• Sun. Nov 2nd, 2025

24×7 Live News

Apdin News

അറിവൊളി ചിതറി; സി.എച്ച് പ്രതിഭാ ക്വിസ് സീസണ്‍ 7 ന് സമാപനം – Chandrika Daily

Byadmin

Nov 2, 2025


കോഴിക്കോട് : രാഷ്ട്രീയത്തിലെ പ്രതിഭാധനനും  മലയാളത്തിന്റെ അക്ഷരജ്യോതിസുമായിരുന്ന മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണകള്‍ക്ക് അറിവിലൂടെ വീണ്ടും പുനര്‍ജനി. ചന്ദ്രികയും കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയനും (കെ.എസ്.ടി.യു) സംയുക്തമായി സംഘടിപ്പിച്ച സി.എച്ച് പ്രതിഭാ ക്വിസ് ഗ്രാന്റ് ഫിനാലെ നടക്കാവ് ഗേള്‍സ് സ്‌കൂളില്‍ സമാപിച്ചു. എല്‍.പി വിഭാഗത്തില്‍ കൊല്ലം ജില്ലയിലെ നെട്ടയം ജി.എല്‍.പി.എസിലെ ദേവപ്രയാഗ് എ.ബി ജേതാവായി. യു.പി വിഭാഗത്തില്‍ കണ്ണൂര്‍, തലശ്ശേരി നോര്‍ത്ത് മമ്പുറം യു.പി സ്‌കൂളിലെ അന്‍വിന്‍ സുഷാജ് ടി ജേതാവായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ തൊക്കിലങ്ങാടി കൂത്തുപറമ്പ് എച്ച്.എസ്.എസിലെ ശ്രീലക്ഷ്മി ഇയും എച്ച്.എസ്എസ് വിഭാഗത്തില്‍ കൊല്ലം അഞ്ചല്‍ ജി.എച്ച്.എസ്എസിലെ  വിഘ്‌നേഷ് എസും ജേതാവായി. സ്‌കൂള്‍ തലത്തില്‍ മൂന്ന് ലക്ഷത്തോളം പേര്‍ പങ്കെടുത്ത മത്സരത്തിന് ശേഷം ഉപജില്ലാ, ജില്ല തല മത്സരങ്ങള്‍ക്കും ശേഷമാണ് സംസ്ഥാന തല മത്സരം നടന്നത്.


ജേതാക്കള്‍ക്ക് എം.കെ മുനീര്‍ എം.എല്‍.എ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ അധ്യക്ഷനായി. എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ പി.എം.എ സമീര്‍, കെ.എസ്.ടി.യു പ്രസിഡണ്ട് കെ.എം അബ്ദുല്ല, ജനറല്‍ സെക്രട്ടറി കല്ലൂര്‍ മുഹമ്മദലി, ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ്, അഡ്മിനിസ്‌ട്രേറ്റീപ് ഓഫീസര്‍ കെ.എം സല്‍മാന്‍, സിദ്ദീഖ് പാറക്കോട്, മൈജി ഫ്യൂച്ചര്‍ മാനേജര്‍ ഷനീഫ് ഷാനു, ഡോപ്പ കോച്ചിംഗ് ഡയറക്ടര്‍ ഡോ മുഹമ്മദ് ആസിഫ്, പ്രൊഫിന്‍സ് എഡുക്കേഷന്‍ ഡയറക്ടര്‍ അനൂപ് എന്‍ ഗോപാല്‍, മാര്‍ക്കറ്റ് സൂത്ര ഫൗണ്ടര്‍ സി.ഇ.ഒ അമിത് പ്രേംദാസ്, കെ.എസ്.ടി.യു സീനിയര്‍ വൈസ് പ്രസിഡണ്ട് പി.കെ അസീസ്, അസോസിയേറ്റ് സെക്രട്ടറി പി.കെ.എം ഷഹീദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷറഫുന്നിസ ടീച്ചര്‍ സംസാരിച്ചു. സി.എച്ച് പ്രതിഭാ ക്വിസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മജീദ് കാടേങ്ങല്‍ സ്വാഗതവും ചന്ദ്രിക കോഴിക്കോട് റസിഡന്റ് മാനേജര്‍ മുനീബ് ഹസന്‍ നന്ദിയും പറഞ്ഞു.


