• Mon. Jul 21st, 2025

24×7 Live News

Apdin News

ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Byadmin

Jul 20, 2025


തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംഭവം അത്യന്തം വേദനാജനകമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ വിതുര ആശുപത്രിയില്‍ വച്ച് രോഗിയുമായ പോയ വാഹനം തടഞ്ഞെന്നാണ് ആരോപണം. തിരുവനന്തപുരം വിതുര മണലി സ്വദേശി ബിനു ആണ് മരിച്ചത്. കുറച്ചു നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്നാണ് രോഗി മരിച്ചത് എന്നായിരുന്നു കുടുംബത്തിന്റെ പരാതി.

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിലായ ബിനുവിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ബിനുവുമായി മെഡിക്കല്‍ കോളജിലേക്ക് പുറപ്പെടുന്നതിനിടെയാണ് ആംബുലന്‍സ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തടഞ്ഞതെന്നാണ് ബന്ധുക്കളുടെ ആരോപണം.

By admin