• Wed. Nov 30th, 2022

24×7 Live News

Apdin News

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം ഒഴിവാക്കരുത്; സര്‍ക്കാർ ഹൈക്കോടതിയിൽ‍

Byadmin

Nov 23, 2022


കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷിറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. തിരുവനന്തപുരം ജില്ല കേടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രതികള്‍ക്കെതിരായി മനപ്പൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കിയ കീഴ്ക്കോടതി നടപടിയെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരെ 304 എ വകുപ്പ് നിലനില്‍ക്കുമെന്നും അത്തരത്തിലുള്ള അപകടമാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നു. ഇതിനു പുറമേ ജില്ല കോടതി ഉത്തരവിലെ പിശകുകളും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമന്‍ 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒരു മണിക്ക് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കൊലപ്പെടുത്തിയെന്നതായിരുന്നു എഫ്.ഐ.ആര്‍. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചു എന്നതിനു തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. അപകടം നടന്നയുടനേ രക്ത സാമ്പിള്‍ പരിശോധിക്കണമെന്ന നടപടിക്രമം പൊലീസ് പാലിച്ചിരുന്നില്ല. ഇതോടെ ഏറെ വൈകിയെടുത്ത രക്തസാമ്പിളില്‍ മദ്യത്തിന്‍റെ അളവില്ലെന്നായിരുന്നു കെമിക്കല്‍ അനാലിസിസ് ലാബിന്‍റെ റിപ്പോര്‍ട്ട്. തുടർന്നാണ് മനഃപൂര്‍വമായ നരഹത്യ എന്നതില്‍ നിന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യ എന്ന വകുപ്പിലേക്ക് കേസ് മാറിയത്.