
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്ന് ഏകദിനങ്ങളുടെ ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം. മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം 90 റണ്ണിനു ജയിക്കാന്‍ ഇന്ത്യക്കായി.
ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഗംഭീരമായി പൊരുതിയെങ്കിലും 41.2 ഓവറില്‍ 295 റണ്ണിന് ഓള്‍ഔട്ടായി. ഓപ്പണര്‍ ഡെവണ്‍ കോണ്‍വേയുടെ സെഞ്ചുറിക്ക് (100 പന്തില്‍ എട്ട് സിക്സറും 12 ഫോറുമടക്കം 138) തോല്‍വി ഒഴിവാക്കാനായില്ല. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ ഇന്നിങ്സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഫിന് അലന് (0) പുറത്തായിരുന്നു.
ഇന്ത്യ 3-0 ത്തിനു പരമ്പര നേടിയതോടെ ഇംഗ്ലണ്ടിന് ഒന്നാം സ്ഥാനത്തു തിരിച്ചു കയറാന്‍ ദക്ഷിണാഫ്രിക്കയെ അതേ മാര്‍ജിനില്‍ തോല്‍പ്പിക്കണം. 27 നാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുക. കളി ആരംഭിക്കുമ്പോള്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ത്യയും 113 റേറ്റിങ് പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. പരമ്പര തൂത്തുവാരിയതോടെ ഇന്ത്യ മൂന്നില്‍നിന്ന് ഒന്നാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തേക്കു താണു. ഏകദിന പരമ്പര ആരംഭിക്കും മുമ്പ് 115 റേറ്റിങ് പോയിന്റുമായി ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തായിരുന്നു. 111 റേറ്റിങ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.
ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന് ടോം ലാതം ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. പിച്ച് ഫ്ളാറ്റും ചെറിയ ഗ്രൗണ്ടാണെന്നും അറിഞ്ഞിട്ടും രണ്ടാമത് ബൗള്‍ ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം വെല്ലുവിളിയാകുമെന്ന ഭയമാണ് അവരെ ഇന്ത്യയെ ബാറ്റിങിനു വിടാന്‍ പ്രേരിപ്പിച്ചത്. കിട്ടിയ അവസരം വിനിയോഗിച്ച നായകനും ഓപ്പണറുമായ രോഹിത് ശര്‍മയും (85 പന്തില്‍ ആറ് സിക്സറും ഒന്‍പത് ഫോറുമടക്കം 101) ശുഭ്മന്‍ ഗില്ലും (78 പന്തില്‍ അഞ്ച് സിക്സറും 13 ഫോറുമടക്കം 112) ഇന്ത്യക്കു മികച്ച തുടക്കം നല്കി. ഓപ്പണിങ് കൂട്ടുകെട്ട് 26.1 ഓവറില്‍ 212 റണ്ണെടുത്തു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഫിന് അലനെ മടക്കി പാണ്ഡ്യ അവരെ ഞെട്ടിച്ചു. ഹാര്‍ദിക്കിന്റെ ബൗണ്‍സര്‍ പ്രതിരോധിച്ച അലന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് തെറുപ്പിച്ചു. മൂന്നാമനായ ഹെന്റി നിക്കോള്‍സിനെ കൂട്ടിപിടിച്ച് കോണ്‍വെ അടിച്ചുതകര്‍ത്തു. ഇരുവരും രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കോണ്‍വെ ആയിരുന്നു അപകടകാരി. 40 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 42 റണ്ണെടുത്ത നിക്കോള്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. 73 പന്തില്‍നിന്നു സെഞ്ചുറിയടിച്ച കോണ്‍വേ ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. കോണ്‍വെയുടെ വെടിക്കെട്ട് ബാറ്റിങ് ആശങ്കയുളവാക്കി. ഡാരില്‍ മിച്ചലിനെയും (31 പന്തില്‍ 24) പിന്നാലെ വന്ന നായകന് ടോം ലാതത്തെയും (ഒരു പന്തില്‍ 0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശാല്‍ദൂല്‍ ഠാക്കൂര്‍ ഇന്ത്യയെ തിരിച്ചു കൊണ്ടുവന്നു.