രാവിലെ നടന്ന പരിപാടി മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. ചന്ദ്രിക കോഴിക്കോട് റസിഡന്റ് എഡിറ്റര്‍ ലുഖ്്മാന്‍ മമ്പാട് സി.എച്ച് അനുസ്മരണം, ‘കുട്ടികളുടെ സി.എച്ച്’ നിര്‍വഹിച്ചു. മുസ്്‌ലിംലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി  ടി.ടി ഇസ്മായില്‍, ജമാലുദ്ദീന്‍ ടി സംസാരിച്ചു. കെ.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലൂര്‍ മുഹമ്മദലി സ്വാഗതവും ട്രഷറര്‍ സിദ്ദീഖ് പറക്കോട് നന്ദിയും പറഞ്ഞു.

സെറിബ്രല്‍ പാള്‍സിയെ തോല്‍പ്പിച്ച് പ്രതിഭാ ക്വിസില്‍ വീണ്ടും മാറ്റുരച്ച് വിഘ്‌നേഷ് ബ്രഹ്മ

കോഴിക്കോട് : സെറിബ്രല്‍ പാള്‍സിയെ ഇച്ഛാശക്തി കൊണ്ടും അമ്മയുടെയും ബന്ധുക്കളുടെയും കരുതല്‍ കൊണ്ടും തോല്‍പ്പിച്ച് രണ്ടാം തവണയും വിഘ്‌നേഷ് ബ്രഹ്മ സി.എച്ച് പ്രതിഭാ ക്വിസില്‍ മത്സരിക്കാനെത്തി. കൊല്ലം ജില്ലയിലെ മയ്യനാട് വെള്ളമണല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ വിഘ്‌നേഷ് ബ്രഹ്മ യു.പി വിഭാഗത്തിലാണ് മത്സരിച്ചത്. കഴിഞ്ഞ തവണ എല്‍.പി വിഭാഗത്തിലായിരുന്നു മത്സരിച്ചത്. വിഘ്‌നേഷിന്റെ സ്‌കൂളിലെ തന്നെ അധ്യാപികയായ അമ്മ നീതുവിനും മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പമാണ് വിഘ്‌നേഷ് കോഴിക്കോട്ടെത്തിയത്.
വായിക്കാനും എഴുതാനും നടക്കാനുമുള്ള പ്രയാസങ്ങളെയൊക്കെ മറികടന്ന് ക്വിസ് മത്സരങ്ങളില്‍ വിഘ്‌നേഷ് സജീവമായി പങ്കെടുക്കുന്നുണ്ട്. വായിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ യൂട്യൂബില്‍ നിന്നും മറ്റും കേട്ടാണ് വിഘ്‌നേഷ് പഠിക്കുന്നത്. വരികള്‍ ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ മാത്രമെ വിഘ്‌നേഷിന് വായിക്കാനാകൂ..അടുത്ത തവണയും സി.എച്ച് പ്രതിഭാ ക്വിസില്‍  പങ്കെടുത്ത് കൂടുതല്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് വിഘ്‌നേഷ് കോഴിക്കോട് നിന്ന് യാത്ര തിരിച്ചത്.
ചിത്രം….വിഘ്‌നേഷിന് ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു.

