• Fri. Sep 27th, 2024

24×7 Live News

Apdin News

അധികാരത്തില്‍ കടിച്ചുതൂങ്ങാതെ ഇടത് മന്ത്രിസഭ രാജിവെച്ച് ജനഹിതം തേടണം: പിഎംഎ സലാം

Byadmin

Sep 26, 2024


ഭരണകക്ഷി എം.എൽ.എ പി.വി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ കടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി രാജിവെച്ച്, ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു.
കുറ്റാരോപിതരെ മാറ്റി നിർത്തി അന്വേഷണം നടത്തണം. ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും വകുപ്പ് മന്ത്രി കാര്യങ്ങളൊന്നും അറിയുന്നില്ല എന്നുമുള്ള ഭരണകക്ഷി എം.എൽ.എയുടെ വെളിപ്പെടുത്തൽ കേരള ചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗൗരവവും പ്രസക്തിയും ഏറെയാണ്. ഇനിയും മുടന്ത് ന്യായങ്ങൾ ഉന്നയിക്കാൻ ശ്രമിക്കാതെ സ്ഥാനമൊഴിയുന്നതാണ് മുഖ്യമന്ത്രിക്ക് അഭികാമ്യം.- പി.എം.എ സലാം പറഞ്ഞു.
സ്വർണ്ണക്കടത്ത് മുതൽ ആഭ്യന്തര വകുപ്പിന്റെ ആർ.എസ്.എസ് ബന്ധം വരെയുള്ള എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രി തന്നെയാണ് യഥാർത്ഥ പ്രതിയെന്ന് മുസ്ലിംലീഗും യു.ഡി.എഫും പലതവണ കേരളീയ പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞതാണ്. അൻവറിന്റെ പ്രതികരണം അതെല്ലാം ശരിവെക്കുകയാണ്. സ്വർണം വിഴുങ്ങുന്ന, നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്ന, കേസുകൾ പെരുക്കി മലപ്പുറത്തെ ക്രിമിനൽ ജില്ലയാക്കാൻ പാടുപെടുന്ന, ആഭ്യന്തര വകുപ്പിനെ ആർ.എസ്.എസ്സിന്റെ ആലയമാക്കുന്ന പോലീസിനെക്കുറിച്ച് യു.ഡി.എഫ് പലപ്പോഴായി മുന്നറിയിപ്പ് നൽകുകയും പ്രക്ഷോഭങ്ങൾ നയിക്കുകയും ചെയ്തതാണ്. പാളയത്തിലെ പടയാളികളിൽ ഒരാൾ തന്നെ അതെല്ലാം വിളിച്ചു പറഞ്ഞിരിക്കുകയാണ്. അൽപമെങ്കിലും നാണവും മാനവുമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. – പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രി കേരളത്തിലെ ജനത്തെ വിഡ്ഢികളാക്കിയിരിക്കുകയാണ്. ആ സ്ഥാനത്തോട് നീതിപുലർത്താൻ ഒരിക്കൽപോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു.

By admin