
പത്തനംതിട്ട: ദേവസ്വം വിജിലന്‍സ് അന്വേഷണം ആധാരമാക്കിയുള്ള ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ നിന്നു പ്രധാന വ്യക്തികളെ ഒഴിവാക്കി. ഏതു സമ്മര്‍ദത്തിലാണ് ഉന്നതര്‍ ഒഴിവാക്കപ്പെട്ടതെന്ന ചോദ്യത്തിന് തൃപ്തികരമായ വിശദീകരണമില്ല. കേസ് അന്വേഷിക്കുന്നത് ഹൈക്കോടതി നിയമിച്ച പ്രത്യേക സംഘം (എസ്‌ഐടി) ആയതിനാല്‍ അല്‍പ്പം വൈകിയാലും ഉന്നതര്‍ പ്രതിപ്പട്ടികയില്‍ വന്നേക്കാമെന്നാണ് പ്രതീക്ഷ. വിജിലന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ എന്നത് ശ്രദ്ധേയമാണ്. ഇത് ഹൈക്കോടതി പരിഗണനയിലുമെത്തിയില്ല. വിജിലന്‍സിനും ക്രൈംബ്രാഞ്ചിനും മേലേ സര്‍ക്കാര്‍ സമ്മര്‍ദമുണ്ടോയെന്ന സംശയം ശക്തമാണ്
ദ്വാരപാലക പാളി മോഷണവുമായി ബന്ധപ്പെട്ട 3700/25-ാം നമ്പര്‍ എഫ്‌ഐ ആറില്‍ ദേവസ്വം ഉന്നതരെ എന്തുകൊണ്ട് ഒഴിവാക്കിയെന്നതാണ് പ്രധാന ചോദ്യം. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും രണ്ടാം പ്രതി മുരാരി ബാബുവിനെയും മാത്രം കേന്ദ്രീകരിച്ചാണ് കേസില്‍ എസ്‌ഐടി അന്വേഷിച്ചത്. സ്വര്‍ണം പൊതിഞ്ഞ പാളികള്‍ പരിശോധിച്ചു ചെമ്പെന്നു രേഖപ്പെടുത്തിയ ദേവസ്വം ഗോള്‍ഡ്‌സ്മിത്തിനെ എസ്‌ഐടി ചോദ്യം ചെയ്യാത്തത് ക്രൈംബ്രാഞ്ചില്‍ തന്നെ സംസാരമാണ്.
കട്ടിളപ്പാളിക്കൊള്ള സംബന്ധിച്ച 3701/25-ാം നമ്പര്‍ എഫ്‌ഐആറില്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ എന്‍. വാസു, മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ അടക്കമുള്ളവരാണ് പ്രതിസ്ഥാനത്ത്. പ്രതിപ്പട്ടികയില്‍ ഇവര്‍ എട്ടാം സ്ഥാനത്താണ്. ഇവര്‍ നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കാളികളല്ലെന്ന മുന്‍വിധിയിലായിരുന്നു ദേവസ്വം വിജിലന്‍സ് അന്വേഷണമെന്നതിന് തെളിവാണിത്. ഇവിടെയും കേസില്‍ ഒന്നും രണ്ടും പ്രതികള്‍ പോറ്റിയും മുരാരി ബാബുവുമാണ്. തുടക്കം മുതല്‍ തന്നെ അന്വേഷണം ഇവരിലേക്ക് കേന്ദ്രീകരിക്കാന്‍ ദേവസ്വം വിജിലന്‍സ് വഴിയൊരുക്കിയെന്ന സംശയമാണ് ബലപ്പെടുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മിനു പങ്കുണ്ടൊയെന്ന ചോദ്യവും പ്രസക്തം.
2019ലെ ശബരിമല പുറപ്പെടാ ശാന്തിയെയും ചോദ്യം ചെയ്യാത്തത് വീഴ്ചയാണ്. ഭസ്മവും യോഗദണ്ഡുമണിഞ്ഞ് യോഗനിദ്രയിലായിരുന്ന അയ്യപ്പസ്വാമിയെ ആചാര കര്‍മങ്ങളിലൂടെ ഉണര്‍ത്തിയാണോ വാതില്‍പ്പാളികള്‍ ഇളക്കിയതെന്നത് പരിശോധിക്കേണ്ടത് ദേവസ്വം വിജിലന്‍സാണ്. എസ്‌ഐടിക്ക് ശബരിമലയിലേത് ഗൗരവമുള്ള കവര്‍ച്ചാ കേസ് മാത്രം. വിവിധ ദിവസങ്ങളിലായി പാളികള്‍ ഇളക്കി മാറ്റിയപ്പോള്‍ സന്നിധാനത്തുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതായിരുന്നു. ദേവസ്വം ഗാര്‍ഡുകളും ഇതില്‍പ്പെടും. ദ്വാരപാലക ശില്‍പ പാളികള്‍ പോലീസ് സംരക്ഷണമില്ലാതെ സന്നിധാനത്തു നിന്നു കടത്തിയ കുറ്റത്തില്‍ നിന്ന് ദേവസ്വം ഉന്നതര്‍ക്ക് ഒഴിഞ്ഞുമാറാനാകാത്ത സാഹചര്യത്തില്‍ അവരെ എന്തുകൊണ്ട് 3700/25-ാം നമ്പര്‍ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയില്ലെന്നതും പ്രസക്തമാണ്.