• Wed. Sep 28th, 2022

24×7 Live News

Apdin News

ലോകത്ത് സമാധാനം വിളിപ്പാടകലെയോ

Byadmin

Sep 21, 2022


ടി ഷാഹുല്‍ ഹമീദ്‌

ഈ വര്‍ഷം ലോകസമാധാനദിനം ഇന്ന് ആചരിക്കുമ്പോള്‍ മുന്‍ റഷ്യയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളായ അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ നാഖൊര്‍നാ പ്രദേശത്തെചൊല്ലിയുള്ള യുദ്ധം ആരംഭിച്ചത് ലോകസമാധാന പ്രേമികളെ നിരാശരാക്കുന്നതാണ്. ശാന്തവും അക്രമവും ഇല്ലാത്ത അവസ്ഥയാണ് സമാധാനം, ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ മുദ്രാവാക്യം സമാധാനമാണ്. 2022ലെ സമാധാന ദിനത്തിന്റെ സന്ദേശം ‘വംശീയത അവസാനിപ്പിക്കു സമാധാനം സൃഷ്ടിക്കൂ’ എന്നതാണ്. ഭീകരാക്രമണത്തില്‍ 2014ല്‍ 33,555 പേര്‍ ലോകത്ത് കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ 2021ല്‍ അത് 7142 ആയി കുറഞ്ഞത് ലോകം ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നത്. ലോകത്തെ പട്ടിണിപ്പാവങ്ങളില്‍ മൂന്നില്‍ രണ്ടും അക്രമവും പ്രയാസവും അനുഭവിക്കുന്ന രാജ്യങ്ങളിലാണ് താമസിക്കുന്നത്. വംശീയത ലോകത്തെ വിവിധ സ്ഥാപനങ്ങളിലേക്ക് കടന്നുകയറി സാമൂഹിക അന്തരീക്ഷത്തെ കലുഷിതമാകുന്ന സന്ദര്‍ഭത്തിലാണ് ഐക്യരാഷ്ട്രസഭ വംശീയതക്കെതിരെ മുദ്രാവാക്യം ലോകസമാധാന ദിനത്തില്‍ മുഴക്കുന്നത്. അസമത്വത്തിനും മനുഷ്യധ്വംസനത്തിനും സാമൂഹിക വ്യവസ്ഥ അസ്ഥിരപ്പെടുത്തുന്നതിനും വംശീയത കാരണമായി മാറുന്നു. വംശീയതയും ലിംഗ അസമത്വവും വേര്‍ പിരിയാത്തവിധം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ലോകത്തെ 60 രാജ്യങ്ങളില്‍ ജനങ്ങളുടെ സ്വാതന്ത്ര്യം വര്‍ഷംതോറും കുറഞ്ഞുവരുന്നു. ലോകത്തെ 38 ശതമാനം ജനങ്ങളും വലിയ സ്വാതന്ത്ര്യമില്ലാത്ത രാജ്യങ്ങളിലാണ് ജീവിക്കുന്നത്.

