• Fri. Sep 27th, 2024

24×7 Live News

Apdin News

ആരോഗ്യമന്ത്രി വീണ ജോര്‍ജ് – Chandrika Daily

Byadmin

Sep 27, 2024


സംസ്ഥാനത്ത് കൂടുതല്‍ എംപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എല്ലാ ജില്ലകളിലും കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗലക്ഷണം ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് യുഎഇയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എംപോക്‌സ് കേസാണിത്. ഇത് എംപോക്‌സിന്റെ പുതിയ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വകഭേദമാണിതെന്നും റിപ്പോര്‍ട്ടുണ്ട്.

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ എംപോക്‌സ് രോഗപ്പകര്‍ച്ചക്കുള്ള സാധ്യത കൂടുതലാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എം പോക്‌സിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാം. മുഖത്തും, കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം.

അസുഖബാധിതരായി സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാതെ സംമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണ് എംപോക്സ് ഉണ്ടാകുന്നത്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ രോഗികളെയോ അവരുടെ വസ്തുക്കളെയോ സ്പര്‍ശിച്ച ശേഷം കൈകള്‍ സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 



By admin