• Sun. Dec 7th, 2025

24×7 Live News

Apdin News

ഇഡിയും മുഖ്യമന്ത്രിയും

Byadmin

Dec 7, 2025



1999 ലെ വിദേശ നാണയ വിനിമയ നിയമത്തിന്റെയും 2002ലെ കള്ളപ്പണ നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട കേന്ദ്ര അന്വേഷണ ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 1999 ല്‍ കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട അടിസ്ഥാന മേഖലാ വികസനത്തിന് വേണ്ടിയുള്ള സംസ്ഥാന ബോര്‍ഡാണ് കിഫ്ബി. കിഫ്ബി കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ബോഡി കോര്‍പ്പറേറ്റ് അല്ല. 2016 ല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിയമ ഭേദഗതി ചെയ്ത്, കൂടുതല്‍ ഫണ്ട് സ്വരൂപിക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി നിയമവിരുദ്ധമായി മസാല ബോണ്ട് ഇറക്കി കാനഡയിലെ ലാവലിനുമായി ബന്ധമുള്ള ധനകാര്യ കമ്പനിയില്‍ നിന്ന് 2150 കോടി ഉയര്‍ന്ന പലിശയ്‌ക്ക് വാങ്ങിയത് സംബന്ധിച്ച് 2019 ലെ സിഎജി ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ ഡി, ആദായനികുതി വകുപ്പ് എന്നിവ അന്വേഷണം നടത്തി .

അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടികള്‍ സ്വീകരിച്ച ഇ ഡിക്ക് എതിരെ അന്നത്തെ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മസാല ബോണ്ട് ഇറക്കിയതിലെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഓഡിറ്റര്‍ രഞ്ജിത് കാര്‍ത്തികേയന്‍ നല്‍കിയ ഹര്‍ജിയും കോടതിയിലുണ്ട്. 2024 ല്‍ പലിശയടക്കം 3195 കോടി തിരിച്ചടച്ചു. ഇത് സംബന്ധിച്ച് ഇ ഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്ജ്യൂഡിക്കേഷന്‍ ( ന്യായവിധി ) സ്‌പെഷ്യല്‍ ഡയറക്ടര്‍ രജനീഷ് ദേവ് ബര്‍മെന്‍ കേരള മുഖ്യമന്ത്രിക്കും മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി സിഇഒ കെ.എം എബ്രഹാമിനും 2025 നവംബര്‍ 12 ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നിയമ ലംഘനവും റിസര്‍വ് ബാങ്കിന്റെ മാസ്റ്റര്‍ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. മസാല ബോണ്ടില്‍ നിന്നു ലഭിച്ച 467 കോടി രൂപ ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു എന്നതാണ് ഇ ഡിയുടെ കണ്ടെത്തല്‍. 2025 നവംബര്‍ 10 നാണ് കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 2019 മുതല്‍ ഇ ഡിയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളും നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നോട്ടീസ്. ഇതിന് തദ്ദേശ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല.

വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ പണം കടമായി വാങ്ങിയത് ഭരണഘടനാ അനുച്ഛേദം 293(3) ന്റെ ലംഘനമാണെന്ന് ഭരണഘടനാ സ്ഥാപനമായ സിഎജി കണ്ടെത്തി. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വിദേശനാണയ വിനിമയ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമുണ്ടെന്ന് ഇ.ഡി.യുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. വിദേശത്തുനിന്നും മസാല ബോണ്ട് നല്‍കി കിഫ്ബിയ്‌ക്ക് പണം കടം വാങ്ങാന്‍ റിസര്‍വ് ബാങ്ക്, ആക്‌സിസ് ബാങ്കിന് നല്‍കിയ എന്‍ഒസി ചോദ്യം ചെയ്യപ്പെടാവുന്നതും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് സിഎജി കണ്ടെത്തി. 15 -ാം ധനകാര്യ കമ്മിഷന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കിഫ്ബിയുടെ നിയമലംഘനങ്ങള്‍ തടയേണ്ടതാണെന്നും ഇത് മറ്റ് സംസ്ഥാനങ്ങള്‍ ആവര്‍ത്തിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അപകടത്തിലാകുമെന്നും മുന്നറിയിപ്പ് നല്‍കി. ബജറ്റിന് പുറത്ത് കേന്ദ്ര അനുമതിയില്ലാതെ വിദേശത്തുനിന്നും പണം കടമെടുക്കുന്നത് അനുവദിക്കാനാവില്ല. ഈ സാഹചര്യത്തില്‍ കിഫ്ബിയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഇ ഡിയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളും ബാധ്യസ്ഥരാണ്.