2017 മുതല്‍ ലോകത്ത് 110 രാജ്യങ്ങളിലായി 230 സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നു. 78 ശതമാനം പ്രക്ഷോഭങ്ങളും നടന്നത് സ്വേച്ഛാധിപതികളായ ഭരണാധികാരികളുള്ള നാട്ടിലാണ്. അവയില്‍ 25 എണ്ണം കോവിഡ് 19മായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതാണ്. ലോകത്ത് ശീത യുദ്ധത്തിനുശേഷം നീതീകരിക്കാനാവാത്തതും അകാരണവുമായി അതിക്രമങ്ങള്‍ രാജ്യങ്ങള്‍ അഴിച്ചുവിടുന്നു. അണുവായുധങ്ങളുടെ 90 ശതമാനവും കൈവശം വച്ചിരിക്കുന്ന അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ റഷ്യ യുക്രെയ്‌നെ 2022 ഫെബ്രുവരി 24 ന് ആക്രമിച്ചത് ലോകത്ത് അസമാധാനം ഉണ്ടാക്കാന്‍ കാരണമായി. ഇറാഖിലെ ഷിയാ നേതാവ് മുഖാദാദ് അല്‍ സദരിന്റെ അനുയായികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയതും അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികള്‍ ഉണ്ടാക്കിയ കലാപവും ലോകത്ത് സമാധാനപ്രേമികളെ അസ്വസ്ഥരാക്കി. സോളമന്‍ ദ്വീപിലെ പ്രധാനമന്ത്രി സുഖാരെ 2023ല്‍ നടത്തേണ്ട പാര്‍ലമെന്റ് ഇലക്ഷന്‍ വൈകിപ്പിക്കുന്നത് സമാധാനത്തിന് ഭീഷണിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, എത്യോപ്യ, യമന്‍, സഹല്‍, ബുര്‍ക്കിനോ ഫാസോ, നൈജീരിയ, ലബനന്‍, സുഡാന്‍, കൊളംബിയ, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളില്‍ ലോകസമാധാനത്തിന് വിഘാതമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കോവിഡ് 19നെതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെതിരെ കാനഡ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്, കസാക്കിസ്ഥാന്‍, ചാഡ്, താജികിസ്താന്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടന്നു. ലോകത്ത് 100 ദശലക്ഷം ജനങ്ങള്‍ നിര്‍ബന്ധിത പലായനത്തിന് വിധേയമാകുന്നു. അതില്‍ 40ശതമാനവും കുട്ടികളാണ്. യുക്രെയ്‌നില്‍ മാത്രം 6 ദശലക്ഷം ആളുകളാണ് പലായനം ചെയ്തത്. ആഫ്രിക്കന്‍ രാജ്യമായ സൗത്ത് സുഡാനില്‍ ജനസംഖ്യയുടെ 35 ശതമാനവും സോമാലിയില്‍ ജനസംഖ്യയുടെ 20 ശതമാനം ജനങ്ങള്‍ക്ക് നിര്‍ബന്ധിതമായി അസമാധാനം കാരണം പലായനം ചെയ്യേണ്ടിവന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും ജയിലിലടച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിഗ്വാരാഗ്വായില്‍ ഡാനിയല്‍ ഒര്‍ട്ടേഗ്വാ വിജയിച്ചത് ആ രാജ്യത്തെ കലാപ കലുഷിതമാക്കാന്‍ കാരണമായി. റഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാവായ അലക്‌സി നവലീനിയെ ദേശദ്രോഹം ചുമത്തി നാടുകടത്തിയത് വലിയ ദുരന്തമായി മാറിയിരിക്കുന്നു. ലോകത്തെ 200 കോടി ജനങ്ങള്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളിലാണ് താമസിക്കുന്നത്.

ലോക ഭയ സൂചികയില്‍ (ടെററിസ്റ്റ് ഇന്‍ഡക്‌സ്) കഴിഞ്ഞവര്‍ഷത്തേക്കാള്‍ 15 ശതമാനം അധികം ഭീകര പ്രവര്‍ത്തനം ലോകത്ത് അരങ്ങേറി. ഏറ്റവും അസന്തുഷ്ടിയുള്ള രാജ്യം അഫ്ഗാനിസ്ഥാനാണ്. ഇറാഖും സോമാലിയും ഇതിന്റെ പിറകില്‍ നില്‍ക്കുന്നുണ്ട.് ഭയ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പന്ത്രണ്ടാമതാണ്. ഭീകരാക്രമണത്തിന്റെ 97 ശതമാനം നടക്കുന്നത് നിലവില്‍ പ്രശ്‌നങ്ങള്‍ കൊടുമ്പിരികൊള്ളുന്ന രാജ്യങ്ങളിലാണ്. കൂടാതെ ലോക സന്തോഷസൂചികയില്‍ (ഹാപ്പിനസ് ഇന്‍ഡക്‌സ്) 2022ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന ഫിന്‍ലാന്റും തുടര്‍ന്ന് ഉള്ള സ്ഥാനങ്ങള്‍ ഡെന്മാര്‍ക്ക്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുമാണ്. ലെബനാന്‍, സിംബാവെ, റുവാണ്ട, ബോട്ട്‌സ്വാന എന്നീ രാജ്യങ്ങള്‍ സന്തോഷ സൂചികയില്‍ ഏറ്റവും പിറകിലായി നില്‍ക്കുന്ന രാജ്യങ്ങളാണ്. ലോക സന്തോഷസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 136 ആണ്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍ 84 ാം സ്ഥാനവും ബംഗ്ലാദേശ് 94 ാം സ്ഥാനവും നേടിയിട്ടുണ്ട്.