അക്ഷര കേരളത്തിന്റെ അറിവുത്സവമായി സി.എച്ച് പ്രതിഭാ ക്വിസ്

കോഴിക്കോട് : സ്‌കൂള്‍ തലത്തില്‍ മൂന്ന് ലക്ഷത്തോളം പേര്‍ പങ്കെടുത്ത് ഉപജില്ലാ – ജില്ലാ മത്സരങ്ങള്‍ക്ക് ശേഷം കോഴിക്കോട്ട് സമാപിച്ച ചന്ദ്രിക – കെ.എസ്.ടി.യു സി.എച്ച് പ്രതിഭാ ക്വിസ് അക്ഷര കേരളത്തിന്റെ അറിവുത്സവമായി. നടക്കാവ് ഗേള്‍സ് സ്‌കൂളില്‍ നടന്ന സംസ്ഥാന മത്സരത്തില്‍ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ 28 പേര്‍ വീതമാണ് പങ്കെടുത്തത്. വാശിയേറിയ മത്സരമാണ് എല്ലാ വിഭാഗത്തിലും നടന്നത്. ഷാനവാസ് എ, അബ്ദുന്നാസര്‍ വി, ജിയാസ് മുഹമ്മദ്, അഹമ്മദ് കുട്ടി കെ എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി.
കൂടുതല്‍ വിപുലമായി സംഘടിപ്പിച്ച ഇത്തവണത്തെ മത്സരത്തില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നും സജീവമായ പങ്കാളിത്തമാണുണ്ടായത്. മൈജി ഫ്യൂച്ചര്‍, ഡോപ്പ കോച്ചിംഗ് സെന്റര്‍, പ്രൊഫിന്‍സ് എഡുക്കേഷന്‍, മാര്‍ക്കറ്റ് സൂത്ര എന്നിവരായിരുന്നു മത്സരത്തിലെ പ്രായോജകര്‍. എല്‍.ഇ.ഡി ടീവികള്‍, ടാബുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയാണ് ജേതാക്കള്‍ക്ക് സമ്മാനങ്ങളായി നല്‍കിയത്. പങ്കെടുത്തവര്‍ക്കെല്ലാം പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.
കെ.എസ്.ടി.യു നേതാക്കളായ എ.പി അബ്ദുല്‍ നാസര്‍, ഫസല്‍ഹഖ്, ഇ.വി.എ ലത്തീഫ്, ബഷീര്‍ മണ്ടോടി, എ.പി അസീസ്, ഇസ്മായില്‍ പൂതനാരി, ടി.കെ.പി റഹൂഫ്, പി.വി ഹുസൈന്‍, പി.ടി ഷറഫുന്നിസ, ഷാഹിന എന്‍.കെ, ടി ഗഫൂര്‍, റിയാസ്, കെ.പി സാജിദ്, റജി ബഷീര്‍, സിദ്ദീഖ് കൂടത്തില്‍, ചന്ദ്രിക മാര്‍ക്കറ്റിംഗ് മാനേജര്‍ നബീല്‍ തങ്ങള്‍, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ജുനൈദ്, ഫാസില്‍ അഹമ്മദ്, സിദ്ദീഖ് മാങ്കാവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചന്ദ്രിക – കെ.എസ്.ടി.യു – സി.എച്ച് പ്രതിഭാ ക്വിസ് സീസണ്‍ 7 ഗ്രാന്റ് ഫിനാലെ ജേതാക്കള്‍.
എല്‍.പി വിഭാഗം
ഒന്നാം സ്ഥാനം : ദേവപ്രയാഗ് എ.ബി(ജി.എല്‍.പി.എസ് നെട്ടയം, കൊല്ലം)
രണ്ടാം സ്ഥാനം ഇഷാന്‍ നിധീഷ് (ജി.എല്‍.പി.എസ് പനപുഴ, മാടായി, കണ്ണൂര്‍.)
മൂന്നാം സ്ഥാനം നിമിഷ ജെ.പി (എ.വി.എസ്.ജി.എല്‍.പി.എസ്, തൃക്കുന്നപുറം, അമ്പലപ്പുഴ, ആലപ്പുഴ)

യു.പി വിഭാഗം ജേതാക്കള്‍ :
ഒന്നാം സ്ഥാനം : അന്‍വിന്‍ സുഷാജ് ടി (മമ്പുറം യു.പി സ്‌കൂള്‍, തലശ്ശേരി നോര്‍ത്ത്, കണ്ണൂര്‍), രണ്ടാം സ്ഥാനം അലന്‍രാജ് കൃഷ്ണ(ഗണപത് എ.യു.പി.ബി.എസ്, രാമനാട്ടുകര, ഫറോക്ക്, കോഴിക്കോട്), മൂന്നാം സ്ഥാനം : മേഗ്ന പ്രദീപ് (ജി.യു.പി.എസ്, കരിവണ്ണൂര്‍, തൊടുപുഴ, ഇടുക്കി).

