• Wed. Nov 30th, 2022

24×7 Live News

Apdin News

രണ്ട്‌ സി.പി.എം. അനുഭാവികള്‍ ലഹരിമാഫിയയുടെ കുത്തേറ്റുമരിച്ചു

Byadmin

Nov 24, 2022


തലശേരി: ലഹരി മാഫിയയെ ചോദ്യംചെയ്‌ത സി.പി.എം. അനുഭാവികള്‍ കുത്തേറ്റു മരിച്ചു. തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന്‌ ത്രിവര്‍ണ ഹൗസില്‍ കെ. ഖാലിദ്‌(52), സഹോദരീ ഭര്‍ത്താവും സി.പി.എം. നെട്ടൂര്‍ ബ്രാഞ്ച്‌ അംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീര്‍(40) എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. ഇന്നലെ വൈകിട്ട്‌ തലശേരി സഹകരണ ആശുപത്രിക്കടുത്താണ്‌ സംഭവം.

ലഹരി വില്‍പന ചോദ്യംചെയ്‌ത ഷമീറിന്റെ മകന്‍ ഷബീലി(20)നെ ഇന്നലെ ഉച്ചയ്‌ക്കു നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്‌സണ്‍ മര്‍ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ്‌ അനുരഞ്‌ജനത്തിനെന്ന വ്യാജേനയാണ്‌ ലഹരി മാഫിയ ഖാലിദ്‌ അടക്കമുള്ളവരെ റോഡിലേക്കു വിളിച്ചത്‌. അനുരഞ്‌ജന സംഭാഷണത്തിനിടെ അക്രമികള്‍ കത്തിയെടുത്തു ഖാലിദിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കുത്തേറ്റു. അതീവ ഗുരുതരാവസ്‌ഥയില്‍ ഷമീറിനെ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖാലിദ്‌ സംഭവസ്‌ഥലത്തുവച്ചുതന്നെ മരിച്ചു. പരേതരായ മുഹമ്മദ്‌-നബീസ ദമ്പതികളുടെ മകനാണ്‌ മത്സ്യത്തൊഴിലാളിയായ ഖാലിദ്‌. ഭാര്യ: സീനത്ത്‌. മക്കള്‍: പര്‍വീന, ഫര്‍സീന്‍. മരുമകന്‍: റമീസ്‌ (പുന്നോല്‍). മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ആമുക്കപള്ളി കബറിടത്തില്‍ ഇന്നു കബറടക്കും.പരേതരായ ഹംസ-ആയിഷ ദമ്പതികളുടെ മകനാണ്‌ ഷമീര്‍. ഭാര്യ: ഷംസീന. മക്കള്‍: മുഹമ്മദ്‌ ഷബില്‍, ഫാത്തിമത്തുല്‍ ഹിബ ഷഹല്‍.