• Sun. Jul 20th, 2025

24×7 Live News

Apdin News

ആർടിഓഫീസുകളിൽ ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ കൈക്കൂലി; 21 ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തത് ഏഴുലക്ഷത്തിലധികം രൂപ

Byadmin

Jul 20, 2025



തിരുവനന്തപുരം: സംസ്ഥാനത്തെ ആർടിഒ (Regional Transport Office) ഓഫീസുകളിൽ ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ കൈക്കൂലി ഇടപാട്. 21 ഉദ്യോഗസ്ഥരുടെ അനധികൃത ഇടപാടുകൾ വിജിലൻസ് സംഘം കണ്ടെത്തി. ഏജന്‍റുമാരിൽ നിന്നാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം.

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശ പ്രകാരം നടത്തിയ മിന്നൽ പരിശോധനയിലാണ് ഉദ്യോഗസ്ഥർ കുടുങ്ങിയത്. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 81 ഓഫീസുകളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഞായറാഴ്ച പുലർച്ചെ വരെ റെയ്ഡ് തുടർന്നു. ഏഴുലക്ഷത്തിലധികം രൂപയാണ് ഗൂഗിൾ പേ വഴി അധികൃതർ കൈക്കൂലി വാങ്ങിയത്. ഇതിൽ ഏജന്‍റുമാരിൽ നിന്നും ഒരു ലക്ഷത്തിലധികം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തിൽ വിജിലൻസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനും വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കും ഏജന്റുമാർ മുഖേന വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ പരിശോധന നടത്തിയത്.

ഡ്രൈവിംഗ് ടെസ്റ്റുകൾ പാസാക്കുന്നതിനും മറ്റ് സേവനങ്ങൾക്കുമായി അപേക്ഷകരിൽ നിന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഏജന്റുമാരും പണം വാങ്ങി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഈ രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. പല ഓഫീസുകളിലും ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ ബന്ധം നിലനിന്നിരുന്നതായും പരിശോധനയിൽ വ്യക്തമായി.

By admin