ഹരിത മുൻ നേതൃത്വത്തിനെതിരെ നടക്കുന്നത് ലീഗിലെ പുരുഷ സമൂഹത്തിന്റെ ആൾക്കൂട്ട ആക്രമണം: എഎ റഹിം

ലീഗിന്റെ വിദ്യാര്‍ത്ഥിസംഘടന എംഎസ്എഫിലെ വനിതാ വിഭാഗം ഹരിതയുമായി ബന്ധപ്പെട്ട വിഷയത്തിൽ ലീഗിന്റെ സ്ത്രീ വിരുദ്ധത മറ നീക്കി പുറത്തു വന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. മുസ്ലിം ലീഗ് സ്വീകരിച്ച ഈ സമീപനത്തിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും റഹിം പറഞ്ഞു.

മുസ്ലിം ലീഗിലെ പുരുഷ സമൂഹത്തിന്റെ ആൾക്കൂട്ട ആക്രമണമാണ് ഇപ്പോൾ ഹരിത മുൻ നേതൃത്വത്തിനെതിരെ നടക്കുന്നത്. പുറത്താക്കപ്പെട്ട ഹരിത നേതാക്കളുടെ വാക്കുകൾ കേൾക്കണം. ആസൂത്രിത ആക്രമണമെന്ന് അവർ തന്നെ പറയുകയാണ്. ലീഗിലെ ചിലർ പെൺകുട്ടികളെ ഒറ്റു കൊടുത്തു. സ്ത്രീ വിരുദ്ധതയുടെ ബ്രാൻഡ് അംബാസഡറായി മുസ്ലീം ലീഗ് മാറിയെന്നും റഹിം ആരോപിച്ചു.

നിലവില്‍ ആത്മാഭിമാനമുള്ള ആർക്കും ലീഗിൽ തുടരാൻ കഴിയില്ല. യൂത്ത് ലീഗ് വനിതകൾക്ക് മെമ്പർഷിപ്പ് പോലും കൊടുക്കുന്നില്ല. മുസ്ലിം ലീഗിന്റെ ഒരു ഘടകത്തില്‍ പോലും സ്ത്രീകൾ നേരിട്ട് വരുന്നില്ല. ഭരണഘടനയ്ക്ക് വിരുദ്ധമാണ് സ്ത്രീവിഷയത്തിൽ ലീഗ് നിലപാട്. മുസ്ലിം ലീഗിന്റെ സ്ത്രീ വിരുദ്ധ സമീപനം ഇന്ത്യൻ ഭരണഘടനയെ അല്ല, താലിബാൻ ഭരണഘടനയെ അനുസ്മരിപ്പിക്കുന്നു.

നിലവിലെ പ്രശ്നങ്ങളില്‍ ലീഗ് മറുപടി പറയണം. ഇതുവരെ ചിറ കെട്ടി ലീഗ് തടഞ്ഞു നിർത്തിയ പെൺ ശബ്ദം ഇപ്പോൾ അണ പൊട്ടി പുറത്തു വന്നിരിക്കുന്നു. ഇനി ഒരിക്കലും അത് തടഞ്ഞ് നിർത്താൻ കഴിയില്ല. എന്ത് കൊണ്ട് യൂത്ത് കോൺഗ്രസ് നിശബ്ദത പാലിക്കുന്നു എന്നും എ എ റഹീം ചോദിച്ചു.