സോഷ്യല്‍ മീഡിയ ഇടപെടല്‍ പോലീസുകാര്‍ക്ക് ഡി.ജി.പിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: ഹണി ട്രാപ്പ് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ക്കിടെ സാമൂഹികമാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ഡി.ജി.പി അനില്‍ കാന്തിന്റെ സര്‍ക്കുലര്‍. ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനോ, പ്രചരിപ്പിക്കാനോ പാടില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നെയ്യാറ്റിന്‍കര കോടതിയിലെ മജിസ്‌ട്രേട്ടും പാറശാല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പൊലീസുകാരനോട് മോശമായി സംസാരിച്ച മജിസ്‌ട്രേറ്റിനെ വിവാദത്തെ തുടര്‍ന്ന് തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനാണ് ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഡി.ജി.പിയുടെ പുതിയ സര്‍ക്കുലര്‍ എത്തിയത്. സര്‍ക്കുലര്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കുന്നു.