തിരുവനന്തപുരം: അടിയന്തരാവസ്ഥയെ വിമർശിച്ച നിലപാടിൽ പ്രതികരണവുമായി ലോക്സഭാ എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. താൻ സംസാരിച്ചത് എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണെന്ന് പറഞ്ഞ തരൂർ ദേശീയ സുരക്ഷയുടെ കാര്യത്തിൽ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരുമെന്നും വ്യക്തമാക്കി. അടിയന്തരാവസ്ഥയെ കുറിച്ചും മനുസ്മൃതിയെ കുറിച്ചും അംബേദ്കറെ കുറിച്ചും ഞാൻ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അത് വായിക്കൂ എന്നും തരൂർ പ്രതികരിച്ചു.
താൻ ചെയ്തത് രാജ്യത്തിന് വേണ്ടിയുള്ള ശരിയായ കാര്യമാണ്. ഇത് സ്വന്തം പാർട്ടിയോടുള്ള വിധേയത്വം ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാമെന്നും തരൂർ പറഞ്ഞു. തനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനം. മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം. പലരും തന്നെ വിമർശിക്കുന്നുണ്ടെന്നും തരൂർ പറഞ്ഞു. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് കൊണ്ട് തരൂർ നേരത്തെ രംഗത്തെത്തിയിരുന്നു. 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂർ കുറ്റപ്പെടുത്തിയിരുന്നു. ‘പ്രൊജക്റ്റ് സിൻഡിക്കേറ്റ്’ എന്ന പ്രസിദ്ധീകരണത്തിലെഴുതിയ കുറിപ്പിലായിരുന്നു തരൂരിന്റെ വിമർശനം.
അതേസമയം സഞ്ജയ് ഗാന്ധിയെയും തരൂർ വിമർശിച്ചിരുന്നു. സഞ്ജയ് ഗാന്ധി ജനങ്ങളെ നിർബന്ധിത വന്ധ്യംകരണം നടത്തി. കൂടാതെ വീടുകളും മറ്റും തകർത്ത് ആയിരക്കണക്കിന് മനുഷ്യരെ പെരുവഴിയിലാക്കിയെന്നും തരൂർ പറയുന്നു. അടിയന്തരാവസ്ഥ ജനങ്ങളോട് ഒരു ഭരണകൂടം എങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയെന്ന് കാണിച്ചുതരുന്നുവെന്നും തരൂർ കുറിച്ചിരുന്നു. തുടർന്ന് ഇന്നത്തെ ഇന്ത്യ അഭിവൃദ്ധിപ്പെട്ടുവെന്നും നമ്മൾ ജനാധിപത്യം കൂടുതൽ ശക്തിപ്പെട്ടുവെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു.