുഖ ടെക് ട്രാവൽ വ്‌ളോഗറായ സുജിത് ഭക്തനെതിരെ സോഷ്യൽ മീഡിയയിൽ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയെ ട്രാവല്‍ വ്‌ളോഗില്‍ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് വിദ്വേഷ കമന്റുകള്‍ നിറയുന്നത്. ‘മോദിയുടെ വാരാണസി’ എന്ന പേരില്‍ കഴിഞ്ഞ ദിവസം സുജിത് പങ്കുവെച്ച വീഡിയോയിൽ പ്രദേശത്തെ ഒരു ഗല്ലിയിലെ മോശം അവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

അവിടെപലയിടത്തും വഴിയരികില്‍ മാലിന്യം തള്ളിയതിനെക്കുറിച്ചും പറയുന്നുണ്ട്. ഇതിനെ തുടർന്നാണ് സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചരണം. വാരാണസിയില്‍ ഇപ്പോൾ നവീകരണ പ്രവര്‍ത്തി നടക്കുകയാണെന്നും അതിനിടയിൽ ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചത് ബോധപൂര്‍വമാണെന്നുമാണ് ചിലർ അഭിപ്രായപ്പെടുന്നത്.