ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ ഇരുന്ന വയോധികന് മേല്‍ജാതിക്കാരന്റെ ക്രൂര മര്‍ദനം. ഷാജഹാന്‍പൂരിലെ മദ്‌നാപൂര്‍ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നത്.
നുന്‍ഹുകു ജാതവ് എന്ന 70കാരനാണ് മര്‍ദനമേറ്റത്. വയോധികനോട് അയാള്‍ ക്ഷേത്രത്തില്‍നിന്ന് പോവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ച വയോധികനെ ആദ്യം മുഖത്തടിക്കുകയും തുടര്‍ന്ന് ചെരിപ്പൂരി അടിക്കുകയും ചെയ്തു.പിന്നാലെ ജാതിയധിക്ഷേപം നടത്തിയ ആള്‍ പിസ്റ്റള്‍ ചൂണ്ടി വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സാക്ഷികള്‍ പറഞ്ഞു.
പിന്നാലെ വയോധികന്‍ ഭാര്യയോടൊപ്പം മദ്നാപൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തില്‍, ജാതവിന്റെ പരാതിയില്‍ എസ്സി/എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലേതുള്‍പ്പെടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നാട്ടിലെ പിന്നാക്കജാതിക്കാര്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.