
ന്യൂഡല്‍ഹി: ലോക്‌സഭയിലും സംസ്‌ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. ബില്‍ നാളെ അവതരിപ്പിക്കുമെന്നാണു സൂചന. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
ചരിത്രമാകുന്ന തീരുമാനം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലുണ്ടാകുമെന്നു നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇന്നലെ ആ വാക്കുകള്‍ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്‌തു. ഇതോടെയാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം കൂടുതല്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചത്.
ഇന്നലെ രാവിലെ മുതല്‍ പ്രധാനമന്ത്രി നിരവധി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്‌ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി, വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. വൈകിട്ട് ആറരയോടെ മന്ത്രിസഭാ യോഗം ചേര്‍ന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല.
നിലവില്‍ 15 ശതമാനമാണു പാര്‍ലമെന്റിലെ വനിതാ സാന്നിധ്യം. ആദ്യമായി അവതരിപ്പിക്കപ്പെട്ടിട്ട് 27 വര്‍ഷത്തിനുശേഷമാണു ബില്‍ വീണ്ടും ലോക്‌സഭയിലെത്തുന്നത്. ബില്‍ പാസാക്കാനുള്ള അവസാന ശ്രമം 2010 ലായിരുന്നു. രാജ്യസഭയാണ് അന്ന് ബില്ലിന് അംഗീകാരം നല്‍കിയത്. ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബഹളത്തില്‍ കലാശിച്ചു. തുടര്‍ന്നു ബില്‍ ലാപ്‌സാകുകയായിരുന്നു. 1996, 1998, 1999, 2008 വര്‍ഷങ്ങളിലും ബില്‍ പാസാക്കാനുള്ള ശ്രമം അക്കാലത്തെ കേന്ദ്ര സര്‍ക്കാരുകള്‍ നടത്തിയതാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ബില്ലിനെ പിന്തുണയ്‌ക്കുമെന്നു വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാല്‍, ബില്ലില്‍ പിന്നാക്കക്കാര്‍ക്കു പ്രത്യേക ക്വാട്ട അനുവദിക്കണമെന്ന ആവശ്യം ചില പാര്‍ട്ടികള്‍ ഉയര്‍ത്തുന്നുണ്ട്.
543 അംഗ ലോക്‌സഭയില്‍ ഇപ്പോള്‍ 78 വനിതാ എം.പിമാരാണ് ഉള്ളത്. രാജ്യസഭയില്‍ 14 ശതമാനമാണു വനിതകള്‍. കേരളം, ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, മണിപ്പുര്‍, മേഘാലയ, ഒഡിഷ, സിക്കിം, തമിഴ്‌നാട്, തെലങ്കാന, ത്രിപുര എന്നി സംസ്‌ഥാന നിയമസഭകളില്‍ 10 ശതമാനത്തില്‍ താഴെയാണു വനിതാ പ്രാതിനിധ്യം.