മലപ്പുറം: പി.വി. അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിക്കുന്ന മലപ്പുറം മുന്‍ എസ്പി സുജിത്ത് ദാസിനെതിരെ കൂടുതല്‍ പരാതികളും ആരോപണങ്ങളും ശക്തമാവുന്നു.
എഎസ്‌ഐയുടെ ആത്മഹത്യയില്‍ സുജിത്ത് ദാസിന് പങ്കുണ്ടെന്ന ആരോപണത്തിനൊപ്പം മലപ്പുറം എംഎസ്പി സ്‌കൂളില്‍ അദ്ധ്യാപകരില്‍ നിന്നും പണം വാങ്ങി നിയമനം നടത്തിയെന്ന ആക്ഷേപവും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എടവണ്ണയില്‍ പോലീസുകാരനായ എഎസ്‌ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്പി സുജിത്ത് ദാസിനെതിരെ വെളിപ്പെടുത്തലുമായി സുഹൃത്ത് എടവണ്ണ സ്വദേശി നാസര്‍ രംഗത്തെത്തി. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം പോലീസ് സേനയില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ട് ശ്രീകുമാര്‍ പറഞ്ഞിരുന്നുവെന്ന് നാസര്‍ പറഞ്ഞു. പ്രതികളെ മര്‍ദിക്കാന്‍ ശ്രീകുമാറിനെ സുജിത് ദാസ് നിര്‍ബന്ധിച്ചിരുന്നു. അവധി നല്കാതെയും ബുദ്ധിമുട്ടിച്ചു. ശ്രീകുമാറിന്റെ ഡയറിയില്‍ നിന്ന് പോലീസ് ആത്മഹത്യ കുറിപ്പ് കീറിക്കൊണ്ട് പോയെന്നും നാസര്‍ ചൂണ്ടിക്കാട്ടി.
മലപ്പുറം എംഎസ്പി സ്‌കൂളി സുജിത്ത് ദാസ് എംഎസ്പി കമാന്‍ഡറായിരുന്നപ്പോള്‍ എച്ച്എസ്, എച്ച്എസ്എസ് അദ്ധ്യാപകരെ നിയമിക്കാന്‍ എഴുത്തു പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തി നിയമനം ചെയ്തു. എന്നാല്‍ സുജിത്ത് ദാസ് പണം വാങ്ങിയാണ് നിയമനം നടത്തിയതെന്നാണ് യുവജന സംഘടനകളുടെ ആരോപണം. അദ്ധ്യാപക തസ്തികകള്‍ പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിയാണ് നിയമനമെന്നാണ് ആക്ഷേപം.
മലപ്പുറം ക്യാമ്പ് ഓഫീസില്‍ നിന്നും അനധികൃതമായി മരം മുറിച്ചെന്ന അന്‍വറിന്റെ ആരോപണം ശരിവച്ച് അയല്‍വാസിയുടെ പ്രതികരണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.