കോഴിക്കോട്: വൈദ്യുതി നിരക്ക് വര്‍ധനയുള്‍പ്പെടെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ക്ക് മുന്നോടിയായി, കേരള വൈദ്യുതി റഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളില്‍ നിന്ന് തെളിവെടുക്കാന്‍ വിളിച്ച ആദ്യ യോഗംതന്നെ പ്രഹസനമായി.
ഒരുക്കമൊട്ടുമില്ലാതെ നടത്തിയ യോഗത്തില്‍ പൊതുജന സാന്നിധ്യം ഏറെയായതിനാല്‍ വേദി മാറ്റി. പങ്കെടുത്തവര്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടിയില്ല. കമ്മിഷന്‍ ചെയര്‍മാന്‍ ഇടയ്‌ക്ക് അഭിപ്രായക്കാരെ തടസപ്പെടുത്തി. അതോറിറ്റി കെഎസ്ഇബിയുടെ പക്ഷത്താണെന്ന ആക്ഷേപങ്ങളുള്‍പ്പെടെ ഉയര്‍ത്തി പൊതുജനം അക്ഷരാര്‍ത്ഥത്തില്‍ കമ്മിഷനെ ‘ഇരുത്തിപ്പൊരി’ച്ചു. നളന്ദ ടൂറിസ്റ്റ് ഹോമിലായിരുന്നു പരിപാടി. നൂറുപേര്‍ക്കായിരുന്നു കമ്മിഷന്റെ ഒരുക്കങ്ങള്‍. പക്ഷേ, യോഗം തുടങ്ങിയപ്പോള്‍ അറുനൂറിലേറെപ്പേര്‍. മൈക്കില്ല, ഇരിപ്പിടമില്ല. യോഗം മറ്റൊരിടത്തേക്ക് മാറ്റി.
കെഎസ്ഇബി അധികൃതര്‍ നിരക്കുകൂടിയാലേ നഷ്ടം കുറയ്‌ക്കാനാകൂ എന്ന് വാദിച്ചു. ചര്‍ച്ചയില്‍ ബോര്‍ഡിന്റെ ധൂര്‍ത്ത്, അധികച്ചെലവ്, ഉപഭോക്താക്കളെ പിഴിയല്‍, നിരക്ക് നിശ്ചയിക്കുന്ന സ്ലാബ് സംവിധാനം, രണ്ടുമാസത്തെ ബില്ലിങ്, ബില്ലിലെ സുതാര്യതയില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ പലരും ഉയര്‍ത്തി. അതോറിറ്റി ചെയര്‍മാന്‍ ടി.കെ. ജോസ്, അംഗങ്ങളായ അഡ്വ.എ.ജെ. വില്‍സണ്‍, ബി. പ്രദീപ് എന്നിവരായിരുന്നു സിറ്റിങ്ങില്‍. സംഘടനാ പ്രതിനിധികള്‍ക്കാണ് ആദ്യം സംസാരിക്കാന്‍ അനുമതി നല്കിയത്. പൊതു ആവശ്യങ്ങളും പരാതികളും ഉയര്‍ന്നപ്പോള്‍ പങ്കെടുത്തവര്‍ കൈയടിച്ച് പിന്തുണയറിയിച്ചു. ഇതോടെ അധികൃതരുടെ വിമര്‍ശനവും വന്നു. ഇത് ചെറിയ തര്‍ക്കവും സംഘര്‍ഷവുമുണ്ടാക്കി.
പ്രീപെയ്ഡ് മീറ്റര്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയും സഹായങ്ങളുമായി വന്‍ തുകയുടെ പദ്ധതികള്‍ അനുവദിച്ചത് സ്വീകരിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും നിലപാടുകള്‍ക്ക് രൂക്ഷ വിമര്‍ശനമായിരുന്നു യോഗത്തില്‍. വീടുകളിലെ സോളാര്‍ വൈദ്യുതി ഉല്‍പ്പാദന പദ്ധതിയെ കേരളം എതിര്‍ക്കുന്നതിനെ സോളാര്‍ ഉപഭോക്താക്കളുടെ സംഘടനാ പ്രതിനിധി അഡ്വ. മോഹന്‍ദാസ് വിമര്‍ശിച്ചു. കേന്ദ്ര പദ്ധതി സ്വീകരിച്ച് ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ നേട്ടമുണ്ടാക്കുമ്പോള്‍ കേരളം കമ്മിഷന്‍ തട്ടാന്‍ കേന്ദ്ര പദ്ധതികള്‍ തള്ളിക്കളയുന്നുവെന്നും ആരോപണമുയര്‍ന്നു. പലര്‍ക്കും പരാതി പറയാന്‍ അവസരം കിട്ടാഞ്ഞതിനാല്‍ എഴുതിക്കൊടുക്കുകയായിരുന്നു.
റഗുലേറ്ററി അതോറിറ്റി സ്വതന്ത്ര സംവിധാനമാണെന്നും സര്‍ക്കാരിനും ബോര്‍ഡിനും ഉപഭോക്താക്കള്‍ക്കും ഗുണകരമായ തീരുമാനമെടുക്കുകയാണ് ദൗത്യമെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നാല്‍, ബോര്‍ഡിനും സര്‍ക്കാരിനുമൊപ്പം നില്‍ക്കുന്നുവെന്ന തോന്നല്‍ ശരിവയ്‌ക്കുന്നതായിരുന്നു ഇന്നലത്തെ തെളിവെടുപ്പും. പരാതി ഉയര്‍ത്തുന്നവരെ നിരുത്സാഹപ്പെടുത്തുന്ന തടസവും വിശദീകരണവും കമ്മിഷനില്‍ നിന്നുണ്ടായി.
പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മാത്രമാണിപ്പോള്‍ സിറ്റിങ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും വേണമെന്ന് ഉപഭോക്താക്കളുടെ വേദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വടക്കന്‍ കേരളത്തിനു വേണ്ടി നടത്തിയ ഇന്നലത്തെ യോഗത്തില്‍ നൂറു പേരെയേ കമ്മിഷന്‍ പ്രതീക്ഷിച്ചുള്ളുവെന്നു പറയുമ്പോള്‍ ഈ നടപടി പ്രഹസനമാണെന്ന് തെളിയുകയാണ്. അത് കൂടുതല്‍ ശരി വയ്‌ക്കുന്നതായിരുന്നു യോഗനടപടികളും.