സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്‌റഫിനെതിരായ നടപടി ശരിയായില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ”അഭിപ്രായം പറഞ്ഞതിനൊക്കെ നോട്ടീസ് പോലും കൊടുക്കാതെ സസ്പെൻഡ് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഉത്തരേന്ത്യൻ മോഡലായി. ഇത് മോശം പ്രവണതയാണ്. കാരണം, അഭിപ്രായ സ്വാതന്ത്ര്യംപോലും ഇല്ല. ഒരേ പന്തിയിൽ രണ്ട് സമീപനം എന്ന് പറഞ്ഞപോലെയായി. ഇതിന് മുമ്പ് എത്ര അധ്യാപകർ ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടുണ്ടാകും.
അവർക്കൊക്കെയും സസ്പെൻഷൻ എന്ന നടപടി ഇതിന് മുമ്പ് കേരളത്തിൽ പതിവുണ്ടോ. ഇത് പക്ഷപാതപരമായ നടപടിയായിപ്പോയി”- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള പ്രാർത്ഥനകൾ സ്‌കൂളുകളിൽ നിന്നൊഴിവാക്കാനുള്ള തീരുമാനം ഏകപക്ഷീയമായി എടുക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ”അതിലൊക്കെ ചർച്ച ആവശ്യമുണ്ട്. കേരളത്തിൽ ഇടതുപക്ഷ അഭിപ്രായം മാത്രം നടപ്പിലാക്കാൻ ഒക്കില്ല”- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.