കൊച്ചി: മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും മുകേഷിനും ഇടവേള ബാബുവിനുമെതിരെ നിയമ നടപടി തുടരാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഇരുവരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും. വൈദ്യ പരിശോധനക്കും ലൈംഗിക പരിശോധനക്കും രണ്ടുപേരെയും വിധേയമാക്കും. ഇരുവര്‍ക്കുമെതിരായ ബലാത്സംഗ കേസിലാണ് നടപടി.ബലാത്സംഗ കേസ് ചുമത്തുമ്പോള്‍ സാധാരണയായി സ്വീകരിച്ച വരാറുള്ള മുഴുവന്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
അറസ്റ്റ് രേഖപ്പെടുത്തിയാലും ഇരുവര്‍ക്കും ജാമ്യം ലഭിക്കും. എന്നാല്‍ മറ്റ് നിയമ നടപടികളുമായി ഇരുവരും സഹകരിക്കണം. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകണം. കൂടാതെ ഇരുവരെയും വൈദ്യപരിശോധനക്കും ലൈംഗിക ശേഷി പരിശോധനക്കും വിധേയമാക്കും.ഇന്നലെ രാത്രിയാണ് മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ ഇരുവര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.