ലോകരാജ്യങ്ങള്‍ തമ്മില്‍ വിവിധതരത്തിലുള്ള അസന്തുലിതാവസ്ഥകള്‍ ഉണ്ട്. ദക്ഷിണ കൊറിയയില്‍ സ്ത്രീ 0,81 കുട്ടികളെ മാത്രം ജനിപ്പിക്കുമ്പോള്‍ നൈജറില്‍ 6.95, സോമാലിയയില്‍ 6.12 മാലിയില്‍ 5.8 ചാഡില്‍ 5.6 കുട്ടികളെയാണ് ജനിപ്പിക്കുന്നത്. ലോകത്തെ പകുതി ജനങ്ങള്‍ക്കും പ്രതിദിനം 5.50 യു.എസ് ഡോളര്‍ വരുമാനം ലഭിക്കാത്തവരാണ്. ലോകത്ത് പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ 15 എണ്ണം സാമ്പത്തിക കാരണങ്ങളാലാണ് പ്രയാസം നേരിടുന്നത്. സ്വതന്ത്രമായി ഒത്തുചേരലിന് വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം 56 ല്‍ നിന്ന് 64 ആയി വര്‍ധിച്ചു. ലോകത്ത് പട്ടാളത്തിനുവേണ്ടി ചെലവിടുന്ന തുക ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനത്തില്‍ താഴെ കൊണ്ടുവരണമെന്ന് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം പൂര്‍ണമായി ശിരസ്സാവഹിക്കാന്‍ രാജ്യങ്ങള്‍ തയ്യാറായിട്ടില്ല. ലോകത്ത് 132 രാജ്യങ്ങളില്‍ പട്ടാളച്ചിലവുകള്‍ വര്‍ധിച്ചു. സഊദി അറേബ്യയില്‍ ജി.ഡി.പിയുടെ 5.54 ശതമാനം, അമേരിക്കയില്‍ 3.29 ശതമാനം, റഷ്യയില്‍ 2.78 ശതമാനം, യു.കെയില്‍ 2.3 ശതമാനം, ഇന്ത്യയില്‍ 2.21 ശതമാനം, ചൈനയില്‍ 1.23 ശതമാനം ചെലവുകള്‍ വരുന്നുണ്ട്. നാറ്റോ രാജ്യങ്ങളില്‍ പട്ടാള ചെലവുകളുടെ 50 ശതമാനവും വ്യക്തികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ 2020-22 റിപ്പോര്‍ട്ടില്‍ ലോകത്തെ 46.9 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ സുരക്ഷിതത്വം ലഭിക്കുന്നുള്ളൂ. യൂറോപ്പില്‍ 83.9 ശതമാനം, അമേരിക്കയില്‍ 64.3 ശതമാനം, ഏഷ്യയില്‍ 44 ശതമാനം അറബ് രാജ്യങ്ങളില്‍ 40 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 17.4 ശതമാനം ആളുകള്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സുരക്ഷാ സംവിധാനം ലഭിക്കുന്നുള്ളൂ. സോഷ്യല്‍മീഡിയ വഴിയുള്ള കൃത്രിമത്വം നിറഞ്ഞ പ്രചാരണങ്ങളും അസത്യങ്ങളും ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുകയും അധികാരഭ്രാന്തന്മാരെയും ഏകാധിപതികള്‍ക്കും വളരാനുള്ള സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നു.

2021ല്‍ 53 രാജ്യങ്ങളിലായി 193 ദശലക്ഷം ജനങ്ങള്‍ക്ക് ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. 2020 നേക്കാള്‍ നാല് കോടിയാണ് വര്‍ധിച്ചത്. നാസയുടെ അഭിപ്രായത്തില്‍ 1880 നു ശേഷം ഏറ്റവും ചൂടുള്ള വര്‍ഷം 2020 ആണ് എന്നാണ്. 2021 ജൂലൈ ഏറ്റവും ചൂടുള്ള മാസമായി വിലയിരുത്തപ്പെടുന്നു. ലോകത്തെ 15 രാജ്യങ്ങളില്‍ കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഓരോ മിനിറ്റിലും 20 ഫുട്‌ബോള്‍ ഗ്രൗണ്ട് വിസ്തൃതിയിലുള്ള വനം ലോകത്ത് കുറയുന്നു. 60 ശതമാനം വന്യജീവികള്‍ കുറയുന്നു. പ്രതിവര്‍ഷം 7500 കോടി ടണ്‍ മേല്‍മണ്ണ് നഷ്ടമാകുന്നു. ഓരോ ദിവസവും 200 ഇനം ജീവികള്‍ നശിക്കുന്നു. 1.1 കോടി ടണ്‍ പ്ലാസ്റ്റിക് വര്‍ഷത്തില്‍ കടലില്‍ എത്തുന്നു. ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് പല കാരണങ്ങളാല്‍ പാഴാകുന്നു. ഓരോ വര്‍ഷവും ഒരു കോടി ടണ്‍ വിഷവസ്തുക്കള്‍ പ്രകൃതിയിലെത്തുന്നു.