നിയമസഭ പാസാക്കിയ, നിയമം മൂലം നിലവില്‍ വന്ന കിന്‍ഫ്രയുടെ ഉദ്ദേശ്യലക്ഷ്യവും കിഫ്ബിയുടേത് തന്നെയാണ്. കേരളാ വാട്ടര്‍ അതോറിറ്റി, ഖാദി ബോര്‍ഡ്, ഹൗസിങ് ബോര്‍ഡ് എന്നിവപോലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനും അടിസ്ഥാന വികസനത്തിനായി രാജ്യത്തിനകത്തു നിന്നു പണം കണ്ടെത്തുന്നതിന് കിഫ്ബിയ്‌ക്ക് നിയമ തടസമില്ല. എന്നാല്‍ വിദേശത്തുനിന്ന് പണം കടമായി വാങ്ങണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും മുന്‍കൂട്ടിയുള്ള അനുമതി വേണം. മസാല ബോണ്ടിന്റെ കാര്യത്തില്‍ അത് വാങ്ങിയില്ല എന്നുള്ളതാണ് സിഎജിയുടെ കണ്ടെത്തല്‍. 2019 മെയ് 17 ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ലിസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ നടപടി നിയമ ലംഘനമാണ്. സിംഗപ്പൂര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും നിയമ വിരുദ്ധമായി ലിസ്റ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും പണം കടം വാങ്ങുന്നത് ഭരണഘടനാ ലംഘനവും ഫെമാ നിയമ ലംഘനവുമാണ്. അതുകൊണ്ട് തന്നെ രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും സിഎജി കണ്ടെത്തി. ഇത് സംബന്ധിച്ചു വേണ്ടത്ര കരുതലുകള്‍ എടുക്കാതെ ആക്‌സിസ് ബാങ്കിന് എന്‍ഒസി നല്‍കിയ റിസര്‍വ് ബാങ്കിന്റെ നടപടിയും ചോദ്യം ചെയ്യപ്പെടും. പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമം മൂലം കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന വികസന ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ധനകാര്യ സ്ഥാപനങ്ങള്‍, എന്‍ടിപിസി, നാഷണല്‍ ഹൈവേ അതോറിറ്റി എന്നിവ കിഫ്ബിയുടെ മാതൃകയിലുള്ളതാണെന്ന് പറയുന്നത് തെറ്റാണ്. പാര്‍ലമെന്റും നിയമസഭയും ഒരുപോലെയാണെന്ന് പറയുന്നതിന് തുല്യമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും പണം കടം വാങ്ങുന്നതിനുള്ള ഒരു സ്ഥാപനത്തിനായി നിയമ നിര്‍മാണം നടത്താന്‍ കേരളാ നിയമസഭയ്‌ക്കും സര്‍ക്കാരിനും അധികാരമില്ല.

ഈ നിയമ ലംഘനത്തിന് രേഖാമൂലം പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും വിചാരണ നേരിടേണ്ടി വരും. ഇത്തരം വിചാരണകളില്‍ ആരെല്ലാം കുറ്റവിമുക്തരാക്കപ്പെടും, ആരെല്ലാം ശിക്ഷിക്കപ്പെടും എന്ന് തീരുമാനിക്കാനുള്ള അധികാരം സുപ്രീം കോടതിക്ക് മാത്രമാണുള്ളത്. കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിയും മുന്‍ ധനമന്ത്രിയും കുറ്റവിമുക്തരാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

90,000 കോടിയുടെ പദ്ധതികള്‍ അംഗീകരിച്ചു എന്ന് പറയുന്ന കിഫ്ബി നാളിതുവരെ ചിലവഴിച്ചത് 37,388 കോടിയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ചിലവിന്റെ കണക്കാണിത് . വര്‍ഷം തോറും ശരാശരി ചിലവാക്കിയത് 3700 കോടി മാത്രമാണ്. കേരള സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റ് 1,70,000 കോടിയുടേതാണ്. അതിനാല്‍ കിഫ്ബി ഒരു പൊള്ളയായ വാഗ്ദാനം മാത്രമാണ്. കിഫ്ബി മേധാവി ഡോ.കെ.എം. എബ്രഹാം ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല.

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേരളാ പോലീസിനെക്കൊണ്ട് കേസെടുപ്പിക്കും എന്ന് പറഞ്ഞത് മുന്‍ ധനമന്ത്രി തോമസ് ഐസക് ആണ്. കിഫ്ബിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് ശുദ്ധ തെമ്മാടിത്തം എന്നാണ് ഐസക് പറഞ്ഞത്. അന്നത്തെ ധനമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. നിയമം മൂലം രൂപീകരിക്കപ്പെട്ട രാജ്യസുരക്ഷയ്‌ക്കും സാമ്പത്തിക ഭദ്രതയ്‌ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതും രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. അതിനാല്‍ ഇ ഡിയ്‌ക്കെതിരെ കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം നിയമപരമായി നിലനില്‍ക്കുന്നതല്ല. സര്‍ക്കാരിന്റെ ഈ നീക്കം രാജ്യദ്രോഹപരവും സത്യപ്രതിജ്ഞാലംഘനവുമാണ്.

By admin