ഒരറ്റത്ത് കോണ്‍വെ പിടിച്ചു നിന്നതു മത്സരം ആവേശകരമാക്കി. 32-ാം ഓവറില്‍ അപകടകാരിയായ കോണ്‍വെയെ രോഹിത് ശര്‍മയുടെ കൈയിലെത്തിച്ച് ഉമ്രാന് മാലിക്ക് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷ അസ്താനത്താക്കി. മൈക്കിള്‍ ബ്രേസ്വെല് 22 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 26 റണ്ണുമായി പൊരുതിയെങ്കിലും പിടിച്ചു നില്ക്കാനായില്ല. ബ്രേസ്വെല്ലിനെ കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് സ്റ്റമ്പ് ചെയ്തതോടെ ന്യൂസിലന്‍ഡിന്റെ നേരിയ പ്രതീക്ഷയും അസ്തമിച്ചു. വാലറ്റത്ത് മിച്ചല്‍ സാന്റ്നര്‍ (29 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം 34) നടത്തിയ പോരാട്ടമാണ് ടീം സ്കോര്‍ 300 കടത്തിയത്. സാന്റ്നറിനെയും ജേക്കബ് ഡഫിയെയും (0) പുറത്താക്കി യുസ്വേന്ദ്ര ചാഹാല്‍ തോല്‍വി വേഗത്തിലാക്കി. ലൂകി ഫെര്‍ഗൂസനെ (ഏഴ്) കുല്‍ദീപും പുറത്താക്കി. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവും ശാര്‍ദൂല്‍ ഠാക്കൂറും മൂന്ന് വിക്കറ്റ് വീതമെടുത്തു. യുസ്വേന്ദ്ര ചാഹാല്‍ രണ്ട് വിക്കറ്റും ഉമ്രാന് മാലിക്കും ഹാര്‍ദിക് പാണ്ഡ്യയും ഒരു വിക്കറ്റ് വീതവുമെടുത്തു.
ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരെ കൂടാതെ ഹാര്‍ദിക് പാണ്ഡ്യയും വെടിക്കെട്ടായി. 38 പന്തില്‍ മൂന്ന് സിക്സറും ഫോറുമടക്കം 54 റണ്ണുമായാണു പാണ്ഡ്യ മടങ്ങിയത്. തകര്‍പ്പന്‍ ഫോമില്‍ കളിച്ച രോഹിത്തും ഗില്ലും ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കാതെ ബാറ്റുവീശി. 12-ാം ഓവറില്‍ ഗില്‍ അര്‍ധ സെഞ്ചുറി കുറിച്ചു. 34 പന്തുകളില്‍ നിന്നാണ് താരം 50 നേടിയത്. 13-ാം ഓവറില്‍ ഇന്ത്യ 100 കടന്നു. 14-ാം ഓവറിലെ ആദ്യ പന്തില്‍ സാന്റ്നറെ സിക്സറിന് പറത്തി രോഹിത്തും അര്‍ധ സെഞ്ചുറി നേടി. അര്‍ധ സെഞ്ചുറി കടന്ന ശേഷം ഗില്ലും രോഹിത്തും വേഗം കൂട്ടി. 18 ഓവറില്‍ ടീം സ്കോര്‍ 150 കടന്നു. 24.1 ഓവറില്‍ ഗില്ലും രോഹിത്തും ചേര്‍ന്ന് 200 റണ്‍ കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. ബ്ലയര്‍ ടിക്നറുടെ 26-ാം ഓവറിലെ രണ്ടാം പന്തില്‍ സിംഗിളെടുത്ത് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കി. 83 പന്തുകളില്‍ നിന്നായിരുന്നു സെഞ്ചുറി. അതേ ഓവറിലെ അവസാന പന്തില്‍ ഗില്ലും സെഞ്ചുറി കടന്നു. 72 പന്തുകളില്‍ നിന്നാണ് ഗില്ലിന്റെ സെഞ്ചുറി. ഏകദിന കരിയറിലെ അഞ്ചാം സെഞ്ചുറി കൂടിയാണിത്. തൊട്ടടുത്ത ഓവറില്‍ മൈക്കിള്‍ ബ്രേസ്വെല്ലിനെ സിക്സടിക്കാനുള്ള രോഹിത്തിന്റെ ശ്രമം വിക്കറ്റ് പിഴുതു. ഗില്ലിനൊപ്പം 212 റണ്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണു നായകന് ക്രീസ് വിട്ടത്.