2021ല്‍ 56 രാജ്യങ്ങളില്‍ നിന്നായി 2052 പേര്‍ക്ക് വധശിക്ഷ വിധിച്ചു. അതില്‍ 579 എണ്ണവും നടപ്പാക്കി ഇറാനില്‍ മാത്രം 314 പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. 2020ല്‍ 1477 പേര്‍ക്ക് വധശിക്ഷ വിധിച്ചെങ്കിലും 489 എണ്ണം മാത്രമാണ് നടപ്പാക്കിയത്.സംഘടിതമായ കൗശല്യങ്ങളാല്‍ അസത്യപ്രചരണങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ 190 ശതമാനം ലോകത്ത് വര്‍ധിച്ചു. സൈബര്‍ സുരക്ഷയ്ക്ക് വലിയ തുകയാണ് ലോകത്തെ വിവിധ രാജ്യങ്ങള്‍ ചെലവിടുന്നത്. ലോകത്തെ 39 ശതമാനം എണ്ണ ഗ്യാസ് ഉത്പാദനവും നടക്കുന്നത് രാഷ്ട്രീയ അസ്ഥിരതയുള്ള സ്ഥലങ്ങളിലോ അല്ലെങ്കില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധമുള്ള സ്ഥലങ്ങളിലോ ആണ്. 2022ല്‍ മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി അണുവായുധങ്ങളില്‍ നിന്നും കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നുമാണെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്. സമാധാനം മനുഷ്യന്‍ ആഗ്രഹിക്കുന്ന പദമാണെങ്കിലും 2022 നവംബര്‍ 15ന് ലോക ജനസംഖ്യ 800 കോടി പൂര്‍ത്തീകരിക്കുമ്പോള്‍ സമാധാനം പുലരേണ്ടത് രാജ്യങ്ങളുടെ കടമയായി മാറിയിരിക്കുന്നു. ലോകത്ത് നടക്കുന്ന ചെറുതും വലുതുമായ യുദ്ധങ്ങളില്‍ ഒരു ട്രില്യന്‍ യു.എസ് ഡോളര്‍ ചെലവ് വരുമ്പോള്‍ ലോകത്ത് ആകെ നടക്കുന്ന സമാധാന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ബില്യണ്‍ യു.എസ് ഡോളര്‍ മാത്രമാണ് ചെലവ് വരുന്നത്.

Related Post

popular front murder case | ‘നാൻ പെറ്റ മകനെ..’ എന്ന അഭിമന്യുവിന്റെ അമ്മ ഭൂപതിയുടെ നിലവിളി; നാഗംകുളങ്ങരയെ ഞെട്ടിച്ച നന്ദു കൊല; പാലക്കാടിന്റെ സമാധാനം കളഞ്ഞ സഞ്ജിത്തിന്റെ വകവരുത്തൽ; കൊടിഞ്ഞിക്ക് ബദലായി ബിബിനും; നിരോധനത്തിൽ ചർച്ചയാകുന്നത് കേരളത്തിലെ ഈ നാല് കൊലകൾ; പോപ്പുലർ ഫ്രണ്ടിന്റെ പഴയ പ്രതികാരം ഇന്നും നടക്കുന്ന ഓർമ്മ
banning not a remedy; says Sitharam Yechuri | നിരോധനം പരിഹാരമല്ല, രാഷ്ട്രീയമായി ഒറ്റപ്പെടുത്തണം: സീതാറാം യെച്ചൂരി
മാന്തവാടി പിഎഫ്‌ഐ ഓഫീസില്‍ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ കടയില്‍ നിന്ന് വടിവാളുകള്‍ പിടിച്ചെടുത്തു; സഹായി ഷാഹുലും അറസ്റ്റില്‍