
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പല പോളിംഗ് ബൂത്തുകൾക്ക് മുന്നിലും വളരെ നേരത്തേ തന്നെ ജനങ്ങൾ വോട്ടിടാനെത്തി. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. 579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പു നടക്കുന്നത്.
ആകെ 36,630 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്.