• Tue. Jan 31st, 2023

24×7 Live News

Apdin News

സംസ്ഥാനത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഒഴിവാക്കി

Byadmin

Jan 25, 2023


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകുറഞ്ഞുവരുന്ന സാഹചര്യത്തിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കിയതായി മന്ത്രി വീണാ ജോര്‍ജ്. മരണം കൊവിഡ് മൂലമെന്ന് ശക്തമായ സംശയം ഉണ്ടെങ്കിൽ മാത്രം റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് ചെയ്താൽ മതിയാവും.  എന്നാൽ പോസ്റ്റ്മോർട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവർത്തകരും  പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ സുരക്ഷ മുൻകരുതലുകൾ ഉപയോഗിക്കണമെന്നും പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. 

നിർദ്ദേശങ്ങൾ…..

കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തികളുടെ മൃതദേഹം കുളിപ്പിക്കുകയാണെങ്കില്‍ രോഗം പകരാതിരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൈക്കൊള്ളണം. മൃതദേഹം കുളിപ്പിക്കുക, വൃത്തിയാക്കുക, വസ്ത്രം ധരിപ്പിക്കുക, മുടി വൃത്തിയാക്കുക, ഷേവ് ചെയ്യുക, നഖങ്ങള്‍ മുറിയ്ക്കുക തുടങ്ങിയവ ചെയ്യുന്നവര്‍ കയ്യുറ, ഫേസ് ഷീല്‍ഡ്/ കണ്ണട, മെഡിക്കല്‍ മാസ്‌ക് എന്നിവ ധരിക്കണം.  നീളത്തില്‍ കൈയ്യുള്ള വസ്ത്രം ധരിക്കുകയും നടപടി ക്രമങ്ങള്‍ക്ക് ശേഷം ഉടനടി വസ്ത്രം നീക്കം ചെയ്യുകയും സോപ്പുപയോഗിച്ച് കഴുകുകയും ചെയ്യണം.

ഹൃദ്രോഗം, പ്രമേഹം മുതലായ ഗുരുതര രോഗമുള്ളവരും 60 വയസിന് മുകളിലുള്ളവരും കൊവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ മൃതദേഹവുമായി നേരിട്ട് ഇടപെടരുത്. കോവിഡ് വാക്‌സിനേഷന്‍റെ മുഴുവന്‍ ഡോസും എടുത്തവര്‍ മൃതദേഹം കൈകാര്യം ചെയ്യുന്നതാണ് നല്ലത്. മൃതദേഹം സൂക്ഷിച്ച സ്ഥലങ്ങള്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. മൃതദേഹവുമായി ഇടപെടുന്ന എല്ലാവരും സോപ്പ് ഉപയോഗിച്ച് നന്നായി കുളിക്കണം. അവര്‍ 14 ദിവസം പനി, ചുമ, തൊണ്ടവേദന, ക്ഷീണം, വയറിളക്കം എന്നിവയുണ്ടോയെന്ന് സ്വയം നിരീക്ഷിക്കണം. വീട്ടില്‍ വച്ച് മരണം സംഭവിച്ചാല്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ച് അവര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.