• Tue. Aug 9th, 2022

24×7 Live News

Apdin News

സിപിഐ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം; കരിങ്കൊടിയോടും കറുത്ത മാസ്‌കിനോടും അസഹിഷ്ണുത, എസ്എഫ്‌ഐക്ക് ഫാസിസ്റ്റ് മനോഭാവം

Byadmin

Aug 6, 2022


പത്തനംതിട്ട: സിപിഐ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം. സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. കരിങ്കൊടിയോടും കറുത്ത മാസ്‌കിനോടും പോലും മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം സമരങ്ങള്‍ നടത്തിയിട്ടുള്ള മുഖ്യമന്ത്രി പ്രതിഷേധങ്ങളെ നേരിട്ടത് ജനാധിപത്യ രീതിയിലല്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.  

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങള്‍ മുന്നണിയുടെ മുഖച്ഛായയ്ക്ക് കോട്ടമുണ്ടാക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎമ്മിൻ്റെ ചില നയങ്ങളാണ് സഹകരണ ബാങ്കുകളുടെ തകർച്ചയ്ക്ക് കാരണം.  സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ക്കെതിരെ നിരന്തരം വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സിപിഎം സ്വീകരിക്കുന്ന നയത്തില്‍ മാറ്റം വരുത്തണം. പല സഹകരണ ബാങ്കുകളും സിപിഎം കള്ളവോട്ടിലൂടെ പിടിച്ചെടുക്കുന്നെന്ന് ആരോപണമുണ്ട്. ഇവിടെ ക്രമക്കേടുകള്‍ വര്‍ധിക്കുന്നെന്ന് ആക്ഷേപം ഉയരുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഘടകകക്ഷി എന്ന പരിഗണന പോലും പലയിടത്തും സിപിഎം സിപിഐക്ക് നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ എസ്എഫ്‌ഐയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനമുണ്ട്.  വിദ്യാർഥി സംഘടനയായ എഐഎസ്എഫിനോട് എസ്എഫ്‌ഐക്ക് ഫാസിസ്റ്റ് മനോഭാവമാണ്. പല ക്യാമ്പസുകളിലും എഐഎസ്എഫിനോട് അസഹിഷ്ണുത കാണിക്കുന്നുവെന്നും വിമര്‍ശനം ഉയർന്നു. സംസ്ഥാന കമ്മറ്റി അംഗം മുണ്ടപ്പള്ളി തോമസാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.  

കെ റെയിൽ നടപ്പാക്കാൻ സിപിഎം ഏകാധിപത്യ മനോഭാവത്തോടെ ശ്രമിച്ചെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.