തകര്‍ത്തടിച്ച ഗില്‍ 28-ാം ഓവറിലെ അവസാന പന്തില്‍ പുറത്തായി. ടിക്നറുടെ പന്ത് ഉയര്‍ത്തിയടിച്ച ഗില്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്കി. രോഹിത്തും ഗില്ലും മടങ്ങിയ ശേഷം ക്രീസില്‍ വിരാട് കോഹ്ലിയും ഇഷാന് കിഷനും ഒന്നിച്ചു. അനാവശ്യ റണ്ണിന് ശ്രമിച്ച് ഇഷാന് കിഷന് (24 പന്തില്‍ 17) റണ്‍ ഔട്ടായി. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് കോഹ്ലി ബാറ്റുവീശി. കോഹ്ലിയെ (27 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 36) വീഴ്ത്തി ജേക്കബ് ഡഫി കൂട്ടുകെട്ട് പൊളിച്ചു. സൂര്യകുമാറിനും പിടിച്ചുനില്‍ക്കാനായില്ല. ഒന്‍പത് പന്തില്‍ രണ്ട് സിക്സറടക്കം 14 റണ്ണെടുത്ത താരത്തെ ഡഫി കോണ്‍വേയുടെ കൈയിലെത്തിച്ചു. വിക്കറ്റ് നഷ്ടമില്ലാതെ 212 റണ്ണെന്ന നിലയില്‍നിന്ന് ഇന്ത്യ അഞ്ചിന് 293 എന്ന സ്കോറിലേക്ക് നിലംപൊത്തി. ക്രീസിലൊന്നിച്ച ഹാര്‍ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും (ഒന്‍പത്) ചേര്‍ന്ന് ടീം സ്കോര്‍ 300 കടത്തി. ശാര്‍ദൂല്‍ ഠാക്കൂര്‍ (17 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 25) നന്നായി ബാറ്റുവീശിയതോടെ 47-ാം ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 350 കടന്നു. പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് അവസാന ഓവറുകളില്‍ സ്കോര്‍ ഉയര്‍ത്താന്‍ സഹായകമായത്. 49-ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ചുറി കുറിച്ചു. 36 പന്തുകളില്‍ നിന്നാണു താരം അര്‍ധ ശതകത്തിലെത്തിയത്. അതേ ഓവറിലെ നാലാം പന്തില്‍ പാണ്ഡ്യ പുറത്തായി. ഇന്നിങ്സിലെ അവസാന പന്തില്‍ കുല്‍ദീപ് യാദവ് റണ്‍ ഔട്ടായി (മൂന്ന് ). ന്യൂസിലന്‍ഡ് ബൗളിങ് നിരയിലെ എല്ലാവരും പ്രഹരമേറ്റുവാങ്ങി. ജേക്കബ് ഡഫി 10 ഓവറില്‍ 100 റണ്‍ വഴങ്ങി. ഡഫിക്കു മൂന്ന് വിക്കറ്റെടുക്കാനായി. ബ്ലയര്‍ ടിക്നറും മൂന്ന് വിക്കറ്റെടുത്തു. മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്തിയ ശാര്‍ദൂല്‍ ഠാക്കൂര്‍ മത്സരത്തിലെയും ആകെ 360 റണ്ണെടുത്ത ശുഭ്മന്‍ ഗില്‍ പരമ്പരയിലെ താരവുമായി.