ഹൈസ്‌കൂള്‍ വിഭാഗം :
ഒന്നാം സ്ഥാനം ശ്രീലക്ഷ്മി ഇ (കൂത്തുപറമ്പ എച്ച്.എസ്.എസ് തൊക്കിലങ്ങാടി, കണ്ണൂര്‍), കാര്‍ത്തിക് കെ.പി (ഇമ്മാനുവല്‍ എച്ച്.എസ്.എസ് കൊത്തനെല്ലൂര്‍, കുറുവിലങ്ങാട്, കോട്ടയം).
മൂന്നാം സ്ഥാനം : അഭിരാജ് എം, (ജി.വി.എച്ച്.എസ്.എസ്, അമ്പലത്തറ, ഹോസ്ദുര്‍ഗ്, കാസര്‍കോഡ്).

എച്ച്.എസ്എസ് വിഭാഗം :
ഒന്നാം സ്ഥാനം : വിഘ്‌നേഷ് എസ് (ജി.എച്ച്.എസ്എസ് അഞ്ചല്‍ വെസ്റ്റ്, കൊല്ലം), രണ്ടാം സ്ഥാനം നവനീത് കൃഷ്ണ യു.എസ്(എന്‍.എസ്.എസ്, എച്ച്.എസ്.എസ് മടവൂര്‍, കിളിമാനൂര്‍, തിരുവനന്തപുരം). മൂന്നാം സ്ഥാനം ശിവദ എസ് ദര്‍ജിത്ത്(ജി.എച്ച്.എസ്.എസ് ചീമേനി, ചെറുവത്തൂര്‍, കാസര്‍കോട്).

സി.എച്ച്. പ്രതിഭാ ക്വിസ് സ്‌കൂള്‍ തല മത്സരത്തിലേക്ക് 100 ല്‍ കൂടുതല്‍ കുട്ടികളെ രജിസ്റ്റര്‍ ചെയ്ത സ്‌കൂളുകളില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിച്ച സ്‌കൂളുകള്‍ : എല്‍.പി വിഭാഗം – എ.എം.എല്‍.പി.എസ് എടയന്നൂര്‍ നോര്‍ത്ത് (കുറ്റിപ്പുറം ഉപജില്ല). യു.പി വിഭാഗം എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം (മലപ്പുറം ഉപജില്ല), എച്ച്.എസ് വിഭാഗം – ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ (മണ്ണാര്‍ക്കാട് ഉപജില്ല). എച്ച്.എസ്.എസ് വിഭാഗം – ജി.എച്ച്എസ്.എസ് അരീക്കോട് (അരീക്കോട് ഉപജില്ല).

രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളായവര്‍ :
എല്‍. വിഭാഗം : നിവേദ് കൃഷ്ണ (യു.പി.എസ് നടുവത്തൂര്‍, ചേര്‍ത്തല ആലപ്പുഴ), യു.പി വിഭാഗം ഫാത്തിമ ഹന (ജി.യു.പി.എസ് കണിയാമ്പറ്റ, വയനാട്), എച്ച്എസ് വിഭാഗം ആലിയ റഹ്്മ ഒ.എന്‍ (ബത്ത്‌ലഹേം, ദയാറ, ഹൈസ്‌കൂള്‍ ഞാറല്ലൂര്‍, ഏറണാകുളം) എച്ച്.എസ്.എസ് വിഭാഗം ഇംറാന്‍ എസ് (ലജ്‌നത്തുല്‍ മുഹമ്മദിയ്യ എച്ച്.എസ്എസ് ആലപ്പുഴ)



By admin